20 November Tuesday

മഴയിൽ അവധി നൽകിയ എറണാകുളം കലക്‌ടർക്ക്‌ ലൈക്കോട്‌ ലൈക്ക്‌; കമന്റിൽ സിനിമ ഡയലോഗുകൾ മുതൽ വിലപേശൽ വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

കൊച്ചി>കനത്തമഴയെതുടർന്ന്‌ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധിനൽകിയ എറണാകുളം കലക്‌ടർ മുഹമ്മദ്‌ വൈ സഫീറുള്ളക്ക്‌ ഫേസ്‌ബുക്കിൽ   അഭിനന്ദന പ്രവാഹം. പ്രൊഫഷണൽ വിദ്യാലയങ്ങൾക്കടക്കം അവധിയറിയിച്ചുള്ള കലക്‌ടറുടെ പോസ്‌റ്റിന്‌ ലൈക്കടിക്കാൻ ആളുകൾ മൽസരിക്കുകയാണ്‌.  മഴകനത്തതോടെ ഇനിയും അവധിനൽകാൻ ആവശ്യപ്പെട്ട്‌ നിരവധി അപേക്ഷകളും ഉണ്ട്‌.  സിനിമാ ഡയലോഗുകൾ മുതൽ അവധിക്കായുള്ള വിലപേശൽ വരെയുണ്ട്‌. മഴ തുടരുന്നതിനാൽ  ഒരാഴ്‌ചത്തെ അവധിചോദിച്ചവരും കൂട്ടത്തിലുണ്ട്‌.


‘‘ദൈവം കോളേജ്‌ പിള്ളേർക്ക്‌ അവധി കൊടുക്കണമെന്ന്‌ ആഗ്രഹിച്ചു. ദൈവം എറണാകുളം ജില്ലാ കലക്‌ടറുടെ രൂപത്തിൽ അവതരിച്ചു’’

 ‘‘എന്റെ പൊന്നു സാറെ കോതമംഗലത്തു ഒടുക്കത്തെ മഴയാ 5 ദിവസം ആയി തുടങ്ങിയിട്ട് ഇതുവരെ ഒരു കുറവും ഇല്ല, ഒന്നവധി തരണേ’’

‘‘വളരെ നന്നിയുണ്ട്..അടുത്ത ദിവസവും മഴയാണെങ്കിൽ അവധി തരണം ’’

‘‘ഇപ്പോ സ്‌റ്റഡി ലീവ്‌ കിട്ടി ഇരിക്കുന്നവർക്ക്‌ വേറൊരു ദിവസം അവധി തരുവോ’’

‘‘ഞങ്ങളുടെ തൃശൂർ കലക്‌ടറോടും അവധിയനുവദിക്കാൻ ഒന്നു പറയണേ’’

‘‘നന്ദിയുണ്ട്‌ സാറെ നാളെയും ഇതുപോലെയുള്ള പോസ്‌റ്റ്‌ പ്രതിക്ഷിക്കുന്നു.’’

‘‘ഞാൻ പടിത്തവൊക്കെ കഴിഞ്ഞ് വെറുതെ വീട്ടിലിരിക്കുവാ സാറേ എന്നാലും അവധീന്നൊക്കെ കേട്ടാൽ ഒരു സന്തോഷമാണ് സാറേ ... ഒരവധി താ സാറേ’’



‘‘നാളെ അംഗൻവാടിക്കു അവധി കൊടുത്തതിൽ എന്റെയും, അല്ലി പെണ്ണിന്റെയും, ആകാശിന്റെയും ,അശ്വിന്റെയും പിന്നെ അംഗൻവാടിയിലെ എല്ലാ കൂട്ടുകാരുടെയും പേരിൽ ജില്ലാ കലക്ടർക്കുള്ള നന്ദി അറിയിച്ചു കൊള്ളുന്നു..’’

‘‘സാറിന്‌ കാനഡക്ക്‌ വരാൻ പറ്റുമോ .. പറ്റില്ലാലെ എന്ന്‌ വിഷമത്തോടെ ചോദിച്ച്‌ പോസ്‌റ്റിട്ട പ്രവാസികളും ഉണ്ട്‌. ’’

‘‘ഇങ്ങനെയുള്ള കളക്ടർമാരാണ് അടുത്ത തലമുറയുടെ കുട്ടികളെ സിവിൽ സർവിസിനു പ്രോത്സാഹനം തരുന്നത്, മറക്കില്ല സാറേ.മുത്താണ് കളക്ടർ കരളാണ് കളക്ടർ
ചങ്ക്ആണ് കളക്ടർ’’


‘‘സാറെ അടുത്ത ഇലക്ഷന് സർ പെരുമ്പാവൂരിൽ നില്ക്കു ഞങ്ങൾ ജയിപ്പിക്കും’’

‘‘സാർ പരീക്ഷ കൂടി മാറ്റി വെയ് സർ...:കഷ്ടം ഉണ്ട് സാർ... വെള്ളത്തിനു മുകളിൽ തുഴഞ്ഞു തുഴഞ്ഞു നിന്നാണ് ഇത് കമന്റ് ചെയ്യുന്നത് സാർ ’’ എന്നിങ്ങനെ കമൻറുകൾ നിറയുകയാണ്‌.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top