Top
25
Saturday, November 2017
About UsE-Paper

ന്യായമായ താങ്ങുവില അവകാശമാക്കാന്‍ നിയമം വേണം: എസ് ആര്‍ പി

Friday Aug 11, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > കൃഷി ആദായകരമായി മാറ്റുംവിധം ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ താങ്ങുവില കര്‍ഷകരുടെ അവകാശമാക്കി മാറ്റുന്നതിന്  കേന്ദ്രതലത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ തൃശൂരില്‍ സംയുക്ത കര്‍ഷകസമിതിയുടെ സംസ്ഥാനതല സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോജിക്കാവുന്ന മുഴുവന്‍ കര്‍ഷക സംഘടനകളെയും ജനവിഭാഗങ്ങളെയും യോജിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സമരം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയുടെ ചെലവിന് ആനുപാതികമായി താങ്ങുവില ഉറപ്പാക്കാന്‍ ഉല്‍പ്പാദനച്ചെലവു കൂടാതെ അമ്പതു ശതമാനം തുകകൂടി കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. ആസിയാന്‍ കരാര്‍ മാതൃകയില്‍ കര്‍ഷകരെ ദ്രോഹിക്കുന്നതും കോര്‍പറേറ്റുകളെ സഹായിക്കുന്നതുമായ നിരവധി വിദേശകരാറുകള്‍ക്കാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ഷികമേഖലയില്‍ ഉണ്ടാക്കുന്ന കരാറുകളും നിയമങ്ങളും സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ധവളപത്രം ഇറക്കണം.

മോഡി സര്‍ക്കാര്‍ മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷകദ്രോഹ സര്‍ക്കാരാണെന്ന് തെളിയിച്ചുകഴിഞ്ഞു. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല.  കോണ്‍ഗ്രസിനെ ചുരുങ്ങിയ കാലംകൊണ്ട് ബിജെപി കടത്തിവെട്ടി. പാവപ്പെട്ട കര്‍ഷകരുടെ ഭൂമിയും ഉല്‍പ്പന്നങ്ങളും കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരം നല്‍കി. ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുകയും ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയുകയും ചെയ്തതോടെ കൃഷി അനാദായകരമായി. ദുരിതത്തിലായ കര്‍ഷകര്‍ക്ക് മുതല്‍മുടക്കാന്‍ ശേഷിയില്ലാതായി. ഇതു ഗുരുതര കാര്‍ഷിക പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചത്. ഇവിടെ ഉല്‍പ്പന്നങ്ങളുടെ കമ്പോളവില നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. വിവിധ രാജ്യങ്ങളുമായി കൂടുതല്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാനാണ് കേന്ദ്രനീക്കം. 

കള്ളപ്പണക്കാരെ ഒതുക്കാനെന്ന പേരില്‍ മോഡി നോട്ടു നിരോധിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണ്. നിരോധിച്ച എത്രപണം തിരിച്ചുവന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കാത്തതുതന്നെ ഇതിനു തെളിവാണ്. ഏറ്റവും ഒടുവില്‍ ജിഎസ്ടി നടപ്പാക്കിയതും കര്‍ഷകര്‍ക്ക് ദ്രോഹകരമായി.

കന്നുകാലിച്ചന്തകള്‍ നിരോധിച്ചത് സംഘപരിവാറിന്റെ അജന്‍ഡ നടപ്പാക്കാന്‍ മാത്രമല്ല, കോര്‍പേററ്റുകളെ സഹായിക്കാനുമായിരുന്നു. കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് വന്‍തോതില്‍ കന്നുകാലികളെ വളര്‍ത്താനാവുക. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സും നല്‍കുന്നില്ല. കാര്‍ഷിക മേഖലയില്‍ വ്യാപാരത്തിനടക്കം പുതിയ നിയമനിര്‍മാണത്തിനും ശ്രമം നടക്കുന്നു. കര്‍ഷകരെ ദ്രോഹിക്കുന്ന ഈ നടപടികള്‍ക്കെതിരെ രാജ്യത്താകമാനം കര്‍ഷകപ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയാണെന്നും എസ് ആര്‍ പി പറഞ്ഞു.

കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്  ബേബി ജോണ്‍, സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, എം വിജയകുമാര്‍, ഗോപി കോട്ടമുറിക്കല്‍, മുരളി പെരുനെല്ലി എംഎല്‍എ,  കെ വി വസന്തകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.