18 September Tuesday

എട്ടുമാസത്തിനുള്ളിൽ പട്ടിയെ പിടിച്ച‌് കുടുംബശ്രീ നേടിയത‌് 3.23 കോടി

വന്ദനകൃഷ‌്ണUpdated: Wednesday Jul 11, 2018

കോഴിക്കോട്‌> ഏഴ‌ുമാസംകൊണ്ട‌് തെരുവുനായകളെ വന്ധ്യംകരിച്ച‌് കുടുംബശ്രീ പ്രവർത്തകർ നേടിയത‌് 3.23 കോടി രൂപ.  സംസ്ഥാനത്താകെയുള്ള 58 കുടുംബശ്രീ എബിസി (ആനിമൽ ബെർത്ത‌് കൺട്രോൾ) യൂണിറ്റ‌ിലൂടെയാണ‌് നേട്ടം സ്വന്തമാക്കിയത‌്. കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബർ മുതൽ ഏപ്രിൽവരെയുള്ള കണക്കാണിത‌്.  ഇതുവരെ 17,823 നായകളെ വന്ധ്യംകരിച്ചു.

തിരുവനന്തപുരത്താണ‌് കൂടുതൽ നായകളെ വന്ധ്യംകരിച്ചത്. ഈയിനത്തിൽ കുടുംബശ്രീ 90,00,000 രൂപ സ്വന്തമാക്കി. ഇവിടെ 11 എബിസി യൂണിറ്റാണുള്ളത‌്. പത്തനംതിട്ടയിൽ അഞ്ച‌് യൂണിറ്റിലൂടെ 75,89,486 രൂപയും എറണാകുളം ജില്ലയിൽ 17 യൂണിറ്റിലൂടെ 88,03,200 രൂപയും നേടി. ഇടുക്കിയിൽ 13 യൂണിറ്റിലൂടെ  8,25,000 രൂപയാണ‌് സ്വന്തമാക്കിയത‌്. കോട്ടയത്ത‌്  അഞ്ച‌് യൂണിറ്റിലൂടെ 61,41,039 രൂപയും നേടി. ഇവിടെ 3559 നായകളെയാണ‌് വന്ധ്യം കരിച്ചത‌്.

ഒമ്പത‌് ജില്ലകളിലാണ‌് യൂണിറ്റ‌് പ്രവർത്തിക്കുന്നത്‌. തിരുവനന്തപുരത്ത‌് മൊബൈൽ യൂണിറ്റും ആരംഭിച്ചു.കോഴിക്കോട‌്, മലപ്പുറം, കണ്ണൂർ, കൊല്ലം, കാസർകോട‌്  ജില്ലകളിൽ ഉടൻ യൂണിറ്റ‌്  ആരംഭിക്കും.

ഈ അഞ്ചു ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പ‌് നേരിട്ടാണ‌്  വന്ധ്യംകരണത്തിന‌് നേതൃത്വം നൽകിയിരുന്നത‌്. അവർ ആവശ്യപ്പെടുകയാണെങ്കിൽ എല്ലാ യൂണിറ്റും ഏറ്റെടുക്കാനും കുടുംബശ്രീ തയ്യാറാണ‌്.

  കുടുംബശ്രീ സംസ്ഥാന മിഷന്റെ കഴിഞ്ഞ കോ﹣ ഓർഡിനേഷൻ യോഗത്തിൽ എല്ലാ ജില്ലകളിലും ഓരോ മൊബൈൽ യൂണിറ്റ‌് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട‌്. ഇതിനായി എംഎൽഎ ഫണ്ടോ എംപി ഫണ്ടോ ഉപയോഗിക്കാം.

കുടുംബശ്രീ അംഗങ്ങളായ അഞ്ചുപേരടങ്ങുന്ന യൂണിറ്റാണ‌്  നായകളെ പിടിക്കാനിറങ്ങുന്നത‌്. പരിശീലനവും നൽകി. ഒരുനായയെ വന്ധ്യംകരിച്ചൽ 2100 രൂപ  ലഭിക്കും. ഇതിൽ 1200 രൂപ ഓരോ യൂണിറ്റിനും ഉ‌ള്ളതാണ‌്. 400 രൂപ ഡോക്ടർക്കും 500 രൂപ നായയുടെ  ഭക്ഷണ ആവശ്യങ്ങൾക്കും മരുന്നിനുമായി ഉപയോഗിക്കും.  മികച്ച നേട്ടം സ്വന്തമാക്കുന്ന  കുടുംബശ്രീയുടെ സൂക്ഷ‌്മ സംരംഭക യൂണിറ്റുകളിലൊന്നാണ‌ിത‌്.
2017 ഒക‌്ടോബറിൽ തുടങ്ങിയ യൂണിറ്റ‌്  ഇൗവർഷം 72 എണ്ണമായി ഉയർത്തുമെന്ന‌് ആനിമൽ ഹസ‌്ബൻഡറി വിഭാഗം സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. കെ ആർ നികേഷ‌് കുമാർ പറഞ്ഞു.

സംസ്ഥാനത്താകെ 100 യൂണിറ്റുകളാണ‌് ലക്ഷ്യമിടുന്നത‌്. മൂന്നരലക്ഷത്തിലധികം തെരുവുനായകളിൽ 70 ശതമാനത്തെയെങ്കിലും  വന്ധ്യംകരിക്കുകയാണ‌് കുടുംബശ്രീയുടെ ലക്ഷ്യം.

പ്രധാന വാർത്തകൾ
Top