18 August Saturday

പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി നാളെ സന്ദര്‍ശിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

കൊച്ചി > പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. രാവിലെ 7.30നാണ് സന്ദര്‍ശനം. ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിക്കൊപ്പം  റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും ഉണ്ടാകും.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്‌തു. കേന്ദ്രത്തില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.

ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പുയര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തവും കാര്യക്ഷമവുമായി ഏകോപിപ്പിക്കാന്‍ ജില്ല ഭരണകൂടത്തിന് കഴിയുന്നുണ്ട്. ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല. വെള്ളപ്പൊക്കത്തില്‍ നിന്നും മഴക്കെടുതിയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. പ്രളയബാധിത മേഖലകളില്‍ അര്‍ഹതയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ ലഭ്യമാക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു. അര്‍ഹരായവരെ കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല ദുരിതബാധിത മേഖലയിലുള്ളവര്‍ക്കെല്ലാം സഹായധനം വിതരണം ചെയ്യും.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top