13 November Tuesday

ഉപ്പും മുളകും സംവിധായകനെ മാറ്റിയെന്ന്‌ സൂചന; സംവിധായകനെതിരെ രചന നാരായണൻകുട്ടിയും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

കൊച്ചി> ഫ്‌ളവേഴ്‌സ്‌ ചാനലിലെ ഉപ്പും മുളകും സീരിയലിന്റെ സംവിധായകനെ മാറ്റിയതായി സൂചന. സംവിധായകൻ ആർ ഉണ്ണികൃഷ്‌ണനെതിരെ  സീരിയലിലെ പ്രധാന കഥാപാത്രമായ നിഷാ സാംരഗ്‌ പരസ്യമായി  പരാതി ഉന്നയിച്ചതിനെ തുടർന്നാണ്‌ മാറ്റുന്നത്‌. ആ സംവിധായകന്റെ കീഴിൽ തുടർന്ന്‌ അഭിനയിക്കില്ലെന്നും നിഷ വ്യക്‌തമാക്കിയിരുന്നു. 

സംവിധായകൻ മോശമായി പെരുമാറിയെന്നും മൂന്നുവർഷമായുള്ള സീരിയലിന്റെ തുടക്കംമുതലെ മോശം പെരുമാറ്റമാണ്‌   സംവിധായകന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടുള്ളതെന്നും  നിഷ പറഞ്ഞിരുന്നു. മോശം മെസേജുകൾ അയക്കുകയും മോശമായി പെരുമാറുകയും  ചെയ്‌തപ്പോൾ താക്കീത്‌ നൽകിയിട്ടുള്ളതാണ്‌.  എന്നാൽ പിന്നീട്‌ സംവിധായകൻ പ്രതികാര ബുദ്ധിയോടെ പെരുമാറുകയായിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ കാരണമാണ്‌ പിടിച്ചുനിന്നത്‌. അടുത്തിടെ ചാനലിന്റെ അനുമതിയോടെ അമേരിക്കയിൽ അവാർഡ്‌ സ്വീകരിക്കാൻ പോയപ്പോൾ സീരിയലിൽനിന്ന്‌ പുറത്താക്കാനാണ്‌ സംവിധായകൻ ശ്രമിച്ചത്‌. അവസാന എപ്പിസോഡുകളിൽ അഭിനയിപ്പിക്കാതെ മാറ്റി നിർത്തുകയായിരുന്നു. ഇതോടെയാണ്‌ വിഷയം പുറത്തറിഞ്ഞത്‌. എന്നാൽ  നിഷ തന്നെ തുടർന്നും ആ സീരിയലിൽ അഭിനയിക്കുമെന്ന്‌ ചാനൽ അറിയിച്ചു.

അതേസമയം ആ ഉണ്ണികൃഷ്‌ണനെതിരെ നടി രചനാ നാരായണൻകുട്ടിയും രംഗത്തെത്തി. മഴവിൽ മനോരമ ചാനലിൽ മറിമായം സീരിയലിന്റെ സംവിധായകനായിരിക്കെ അതിലഭിനയിച്ചിരുന്ന രചനയോട്‌ മോശമായാണ്‌ ഇയാൾ പെരുമാറിയിരുന്നത്‌. . സംവിധായകന്റെ ഈഗോയുടെ ഇരയാണ്‌ താനെന്നും രചന പറഞ്ഞു. രചന സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതോടെ സംവിധായകൻ ഈഗോ കൂടി. സീരിയലിൽനിന്ന്‌ രചനയേയും വിനോദ്‌ കോവൂരിനേയും പുറത്താക്കിയെന്നും രചന പറഞ്ഞു. നിലവിൽ എ എം എം എ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമായ  രചനാ നാരായണൻ കുട്ടി. നിഷ യെ വിളിക്കുകയും എഎംഎംഎയുടെ പിന്തുണയറിക്കുകയും ചെയ്‌തു.

നിഷക്ക്‌ പിന്തുണയുമായി വുമൻ ഇൻ സിനിമാ കലക്‌ടീവ്‌ ആണ്‌ ആദ്യമെത്തിയത്‌. വനിതാ കമ്മീഷനും പിന്തുണ അറിയിച്ചു. താരസംഘടനയായ എഎംഎംഎയിൽ അംഗമായ നിഷയ്‌ക്ക്‌  പ്രസിഡന്റ്‌ മോഹൻലാലും പിന്തുണ അറിയിച്ചു.
മോശം പെരുമാറ്റത്തിന്‌ മഴവിൽ മനോരമയിൽനിന്ന്‌ ആർ ഉണ്ണികൃഷ്‌ണനെ പുറത്താക്കിയിരുന്നു. തുടർന്നാണ്‌ ഫ്‌ളവേഴ്‌സിൽ എത്തുന്നത്‌.
 

പ്രധാന വാർത്തകൾ
Top