20 November Tuesday

ഹർത്താലിലും സജീവമായി സർക്കാർ വിഭാഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

ഹർത്താലിൽ ആളൊഴിഞ്ഞ എറണാകുളം ബ്രോഡ്‌വേ


കൊച്ചി
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഫീസുകൾ ഹർത്താൽ ദിനത്തിലും സജീവമായി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാർ രംഗത്തുണ്ടായിരുന്നു.  ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമായിരുന്നു.  ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കവും നടന്നു. അടിയന്തര ധനസഹായം 10,000 രൂപയുടെ വിതരണം ഉടൻ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് നടക്കുന്നത്. ജില്ലയിൽ ധനസഹായത്തിന് അർഹരായവരിൽ 89 ശതമാനം പേർക്കും തുക ലഭിച്ചു. ഹർത്താൽ ദിനത്തിലും ഇതിന‌് മുടക്കം വരുത്തിയില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിനുള്ള ഒരുക്കങ്ങൾ തടസ്സമില്ലാതെ നടന്നു.  ക്രമീകരണങ്ങൾ എല്ലാ താലൂക്കുകളിലും പൂർത്തിയായി. ചൊവ്വാഴ‌്ച  മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ധനസമാഹരണ യജ്ഞം നടക്കും. പ്രളയത്തിൽ തകർന്ന വീടുകളുടെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നെടുമ്പാശേരിയിൽ ആരംഭിച്ചു. കുടിവെള്ളത്തിന്റെ സാമ്പിൾ ശേഖരണം തിങ്കളാഴ‌്ചയോടെ പൂർത്തിയായി. കാലടിയിൽ 2400 കിണറുകളിൽ നിന്നും പറവൂരിൽ 600 കിണറുകളിൽ നിന്നും സാമ്പിൾ ശേഖരിച്ചു. തിങ്കളാഴ‌്ച 30 ലോഡ് അജൈവ മാലിന്യങ്ങളാണ് വിവിധ പഞ്ചായത്തുകളിൽനിന്ന‌്  ജില്ലാമാലിന്യ ശേഖരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. വടക്കേക്കര, ചേരാനല്ലൂർ, ആലങ്ങാട് എന്നീ പഞ്ചായത്തുകളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ജില്ലയിൽ രണ്ടാഴ്ചയായി തുടരുന്ന ശുചീകരണ പ്രവർത്തനങ്ങൾ 60 ശതമാനം പൂർത്തിയായി. വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാറായി. വീടുകളിൽ നിന്നും നീക്കംചെയ്ത അജൈവമാലിന്യങ്ങളാണ് ജില്ലാതലത്തിൽ ശേഖരിക്കുന്നത്. ക്ലീൻ കേരള, ജി ജെ നേച്ചർ കെയർ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണം പുരോഗമിക്കുന്നത്. ജില്ലയിൽ അവശേഷിക്കുന്ന  11 ക്യാമ്പുകളുടെ പ്രവർത്തനങ്ങളും സുഗമമായി നടന്നു. ക്യാമ്പിൽ 102 കുടുംബങ്ങളിലെ 275 പേരാണുള്ളത്. പറവൂരിൽ ഏഴും കണയന്നൂരിൽ മൂന്നും ആലുവയിൽ ഒരു ക്യാമ്പുമാണ് പ്രവർത്തിക്കുന്നത്.


പ്രധാന വാർത്തകൾ
Top