21 September Friday

ദുരിതാശ്വാസവുമായി യൂത്ത‌് ബ്രിഗേഡ‌്

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018


വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഡിവൈഎഫ‌്ഐയുടെ ആയിരത്തോളം പ്രവർത്തകർ അടങ്ങുന്ന യൂത്ത‌് ബ്രിഗേഡ‌് രംഗത്ത‌്. ദുരിതാശ്വാസക്യാമ്പിലെ പ്രവർത്തനങ്ങൾക്കും ഭക്ഷണം പാചകം ചെയ്യുന്നതിനും യൂത്ത‌് ബ്രിഗേഡ‌് നേതൃത്വം നൽകി. വെള്ളംകയറിയ വീടുകളിൽനിന്ന‌് ജനങ്ങളെയും കന്നുകാലികളെയും മാറ്റുന്നതിനും  സാധനസാമഗ്രികൾ നീക്കം ചെയ്യുന്നതിനും പ്രവർത്തകർ മുന്നിട്ടിറങ്ങി. പെരിയാറിലെ ജലനിരപ്പിനെപ്പറ്റിയും മുന്നറിയിപ്പുകളെപ്പറ്റിയും വീടുവീടാന്തരം കയറിയിറങ്ങി വിവരങ്ങൾ നൽകി. ആംബുലൻസ‌് സൗകര്യവും ഏർപ്പാടാക്കി.

മാട്ടുപുറം മാഞ്ഞാലി പ്രദേശത്ത‌് വെള്ളം കയറിയ 97  കുടുംബങ്ങളിൽനിന്ന‌്  മുന്നൂറ്റിയെൺപതിലധികം ആളുകളെ മാഞ്ഞാലി സ‌്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക‌് മാറ്റി. ക്യാമ്പിന്റെ മുഴുവൻ ചെലവും മാഞ്ഞാലി സർവീസ‌് സഹകരണ ബാങ്കാണ‌് വഹിക്കുന്നത‌്. എഴുപതോളം ഡിവൈഎഫ‌്ഐ പ്രവർത്തകർ ക്യാമ്പിൽ മുഴുവൻ സമയവുമുണ്ട‌്.   തട്ടാംപടി എൽപിഎസിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ഇരുന്നൂറിലേറെപ്പേരുണ്ട‌്. ഇവിടെ അമ്പതോളം ഡിവൈഎഫ‌്ഐ പ്രവർത്തകർ സഹായത്തിനുണ്ട‌്.

മനയ‌്ക്കപ്പടി എൽപിഎസിലെ ക്യാമ്പിൽ ദുരിതബാധിതരായ 160 ലേറെപ്പേരുണ്ട‌്. ഇവിടെ നാൽപ്പതോളം ഡിവൈഎഫ‌്ഐ പ്രവർത്തകരാണ‌് സഹായത്തിനുള്ളത‌്.   കരിമ്പാടം, വലിയ പഴമ്പിള്ളി തുരുത്ത്,   ചേന്ദമംഗലം , പെരുമ്പാവൂർ, തുരുത്ത‌്, ദേശം, അസീസി അത്താണി, ചെങ്ങമനാട‌്, കുന്നുശേരി, കുന്നുകര, എളന്തിക്കര, എളവൂർ, പുത്തൻവേലിക്കര ചേരാനെല്ലൂർ ഭാഗങ്ങളിലെ എല്ലാ ക്യാമ്പുകളിലും ഡിവൈഎഫ‌്ഐ പ്രവർത്തകർ എത്തി. വെള്ളം ഇറങ്ങിത്തുടങ്ങിയാലുടൻ വീടുകൾ വൃത്തിയാക്കുന്നതിന‌് ആയിരത്തോളം പേരടങ്ങുന്ന യൂത്ത‌് ബ്രിഗേഡ‌് രംഗത്തിറങ്ങുമെന്ന‌്  ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ‌് പ്രിൻസി കുര്യാക്കോസ‌്, സംസ്ഥാന  കമ്മിറ്റിയംഗം എ ഡി സുജിൽ, ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് സക്കറിയ,   ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ അഡ്വ. രശ്മി തോമസ‌്,   അബ്ദുൾ ഷുക്കൂർ,  അനീഷ‌്, സോളമൻ സിജു,  ജില്ലാ കമ്മിറ്റിയംഗം  പി യു ജോമോൻ  എന്നിവരുടെ നേതൃത്വത്തിലാണ‌് യൂത്ത‌് ബ്രിഗേഡ‌് പ്രവർത്തിക്കുന്നത‌്.

പ്രധാന വാർത്തകൾ
Top