23 September Sunday

തയ്യൽത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇനി ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യും: മന്ത്രി ടി പി രാമകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018


തിരുവനന്തപുരം
തയ്യൽത്തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഇനിമുതൽ ബാങ്ക് അക്കൗണ്ടുവഴി വിതരണം ചെയ്യുമെന്ന് തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കേരള തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ബോർഡിലെ ട്രേഡ് യൂണിയനുകൾക്ക് പേമെന്റ് ഗേറ്റ്‌വേ, ബോർഡിൽനിന്നുള്ള സേവനങ്ങൾക്ക് എസ്എംഎസ് സംവിധാനം, ക്യാഷ് അവാർഡ് ലഭിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം, നേത്രപരിശോധനാക്യാമ്പ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. ബോർഡിന്റെ എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടി ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യും. അർഹതയുള്ള എല്ലാവർക്കും പെൻഷൻ വിതരണം ചെയ്യും. അനർഹരെ ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കും. കേരളത്തിലെ തൊഴിലാളികൾക്ക് സർക്കാർ നൽകുന്ന ക്ഷേമനടപടികളെ മറികടക്കാൻ മറ്റ‌് സംസ്ഥാനങ്ങൾക്ക് കഴിയില്ല. തൊഴിലാളികളുടെ സാമൂഹികസുരക്ഷ  ഉറപ്പുവരുത്താനുള്ള കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കും. കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ എല്ലാ വിഭാഗം തൊഴിലാളികളും രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

കേരള തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ ജി രാജമ്മ അധ്യക്ഷയായി. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ നെടുവത്തൂർ സുന്ദരേശൻ, ബാബു ദിവാകരൻ, എസ‌് സതികുമാർ, വി ആർ പ്രതാപൻ, കെ എൻ മോഹനൻ, അഷറഫ‌്, വിഴിഞ്ഞം ജയകുമാർ ബോർഡംഗങ്ങളായ ടി സി അരുൺ, എൻ സി ബാബു, കെ ഭാർഗവൻ, കെ കെ ഹരിക്കുട്ടൻ, ഇ ജി മോഹനൻ, ജി സജീവൻ, എസ‌് സച്ചിത്ത‌്, എം ഡി സെബാസ‌്റ്റ്യൻ, സ‌്മിതാസാം, സുന്ദരൻ കുന്നത്തുള്ളി എന്നിവർ സംസാരിച്ചു.  ബോർഡംഗം കെ മാനുക്കുട്ടൻ സ്വാഗതവും രഞ‌്ജിത‌് പി മനോഹർ നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top