21 November Wednesday

ജോയിന്റ്‌ സെക്രട്ടറി തലത്തിൽ സ്വകാര്യമേഖലയിൽ നിന്ന്‌ കരാർ നിയമനം നടത്താനുള്ള കേന്ദ്ര നീക്കം അപകടകരം; ശ്രമം ആർഎസ്‌എസ്‌ വിധേയത്വമുളളവരെ നിയോഗിക്കാൻ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018

തിരുവനന്തപുരം > കേന്ദ്ര സര്‍ക്കാരില്‍ ജോയിന്‍റ് സെക്രട്ടറിതലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുളള നീക്കം അപകടകരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൊഫഷണലുകളെയും പരിചയസമ്പന്നരെയും കേന്ദ്രമന്ത്രാലയങ്ങളിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ്‌ ഈ നീക്കമെന്ന കേന്ദ്ര സർക്കാരിന്റെ ന്യായം ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ആര്‍എസ്എസ്സുകാരെയോ ആര്‍എസ്എസ് ചായ്‌വുളളവരെയോ കേന്ദ്രസര്‍വ്വീസില്‍ താക്കോല്‍ സ്ഥാനത്ത് നിയമിക്കാനുളള നീക്കമാണിത്‐ മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക്‌ പേജിൽ കുറിച്ചു. 

കേന്ദ്രസര്‍വീസില്‍ നിര്‍ണായകവും സീനിയര്‍ മാനേജ്മെന്‍റ് തലത്തിലുളളതുമായ തസ്തികയാണ് ജോയിന്‍റ് സെക്രട്ടറി. നയരൂപീകരണത്തിലും സര്‍ക്കാരിന്‍റെ പരിപാടികള്‍ നടപ്പാക്കുന്നതിലും ജോയിന്‍റ് സെക്രട്ടറിയുടെ പങ്ക് പ്രധാനമാണ്. ഐഎഎസ് ഉള്‍പ്പെടെയുളള കേന്ദ്രസര്‍വീസിലുളളവരെ മാത്രമാണ് ഈ തസ്തികയിലേക്ക് നിയമിക്കുന്നത്. പുതിയ തീരുമാനം നടപ്പായാല്‍ ഐഎഎസ് ഉള്‍പ്പെടെയുളള നമ്മുടെ കേന്ദ്രസര്‍വീസുകള്‍ ഒന്നുമല്ലാതാകും. പൊതുവില്‍ സിവില്‍ സര്‍വീസ് ദുര്‍ബലമാകും. ഉദ്യോഗസ്ഥ സംവിധാനം എന്നും സ്വതന്ത്രവും സ്ഥിരവുമായിരിക്കണമെന്ന തത്വം തന്നെ നിരാകരിച്ച് പൂര്‍ണമായി രാഷ്ട്രീയ വിധേയത്വമുളളവരെ ചുമതലകള്‍ ഏല്‍പ്പിക്കാനുളള നീക്കമാണിത്‐ അദ്ദേഹം പറഞ്ഞു. 

റവന്യൂ, ധനകാര്യം, സാമ്പത്തികം, വാണിജ്യം, സിവില്‍ വ്യോമയാനം, കൃഷി, സഹകരണം, ഗതാഗതവും ഷിപ്പിങ്ങും, പരിസ്ഥിതി തുടങ്ങി പ്രധാന മന്ത്രാലയങ്ങളിലേക്കാണ് പുറത്തുനിന്നും ആളുകളെ നിയമിക്കുന്നത്. ഇതു തുടക്കമാണ്. ഭാവിയില്‍ ഇതു വ്യാപകമാകും. സര്‍ക്കാരിനോട് ഒരു ഉത്തരവാദിത്തവുമില്ലാത്തവരെ സ്വകാര്യ മേഖലയില്‍ നിന്ന് താല്‍ക്കാലികക്കാരായി നിയമിക്കുന്നത് വലിയ ഭവിഷ്യത്തായിരിക്കും. കരാര്‍ അടിസ്ഥാനത്തില്‍ വരുന്നവര്‍ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് സ്വകാര്യമേഖലയിലേക്ക് തിരിച്ചുപോകുമ്പോഴുളള അപകടത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യമേഖലയില്‍നിന്നുളള കരാര്‍ നിയമനം വരുമ്പോള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും സംവരണം ലഭിക്കില്ലെന്നതും ഗുരുതരമായ പ്രശ്നമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top