Top
21
Sunday, January 2018
About UsE-Paper

പണവും സ്വര്‍ണവും കവര്‍ന്ന യുവാവ് പിടിയില്‍

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

ചെങ്ങന്നൂര്‍ > കാല്‍നടയാത്രക്കാരനെയും വ്യദ്ധയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും, രേഖകളും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍. ആറന്മുള ആറാട്ടുപുഴ വാഴയില്‍ കോശി വില്ലയില്‍ ജുബിന്‍ കോശി (28) നെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 20 ന് രാത്രി 11 ഓടെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്ന തമിഴ്നാട് സ്വദേശിയും ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തലക്കോട്ട് ബാങ്ക് ഹൌസില്‍ വാടകയ്ക്ക് താമസിക്കുന്ന ആറുച്ചാമിയെ(രാജു 48)യാണ് അക്രമിച്ചത്.   ബൈക്കില്‍ എത്തിയ ജുബിന്‍ റോഡില്‍ ആറുച്ചാമിയെ തടഞ്ഞു നിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥനാണെന്നും ചോദ്യം ചെയ്യുന്നതിന് സ്റ്റേഷനില്‍ പോകുന്നതിന് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബൈക്കില്‍ ജുബിനോടൊപ്പം കയറിയ ആറുച്ചാമിക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ശബ്ദമുണ്ടാക്കി. തുടര്‍ന്ന് ജുബിന്‍ മര്‍ദ്ദിക്കുകയും ആറുച്ചാമിയുടെ കൈവശമുണ്ടായിരുന്ന 5000 രൂപയും രേഖകളും അടങ്ങുന്ന പെട്ടി തട്ടിയെടുക്കുകയുമായിരുന്നു. പരിക്കേറ്റ ആറുച്ചാമി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ഈ സംഭവത്തെപ്പറ്റി ചെങ്ങന്നൂര്‍ പൊലീസ് അന്വേഷിക്കുമ്പോഴാണ് ഒക്ടോബര്‍  25 ന് ജുബിന്‍ ചെങ്ങന്നൂര്‍ പുത്തന്‍കാവ് തട്ടയില്‍ വീട്ടില്‍ തങ്കമ്മ വര്‍ഗ്ഗീസിനെ (82) ആക്രമിച്ച് മാല കവര്‍ന്നത്. ചെങ്ങന്നൂര്‍ സെന്റ് ആനീസ് സ്കൂളിനു സമീപമുള്ള പറമ്പില്‍ നില്‍ക്കുകയായിരുന്ന തങ്കമ്മയോട് വഴി ചോദിക്കുവാനെന്ന വ്യാജേന, ബൈക്ക് നിര്‍ത്തി മര്‍ദ്ദിച്ച് അവശയാക്കി ഒരു പവന്‍ തൂക്കം വരുന്ന മാല കവര്‍ന്ന് രക്ഷപെടുകയായിരുന്നു. ജുബിന്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ച കെഎല്‍വൈ 1227 ബൈക്കിനെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

എസ് ഐ സുധിലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വീടിനു സമീപത്തു നിന്നും പിടികൂടിയത്. ആറുച്ചാമിയുടെ ബാഗ് വീട്ടില്‍ നിന്നും കണ്ടെടുത്തു. സ്വര്‍ണ്ണമാല ചെങ്ങന്നൂരിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വെച്ചു വെന്ന് മൊഴി നല്‍കി.   കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അഡീഷണല്‍ എസ് ഐമാരായ ചന്ദ്രബാബു, ഷാജി, സി പിഒ മാരായ ഷൈബു, ബാലകൃഷ്ണന്‍, നിരുപ്, ഹോം ഗാര്‍ഡ് ബിനു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Related News

കൂടുതൽ വാർത്തകൾ »