19 December Wednesday

പന്തളത്ത്‌ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിനു നേരെ വധശ്രമം: പിന്നിൽ എസ്ഡിപിഐ ക്രിമിനലുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018

പന്തളം
എസ്എഫ്ഐ ജില്ലാ വൈസ്പ്രസിഡന്റും ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ വിഷ്ണു കെ രമേശിന് നേരെയുണ്ടായ വധശ്രമം എസ്ഡിപിഐ ക്രിമനലുകൾ  ആസൂത്രണം ചെയ്തതെന്ന‌് തെളിയുന്നു. വെള്ളിയാഴ്ച രാത്രി പത്തിനാണ് വിഷ്ണുവിനെ (24) മങ്ങാരം കരണ്ടയിൽ ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ ബൈക്കിലെത്തിയ മൂന്നംഗ എസ്ഡിപിഐ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

പന്തളം കോളേജിൽ നടന്ന ജി ഭുവനേശ്വരൻ അനുസ്മരണത്തിനു ശേഷം വൈകിട്ട് സിപിഐ എം പന്തളം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയ വിഷ്ണു രാത്രി 9.30ന് അവിടെ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു. ബൈക്കിൽ പിന്നാലെഎത്തിയ എസ്ഡിപിഐ സംഘം കമ്പിവടിക്ക് വിഷ്ണുവിന്റെ തലയ്ക്ക് അടിച്ച് താഴെയിട്ടു. താഴെവീണ വിഷ്ണുവിനെ വടിവാളും മഴുവും ഉപയോഗിച്ച് വെട്ടുകയായിരുന്നു. കാൽമുട്ടിന് താഴെയും മുകളിലും കൈകൾക്കും വെട്ടേറ്റു വീണ വിഷ്ണു അല്പദൂരം ഓടിയെങ്കിലും  കുഴഞ്ഞ് വീണു. പിന്നാലെ എത്തി വകവരുത്താനുള്ള ശ്രമം സമീപവാസികൾ  ശബ്ദം കേട്ട് വന്നതോടെ   ഉപേക്ഷിച്ച് സംഘം ബൈക്കിൽ സ്ഥലം വിട്ടു. കഴിഞ്ഞ വർഷം ഇതേസമയത്താണ് അന്നത്തെ എസ്എഫ്ഐ ഏരിയ സെക്രട്ടറിയും ഇപ്പോഴത്തെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ സന്ദീപിനെ വകവരുത്താൻ എസ്ഡിപിഐ ശ്രമിച്ചത്.

അഭിമന്യു വധക്കേസിലെ അതേ ഗൂഢാലോചനയാണ് വിഷ‌്ണുവിനു നേരെ നടത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. നിലവിൽ ഒരു പ്രശ്നവും ഇല്ലാതിരുന്ന പന്തളത്ത് എസ്ഡിപിഐ സ്ഥാനാർഥി പന്തളം നഗരസഭയിലേക്ക് വിജയിച്ചതിന്റെ അഹങ്കാരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top