16 December Sunday
അജിത് കുമാര്‍ ഇതേ ക്ഷേത്രത്തിലെ ചെമ്പുപാളികള്‍ മറിച്ചുവിറ്റ കേസിലെ ഒന്നാം പ്രതി

കുമ്മനത്തിനൊപ്പം യാത്ര 'നയിച്ച' ബിജെപി നേതാവിന്റെ പുതിയ തട്ടിപ്പ്: ക്ഷേത്ര ഭരണം മറയാക്കി 51 ലക്ഷത്തിന്റെ തിരിമറി

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2017

ടി ആര്‍ അജിത് കുമാര്‍(വൃത്തത്തിനുള്ളില്‍) ബിജെപി യാത്രയില്‍ യോഗി ആദിത്യനാഥ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം

പത്തനംതിട്ട > കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രായില്‍ മുന്‍പന്തിയിലുണ്ടായിരുന്ന, ബിജെപി സംസ്ഥാന സമിതി അംഗവും പത്തനംതിട്ട ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുമായ ടി ആര്‍ അജിത് കുമാറിനെതിരെ പുതിയ സാമ്പത്തിക ആരോപണങ്ങളുമായി തൃച്ഛേന്ദമംഗലം ഭക്തജന സംഘം രംഗത്ത്. തൃച്ഛേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലെ നമസ്‌ക്കാര മണ്ഡപം പണിയുന്നതിന് തടി വാങ്ങിയ വകയില്‍ 51 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് അജിത് കുമാര്‍ നടത്തിയത്.

നിലവില്‍, ഇതേ ക്ഷേത്രത്തില്‍ നാലമ്പലത്തിന്റെയും നമസ്‌കാര മണ്ഡപത്തിന്റെയും നിര്‍മാണത്തിന്  വാങ്ങിയ ചെമ്പ് പാളികള്‍ മറിച്ചുവിറ്റ കേസിലെ ഒന്നാംപ്രതിയാണ് അജിത് കുമാര്‍.  വെട്ടിപ്പ് നടന്ന കാലയളവില്‍ അമ്പലം ഭരണസമിതി പ്രസിഡന്റ് അജിത്കുമാറായിരുന്നു. നാലമ്പലം ചെമ്പ് പൊതിയാന്‍ വാങ്ങിയ ഒമ്പത് ലക്ഷം രൂപ മതിപ്പുവിലയുള്ള ചെമ്പ് പാളികള്‍ മറിച്ചുവിറ്റു എന്നാണ് കുറ്റപത്രത്തില്‍. അടൂര്‍ ഡിവൈഎസ്പിയായിരുന്ന എസ് റഫീക്ക് അടൂര്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ സിസി 458/17 നമ്പരായി സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയാണ് അജിത്കുമാര്‍.ഇത് കൂടാതെ ഹവാല തട്ടിപ്പും അജിത് നടത്തിയിട്ടുണ്ടെന്ന് തൃച്ഛേന്ദമംഗലം ഭക്തജന സംഘം ഭാരവാഹികള്‍ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടൂര്‍ പെരിങ്ങനാടെ തൃച്ഛേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലെ നമസ്‌ക്കാര മണ്ഡപം പണിയാന്‍ തടി വാങ്ങിയവകയില്‍ ബിജെപി സംസ്ഥാന സമിതി അംഗമായ ടി ആര്‍ അജിത് തട്ടിയത് 51 ലക്ഷമാണ്.

കോന്നി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മരം വാങ്ങുന്നതിന് പകരം പാലക്കാട് ലക്കിടിയില്‍ നിന്നുമാണ് മരം വാങ്ങിയത്. 410 ക്യുബിക് തടിയാണ് നമസ്‌ക്കാര മണ്ഡപ നിര്‍മാണത്തിന് അമ്പലത്തിലെത്തിയതെങ്കില്‍ കണക്കില്‍ അജിത് കുമാര്‍ രേഖപ്പെടുത്തിയത് 627 ക്യുബിക് തടിയെന്നാണ്. തടിക്കുള്ള 30 ലക്ഷം രൂപ പാലക്കാടെ മില്ലുടമയുടെ അക്കൗണ്ടിലേക്ക് ഈ ട്രാന്‍സ്‌ഫര്‍ ചെയ്തുകൊടുത്തെന്നും അതിന് പുറമെ അമ്പലത്തിന്റെ അക്കൗണ്ടില്‍ നിന്നും 27ലക്ഷം രൂപയും തടി വാങ്ങിയവകയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും തൃച്ഛേന്ദമംഗലം ഭക്തജന സംഘം ഭാരവാഹികള്‍ പറഞ്ഞു. ഇതില്‍ ഹവാല ഇടപാടടക്കം ഇവര്‍ സംശയിക്കുന്നുണ്ട്.

പാലക്കാടെ മില്ലുടമയുടെ പേരൊ, ഫോണ്‍ നമ്പറോ ഒപ്പോ പോലും ക്ഷേത്രത്തില്‍ നല്‍കിയ ഒരു ബില്ലിലും ഇല്ല. അതുകൊണ്ടു തന്നെ മില്ലുടമ അജിത്തിന്റെ ബിനാമിയാണെന്നും ഇവര്‍ സംശയിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നുമായി നിരവധി ഭക്തന്മാര്‍ ക്ഷേത്രത്തിലേക്ക് നല്‍കുന്ന തുക അജിത് തന്റെ അക്കൗണ്ടിലാണ് വാങ്ങിയിരുന്നതെന്നും അജിത് കുമാര്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് പൊലീസില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുമെന്നും തൃച്ഛേന്ദമംഗലം ഭക്തജന സംഘം ഭാരവാഹികള്‍ പറഞ്ഞു.


അജിത് കുമാറിനെതിരെയുള്ള ആദ്യ കേസില്‍, നാലമ്പലം ചെമ്പ് പൊതിയാന്‍ വാങ്ങിയ ഒമ്പത് ലക്ഷം രൂപ മതിപ്പുവിലയുള്ള ചെമ്പ് പാളികള്‍ മറിച്ചുവിറ്റു എന്നാണ് കുറ്റപത്രത്തില്‍. അടൂര്‍ ഡിവൈഎസ്പിയായിരുന്ന എസ് റഫീക്ക് അടൂര്‍ ഒന്നാം ക്ളാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ സിസി 458/17 നമ്പരായി സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയാണ് അജിത്കുമാര്‍. ക്ഷേത്രത്തിലെ നമസ്‌കാരമണ്ഡപ നിര്‍മാണത്തിന് വാങ്ങിയ 9,626 കിലോ ചെമ്പില്‍ 6,500 കിലോ ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു. ബാക്കിവന്ന 3,126 കിലോയില്‍ 1329 കിലോ ക്ഷേത്ര നിയമാവലിക്ക് വിരുദ്ധമായി നിര്‍മാണം നടത്തിയ മേസ്തിരിക്ക് നല്‍കിയെന്നും 1,797 കിലോ അജിത്കുമാറും സംഘവും ചേര്‍ന്ന് ക്ഷേത്രത്തില്‍നിന്ന് കടത്തിക്കൊണ്ടുപോയി മറിച്ചുവിറ്റ് ക്ഷേത്രത്തിന് 8,98,800 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 420, 403, 466, 201, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്.

ക്ഷേത്ര ഭരണത്തിന്റെ മറപറ്റി സാമ്പത്തിക തിരിമറി നടത്തിയ അജിത്കുമാര്‍ ബിജെപി യാത്രയുടെ മുഖ്യസംഘാടകനായിരുന്നു. ജാഥയുടെ മുന്‍നിരയില്‍ കുമ്മനത്തിനും ദേശീയനേതാക്കള്‍ക്കുമൊപ്പമാണ് അജിത് കുമാര്‍ സദാസമയവും സഞ്ചരിച്ചിരുന്നത്. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top