Top
17
Wednesday, January 2018
About UsE-Paper
യുവമോര്‍ച്ചാനേതാവിന്റെ 16 കോടി വെളുപ്പിക്കല്‍

മറനീക്കിയത് ബിജെപിയുടെ കള്ളപ്പണ-മാഫിയാബന്ധം

Tuesday Jan 10, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > ക്രിമിനലുകളുടെയും  കൊലയാളികളുടെയും കൂടാരമായ ബിജെപിയുടെ വികൃത മുഖം കൂടുതല്‍ വെളിപ്പെടുത്തുന്നതായി കൊടുങ്ങല്ലൂരിലെ കള്ളപ്പണ സംഭവം. കള്ളപ്പണക്കാരെ വേട്ടയാടാനെന്ന പേരില്‍ നോട്ട് നിരോധിച്ചവര്‍ നിരോധിച്ച നോട്ടുകളുടെ 16 കോടി  കള്ളപ്പണം വെളുപ്പിക്കാനാണ് ശ്രമിച്ചത്.
പൊലീസ് പിടിയിലായ യുവമോര്‍ച്ച നേതാവ് കൊടുങ്ങല്ലൂര്‍ പണിക്കവീട്ടില്‍ ഷനിലിന് ബിജെപിയുമായി ബന്ധമില്ലെന്ന പ്രസ്താവന  നാട്ടുകാര്‍ക്ക് മുന്നില്‍ വിലപ്പോവില്ല. യുവമോര്‍ച്ചയുടെ കൊടുങ്ങല്ലൂര്‍ മണ്ഡലം മുന്‍ വൈസ്പ്രസിഡന്റാണ് ഷനില്‍.

കോതമംഗലം സ്വദേശിയായ തോട്ടമുടമ തങ്കച്ചനേയും മകനേയും ബിസിനസ് ആവശ്യമെന്ന് പറഞ്ഞാണ് കൊടുങ്ങല്ലൂരിലേക്ക് വരുത്തി ഷനിലും സംഘവും ബന്ദിയാക്കിയത്. 16 കോടിയുടെ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ട് തരണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. അതിനു സമ്മതിക്കാഞ്ഞതിനാല്‍ അവരെ കൊള്ളയടിച്ചു. കാറും ആഭരണങ്ങളും മൊബൈല്‍ ഫോണുകളും പണവും തട്ടിയെടുത്ത്  ക്രൂരമായി മര്‍ദിച്ചു. ഒരു ദിവസം കഴിഞ്ഞാണ്   വിട്ടയച്ചത്. തങ്കച്ചന്റെ പരാതിയില്‍ ഷനിലടക്കം മൂന്നുപേര്‍ അറസ്റ്റിലായി. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.

ബിജെപി ക്രിമിനലുകളുടെ വിളയാട്ടം കൂടുതലുള്ള മേഖലയാണിത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കെ ഗോപാലന്‍, ഡിവൈഎഫ്ഐ ബ്ളോക്ക് വൈസ് പ്രസിഡന്റായിരുന്ന കെ യു ബിജു, സിപിഐ എം പ്രവര്‍ത്തകരായ  ചെമ്പനേഴത്ത് രാജു, പി എസ് മുരളീധരന്‍ എന്നിവര്‍ കൊടുങ്ങല്ലൂര്‍ ഏരിയയില്‍ മാത്രം ആര്‍എസ്എസ് ആക്രമണങ്ങളില്‍  രക്തസാക്ഷികളായവരാണ്. എടവിലങ്ങ് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ കെ കെ സുരേന്ദ്രന്‍ അടക്കം നിരവധി പേരെ മാരകമായി ആക്രമിച്ചു.  

നാടിന്റെ അഭിമാനമായ സംവിധായകന്‍ കമലിനോടുപോലും രാജ്യംവിടാന്‍ ആക്രോശിക്കുന്ന അസഹിഷ്ണുതയുടെ വിഷജീവികള്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രം കേന്ദ്രീകരിച്ച് നടത്തുന്ന ആക്രമണങ്ങള്‍ ഞെട്ടിക്കുന്നതാണ്. തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തവരെ ക്ഷേത്രപരിസരത്ത് കണ്ടാല്‍ മതി ഉറഞ്ഞുതുള്ളാന്‍. ചുവന്ന മുണ്ടുടുത്തവരെ കണ്ടാല്‍ ഹാലിളകും.  ബൈക്കില്‍ ചെഗുവേര സ്റ്റിക്കര്‍ ഒട്ടിച്ചതിന് ഈയിടെയാണ് യുവാവിനെ ആക്രമിച്ചത്. ഭരണി, താലപ്പൊലി നാളുകള്‍ ഈ അക്രമിസംഘത്തിന് വിഹരിക്കാനുള്ളതാണ്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ കടപ്പുറം യൂണിറ്റ് പ്രസിഡന്റ് ഷിന്റനെ ആക്രമിച്ച് വീട് കല്ലെറിഞ്ഞു നശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. 
എല്ലാ ക്രിമിനല്‍ സംഭവങ്ങള്‍ക്കും പിന്നില്‍ ഇക്കൂട്ടരുടെ കൈയില്‍ കുന്നുകൂടിയ കള്ളപ്പണമാണെന്ന് തെളിയുന്നു.  തങ്കച്ചന്റെ പരാതിയില്‍ പറയുന്ന കണക്കില്‍പ്പെടാത്ത 16 കോടിയടക്കം കൊടുങ്ങല്ലൂരിലെ ബിജെപി നേതാക്കളുടെ കൈവശമുള്ള മുഴുവന്‍ കള്ളപ്പണവും പിടിച്ചെടുക്കണമെന്ന് സിപിഐ എം കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Related News

കൂടുതൽ വാർത്തകൾ »