Top
21
Tuesday, November 2017
About UsE-Paper

സഭയില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞത് ചെന്നിത്തല

Friday Nov 10, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > ഉമ്മന്‍ചാണ്ടി സരിതയെ ലൈംഗികമായി പീഡിപ്പിച്ചതായി സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് സഭയില്‍ വിളിച്ചുപറഞ്ഞത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞ് അപമാനിച്ചുവെന്നാണ് ചെന്നിത്തല ക്രമപ്രശ്നം ഉന്നയിച്ച് ആരോപിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഒരിടത്തും ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ചില്ല. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വിശദീകരിച്ചപ്പോള്‍ മുഖ്യമന്ത്രി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരസ്യമാക്കിയെന്ന് ചെന്നിത്തല തിരുത്തി.

യുഡിഎഫിന്റെ കുഞ്ഞാണ് ഈ കമീഷനെന്നും കമീഷന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നത് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷ്പക്ഷനായതിനാലാണ് യുഡിഎഫ് സര്‍ക്കാര്‍ ജസ്റ്റിസ് ശിവരാജനെ ജുഡീഷ്യല്‍ കമീഷനായി നിയോഗിച്ചത്. ഇത് നിങ്ങള്‍ നിയോഗിച്ച കമീഷനാണ്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കമീഷന്‍ നിഷ്പക്ഷമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍മാത്രമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ചുമതലയാണ്. യുഡിഎഫ് ഭരണമാണെങ്കിലും ഇത് ചെയ്യേണ്ടിവരും. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ആരുടെയും പേര് താന്‍ സഭയില്‍ പറഞ്ഞില്ല. ആരുടെയും പേര് പറയാതിരിക്കാനുള്ള മാന്യത താന്‍ കാണിച്ചു. എന്നാല്‍, പ്രതിപക്ഷനേതാവ് ഈ പേരുകള്‍ സഭയില്‍ പറയുകയായിരുന്നെന്നും ക്രമപ്രശ്നം ഉന്നയിച്ച ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.

റിപ്പോര്‍ട്ടില്‍ പറയുന്ന ഒരുകാര്യവും സഭയില്‍ വയ്ക്കുംമുമ്പ് പുറത്തുവന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ പ്രതിപക്ഷത്തിന് ബോധ്യപ്പെടുമെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

Related News

കൂടുതൽ വാർത്തകൾ »