16 October Tuesday

സരിതയെ ബലിയാടാക്കാന്‍ ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2017


തിരുവനന്തപുരം > സോളാര്‍ കേസില്‍ സരിത എസ് നായരെ ബലിയാടാക്കാന്‍ നടന്ന നീക്കങ്ങള്‍ അക്കമിട്ട് നിരത്തി അന്വേഷണകമീഷന്‍ റിപ്പോര്‍ട്ട്. സരിതയെമാത്രം ബലിയാടാക്കാനുള്ള ശ്രമം നടന്നതായി അവരുമായി സംസാരിച്ചവരില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഉമ്മന്‍ചാണ്ടി പദവി ദുരുപയോഗിച്ച് ക്ളിഫ്ഹൌസില്‍വച്ച് സരിതയെ ലൈംഗികമായി ചൂഷണം ചെയ്തതായി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ബിജു രാധാകൃഷ്ണന്‍ പണമുണ്ടാക്കാനുള്ള യന്ത്രമായി സരിതയെ ഉപയോഗിച്ചു.

ഉമ്മന്‍ചാണ്ടി പല സന്ദര്‍ഭങ്ങളിലായി 2.16 കോടി രൂപ സൌരോര്‍ജപദ്ധതികള്‍ അനുവദിക്കാനായി ടീം സോളാറില്‍നിന്ന് വാങ്ങി. ക്ളിഫ്ഹൌസില്‍വച്ചാണ് തുക നല്‍കിയത്. 40 ലക്ഷം രൂപ ഡല്‍ഹിയില്‍വച്ച് തോമസ് കുരുവിളയ്ക്ക് നല്‍കി. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും  തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്ന് 50 ലക്ഷം രൂപ കൈപ്പറ്റി. പദ്ധതി വൈകിയപ്പോള്‍ വേഗത്തിലാക്കാന്‍ തോമസ് കുരുവിള 25 ലക്ഷം കൈപ്പറ്റി. ആദ്യം ഒരുകോടി രൂപ ക്ളിഫ്ഹൌസില്‍വച്ച് നല്‍കി. തോമസ് കുരുവിള ഒരുലക്ഷം രൂപ ഫീസായി കൈപ്പറ്റി.

മെഗാ സോളാര്‍ പ്രോജക്ടിന്റെ ആശയം ഡിപിആര്‍ വഴി നല്‍കിയപ്പോള്‍ ഉമ്മന്‍ചാണ്ടി ആര്യാടന്‍ മുഹമ്മദിനെ ബന്ധപ്പെട്ട് പദ്ധതി തീര്‍പ്പാക്കാന്‍ പറഞ്ഞു. ഏകജാലകസംവിധാനത്തിലൂടെ അവരുടെ മെഗാ സോളാര്‍ പ്രോജക്ട് പരിഗണിക്കാമെന്ന് സമ്മതിച്ചു. ഈ പദ്ധതി പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയായി പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുകൊടുത്തു. കിന്‍ഫ്രയുടെയോ കെഎസ്ഐഡിസിയുടെയോ ഭൂമി ലഭ്യമാക്കാമെന്നും ഉറപ്പുനല്‍കി. നിക്ഷേപകരെ നേരിട്ടുകാണാമെന്നും മുഖ്യമന്ത്രി സമ്മതിച്ചു.

വൈദ്യുതി ബോര്‍ഡിലെ കാലതാമസം ഒഴിവാക്കാനായി തോമസ് കുരുവിള നിര്‍ദേശിച്ചപ്രകാരം മന്‍മോഹന്‍ ബംഗ്ളാവില്‍വച്ച് ആര്യാടന്‍ മുഹമ്മദിന് 25 ലക്ഷം രൂപ കൊടുത്തു. അപ്പോള്‍ ആര്യാടന്റെ ആശാസ്യകരമല്ലാത്ത പെരുമാറ്റം അനുഭവിക്കേണ്ടി വന്നു. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുപോലും അവര്‍ ചിന്തിച്ചു. ആര്യാടന്‍ മുഹമ്മദ് വിളിച്ചുവരുത്തി സംസാരിച്ചപ്പോഴൊക്കെ അവരെ ലൈംഗികമായി ചൂഷണം ചെയ്തു. ടൂറിസംമന്ത്രി എ പി അനില്‍കുമാറിന്റെ പിഎയും കേന്ദ്രമന്ത്രിയും ലൈംഗിക തൃപ്തിക്കായി ഉപയോഗിച്ചു. അനില്‍കുമാറിന്റെ പിഎ സദറുള്ള ഏഴുലക്ഷം രൂപ കൈപ്പറ്റി. അയാള്‍ മന്ത്രിമാരുടെ താല്‍പ്പര്യങ്ങളെക്കുറിച്ച് പല പ്രാവശ്യം പറയുകയും അവരോടൊപ്പം പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

കെ സി വേണുഗോപാലിനെ ഒരു യോഗത്തില്‍വച്ച് കണ്ടു. അതിനുശേഷം ഫോണില്‍ക്കൂടി വിളിച്ച് ശല്യമുണ്ടാക്കി. ടീം സോളാറിന്റെ ബ്രാഞ്ചിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വേണുഗോപാലിനെ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ രാജീവം’എന്ന വീട്ടില്‍വച്ച് കണ്ടപ്പോള്‍ പിറകുവശത്ത് കൈകൊണ്ടമര്‍ത്തി. അതിനുശേഷം മിക്കവാറും ഡല്‍ഹി നമ്പരില്‍നിന്ന് വിളികള്‍ വന്നു. ഡല്‍ഹിയില്‍ പോയി കാണാനും ആവശ്യപ്പെടുകയും അല്ലെങ്കില്‍ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കില്ലെന്നും പറഞ്ഞു. ജോസ് കെ മാണി രഹസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നും അടൂര്‍ പ്രകാശ് ഫോണ്‍സെക്സ് വഴിയും ഉപദ്രവിച്ചുവെന്നും കമീഷനില്‍ സരിത കൊടുത്ത കത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രമേശ് ചെന്നിത്തല പിഎ പ്രതീഷ്നായര്‍ വഴി സംസാരിച്ചിരുന്നു. കേരളത്തിലുള്ള ഒരു മെറ്റല്‍ ക്രഷ് ഗ്രൂപ്പിന്റെ ഇന്‍കംടാക്സ് കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പളനിമാണിക്യത്തെ സരിത കണ്ടിരുന്നു. അവരെ വേണമെന്ന് പളനിമാണിക്യം രമേശ് ചെന്നിത്തലയോട് പറഞ്ഞതായി പ്രതീഷ് പറഞ്ഞു. ഓഫീസില്‍വച്ച് പളനിമാണിക്യം കയറിപ്പിടിച്ചു.

എംഎല്‍എ ഹോസ്റ്റലിലും എറണാകുളം ഗസ്റ്റ്ഹൌസിലും വച്ച് ഹൈബി ഈഡനുമായി ലൈംഗികബന്ധം ഉണ്ടായിട്ടുണ്ട്. സാമ്പത്തികസഹായവും നല്‍കി. ചെങ്ങന്നൂര്‍ പ്രോജക്ടിനുവേണ്ടി പി സി വിഷ്ണുനാഥും വിളിക്കാറുണ്ടായിരുന്നു.

പ്രധാന വാർത്തകൾ
Top