17 December Monday

സർക്കസ‌് കലാകാരന്മാരുടെ ഉന്നമനത്തിന‌് പദ്ധതികൾ ആവിഷ‌്കരിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018

കണ്ണൂർ
തമ്പിന്റെ കുലപതിക്ക‌് ആസ്വാദകരുടെ ആദരം. സർക്കസിന്റെ പ്രതാപകാലത്തെ മഹാരഥരിൽ ഒരാളായ ജെമിനി ശങ്കരന‌് കുവൈത്ത‌് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രണ്ട‌്‌സ‌് ഓഫ‌് കണ്ണൂർ കുവൈത്ത‌് എക‌്സ‌്പാറ്റ‌്സ‌് അസോസിയേഷന്റെ ഗോൾഡൻ ഫോക്ക‌് പുരസ‌്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ഇ കെ നായനാർ അക്കാദമിയിലായിരുന്നു പുരസ‌്കാരച്ചടങ്ങ‌്.
സർക്കസ‌് കലാകാരന്മാരുടെ ഉന്നമനത്തിനായി എൽഡിഎഫ‌് സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. കലാകാരന്മാരുടെ ഉന്നമനത്തിനായി ഒരു കോടി രൂപ ആദ്യബജറ്റിൽ വകയിരുത്തിയിരുന്നു. നിരാലംബരായ കലാകാരന്മാർക്ക‌് ആശ്രയ മാതൃകയിൽ സംരക്ഷണം ഒരുക്കുന്നതിനായി ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട‌്.
നിരവധി സർക്കസ‌് കമ്പനികളുടെ ഉടമയായപ്പോഴും മികച്ച കലാകാരന്മാരെ വാർത്തെടുത്ത‌് തൊഴിൽ നൽകി. ജീവിതകാലത്തെ സമർപണം ആവശ്യമുള്ള കലയാണ‌് സർകസ‌്. ജെമിനി ശങ്കരൻ സർക്കസിന്റെ കുലപതിതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരസ‌്കാര തുകയായ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ജെമിനി ശങ്കരൻ കൈമാറി.
പ്രസിഡന്റ‌് കെ ഓമനക്കുട്ടൻ അധ്യക്ഷനായി. ടി പത്മനാഭൻ ജെമിനി ശങ്കരനെ പൊന്നാടയണിയിച്ച‌് ആദരിച്ചു. മന്ത്രി കെ കെ ശൈലജ, കെ കെ രാഗേഷ‌് എംപി എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
Top