21 September Friday

വയനാട്ടിൽ രണ്ടുപേർക്ക‌് സൂര്യാഘാതം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018


കൽപ്പറ്റ
പ്രളയത്തിന് ശേഷം പ്രകടമായ  കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്ന വയനാട്ടിൽ രണ്ടുപേർക്ക് സൂര്യാഘാതമേറ്റു.  കോട്ടത്തറ വെണ്ണിയോട് മൈലാടിയിലെ കമ്പനാട് ഇസ്മയിൽ (35), പനമരം നടവയൽ സ്വദേശി ബിജു(39) എന്നിവർക്കാണ് പൊള്ളലേറ്റത‌്. ഇരുവരുടെയും പുറത്താണ് പൊള്ളൽ.

തിങ്കളാഴ്ച പകൽ ഒന്നിന് മൈലാടിയിൽ വോളിബോൾ കോർട്ട് നന്നാക്കുന്നതിനിടയിലാണ് ഇസ്മയിലിന് പുറത്ത് ഇരുവശത്തും പൊള്ളലേറ്റത്.  ശരീരത്തിൽ കുമിളകൾ പൊങ്ങിയ ഇസ്മയിലിനെ ഉടൻ  സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്വന്തം വീടിന്റെ നിർമാണ പ്രവർത്തികൾ ചെയ്യുന്നതിനിടയിലാണ് നടവയൽ പുഞ്ചക്കുന്ന് കണ്ടോത്ത്  ബിജുവിന് പൊള്ളലേറ്റത്. പകൽ ഒന്നരയോടെ കഴുത്തിന് പുറകിലും പുറത്തും പൊള്ളലേൽക്കുകയായിരുന്നു. കുമിളകൾ പൊട്ടി ഒലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ കേണിച്ചിറയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ലയിൽ ഇപ്പോൾ മാർച്ച‌് മാസത്തിന‌് സമാനമായാണ‌് ചൂട‌്. ഞായറാഴ്ചയും തിങ്കളാഴ്ചയും 30 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നു.   ജില്ല വരൾച്ചയിലേക്കെന്ന സൂചന നൽകി പുഴകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്നു. മണ്ണിരകൾ ചത്തൊടുങ്ങുന്നതും വരൾച്ചയുടെ സൂചനകളാണെന്നാണ് വിലയിരുത്തൽ.

 


പ്രധാന വാർത്തകൾ
Top