22 September Saturday

ക്ഷേത്രഭരണം മറയാക്കി ബിജെപി നേതാവ് പണമുണ്ടാക്കിയെന്ന് ഭക്തജനസംഘം

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2017

പത്തനംതിട്ട > അടൂര്‍ തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രഭരണം  മറയാക്കി ബിജെപി പത്തനംതിട്ട ജില്ല മുന്‍ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ ടി ആര്‍ അജിത്കുമാര്‍ വന്‍തോതില്‍ പണം സമ്പാദിച്ചതായി തൃച്ചേന്ദമംഗലം ഭക്തജനസംഘം കണ്‍വീനര്‍ ഹരികുമാര്‍ വാഴപ്പള്ളിലും ജോയിന്റ് കണ്‍വീനര്‍ വിജയകുമാര്‍ മലമേക്കരയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അജിത്കുമാറിന് ഹവാല ഇടപാടുകള്‍ ഉള്ളതായും സംശയമുണ്ട്. ഇക്കാര്യം അന്വേഷിക്കണം.

അജിത്കുമാര്‍ ഭരണസമിതി പ്രസിഡന്റായിരിക്കെ ക്ഷേത്രനിര്‍മാണത്തിന് കൊണ്ടുവന്ന ചെമ്പുപാളികള്‍ മറിച്ചുവിറ്റും നമസ്കാരമണ്ഡപം നിര്‍മിക്കാന്‍ ലക്കിടിയില്‍നിന്ന് തടി വാങ്ങിയ ഇനത്തിലും ലക്ഷങ്ങള്‍ തട്ടിയെടുത്തു. ചെമ്പുപാളിക്കേസില്‍ വിചാരണ നേരിടുകയാണ് അജിത്കുമാര്‍. അഴിമതി നടന്നു എന്ന് നാട്ടില്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടും ബിജെപി നേതൃത്വത്തിന് മാത്രമാണ് ബോധ്യപ്പെടാത്തത്.

ലക്കിടിയിലെ തടിമില്‍ ഉടമയ്ക്ക് മുംബൈയില്‍നിന്ന് ഇ- ട്രാന്‍സ്ഫര്‍ വഴി പണം കിട്ടി എന്നുപറയുന്നതില്‍ ദുരൂഹതയുണ്ട്. ഭക്തര്‍ അയക്കുന്ന പണംക്ഷേത്രത്തിന്റെ അക്കൌണ്ടില്‍ വരേണ്ടതും പിറ്റേന്നുതന്നെ ബാങ്കില്‍ അടയ്ക്കേണ്ടതുമാണ്. മില്‍ ഉടമയുടെയും അജിത്കുമാറിന്റെയും അക്കൌണ്ടില്‍ ധാരാളം പണം ഇങ്ങനെ എത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. അജിത്കുമാറിന് അനേകം ബാങ്കുകളില്‍ അക്കൌണ്ട് ഉണ്ട്. ഇതെല്ലാം പൊലീസ് അന്വേഷിച്ച് കണ്ടെത്തണം. 

നമസ്കാരമണ്ഡപം നിര്‍മിക്കാന്‍ ലക്കിടിയില്‍നിന്ന് തടി വാങ്ങിയതുതന്നെ അഴിമതിക്കുവേണ്ടിയാണ്. കോന്നിയില്‍ ക്ഷേത്രങ്ങള്‍ക്ക് വനംവകുപ്പിന്റെ തടി കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നിരിക്കെയാണിത്. നിര്‍മാണത്തിന്റെ കണക്കായി അജിത്കുമാര്‍ പറയുന്നത് പച്ചക്കള്ളമാണ്. 410 ക്യുബിക്കടി തടി വാങ്ങിയിട്ട് 627 വാങ്ങി എന്നാണ് പറയുന്നത്. 12.52 ലക്ഷം രൂപയാണ് മില്ലില്‍ കൊടുത്തത്. 30.69 ലക്ഷം കൊടുത്തു എന്ന് പറയുന്നതും കള്ളമാണ്. 264 ക്യുബിക്കടിയില്‍ കൂടുതല്‍ തടി പണിയേണ്ടിവന്നാല്‍ പണം കൂടുതല്‍ കൊടുക്കണമെന്ന് കരാറിലുണ്ട്. എന്നാല്‍ കൂടുതല്‍ പണം കരാറുകാരന് നല്‍കിയിട്ടില്ല. നമസ്കാരമണ്ഡപം പഴയതിലും വലുതാക്കി പണിതു എന്ന് പറയുന്നതും ശരിയല്ല. ശാസ്ത്രവിധിപ്രകാരം അളവില്‍ മാറ്റംവരുത്താന്‍ കഴിയില്ല.

ചെലവ് 27 ലക്ഷം എന്ന് ബജറ്റില്‍ കാണുന്നത് അച്ചടിപ്പിശകാണെന്ന വിശദീകരണം ശരിയല്ല. അങ്ങനെ ആയിരുന്നെങ്കില്‍ വാര്‍ഷികറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടാമായിരുന്നു. റിപ്പോര്‍ട്ടിലും 27 ലക്ഷം തന്നെയാണ്. മണ്ഡപം പണിയാന്‍ 63 ലക്ഷം രൂപ എന്തിന് ചെലവാക്കി. 37.75 ലക്ഷത്തിന് പണിതീര്‍ത്തുനല്‍കാമെന്ന് കരാറുകാരന്‍ എസ്റ്റിമേറ്റ് നല്‍കിയിരുന്നതാണ്. ഊട്ടുപുര പണിതതിലും എല്ലാതരത്തിലുമുള്ള വെട്ടിപ്പ് നടന്നിട്ടുണ്ട്. റീ ഓഡിറ്റ് നടത്തിയശേഷം നിയമനടപടി സ്വീകരിക്കാമെന്നാണ് പുതിയ ഭരണസമിതി പറയുന്നത്. ഇല്ലെങ്കില്‍ ഭക്തജനസംഘം കേസുമായി മുന്നോട്ടുവരും.

പ്രധാന വാർത്തകൾ
Top