14 November Wednesday

ഡോക്ടറെ മർദിച്ച സംഭവം: പ്രതികൾ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018


കൊച്ചി
എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവത്തിൽ പിടിയിലായ നാലു പ്രതികൾ റിമാൻഡിൽ. വൈറ്റില പൊന്നുരുന്നി സ്വദേശികളായ സിധിൽ (23), തോമസ് (21), അനന്തു (21), വിഷ്ണു (22) എന്നിവരെയാണ് സെൻട്രൽ പൊലീസ‌് കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ‌്തത‌്. ഇവരുടെ സംഘത്തിൽപ്പെട്ട മുഹമ്മദ് ബാസം (21) ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെയും പ്രതിചേർത്താണ് പൊലീസ‌്  കേസെടുത്തത‌്. ജനറൽ ആശുപത്രിയിലെ സീനിയർ റേഡിയോളജിസ്റ്റ് ഡോ. ജയേഷ് കെ തമ്പിയെ മർദിച്ച കേസിലാണ‌് അറസ‌്റ്റ‌്.

ബുധനാഴ‌്ച രാത്രി എട്ടരയോടെയാണ‌് സംഭവം. തലയ‌്ക്ക് പരിക്കേറ്റ മുഹമ്മദ‌് ബാസമിന്റെ ചികിത്സയ‌്ക്കായാണ‌് സംഘം ആശുപത്രിയിലെത്തിയത‌്. തുടർന്ന‌് സിടി സ്‌കാനിങ്ങ് മുറിയിൽ പരിക്കേറ്റയാളോടൊപ്പം സംഘത്തിലെ മറ്റുള്ളവരും പ്രവേശിച്ചു. എല്ലാവരുംകൂടി മുറിയിൽനിൽക്കാതെ പുറത്തുപോകാൻ ഡോ. ജയേഷ് ആവശ്യപ്പെടുകയും ഇതിൽ പ്രകോപിതരായ സംഘം അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് കെജിഎംഒഎ, ഐഎംഎ, കെജിഒഎ, കെജിഎൻഎ സംഘടനകളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധയോഗം ചേർന്നു. കെജിഎംഒഎ താലൂക്ക് കൺവീനർ ഡോ. മനോജ് കുഷറ ഉദ്ഘാടനം ചെയ്തു. പിടിയിലായ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷനൽകണമെന്നും പിടിയിലാകാനുള്ളവരെ എത്രയുംവേഗം പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു. അക്രമത്തിൽ സ്‌കാനിങ‌് മുറിയുടെ ചില്ല‌് തകർന്നിരുന്നു. 

പ്രധാന വാർത്തകൾ
Top