19 December Wednesday

നവകേരള നിർമിതിക്ക് ക്രൗഡ‌് ഫണ്ടിങ‌്: പങ്കാളിയാകാം, 1000 കോടിയുടെ പദ്ധതികളിൽ

ജി രാജേഷ‌്കുമാർUpdated: Sunday Dec 9, 2018

തിരുവനന്തപുരം > നവകേരള നിർമിതിയിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘങ്ങൾക്കും പങ്കാളികളാകാൻ കഴിയുന്ന ക്രൗഡ്‌ ഫണ്ടിങ് വികസന നിധി പദ്ധതികളിൽ കൈകോർക്കാൻ അവസരം. സംസ്ഥാന സർക്കാർ പ്രഖ്യാപിപ്പ ‘റീ ബിൽഡിങ‌് കേരള’ പദ്ധതിയിൽ 1000 കോടിയോളം രൂപയുടെ പദ്ധതികളാണ‌് ക്രൗഡ‌് ഫണ്ടിങ‌് ആദ്യഘട്ടത്തിൽ  പ്രഖ്യാപിച്ചിട്ടുള്ളത‌്. തകർന്ന വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവ പുനർനിർമിക്കുക, മൃഗസംരക്ഷണ മേഖലയിലുണ്ടായ നഷ്ടം നികത്തി, ജീവനോപാധി ഉറപ്പാക്കുക തുടങ്ങിയവയാണ‌് പദ്ധതികൾ.

14 ജില്ലയിലുമായി 297 പൊതുവിദ്യാലയങ്ങൾക്കാണ‌് കെട്ടിടങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത‌്. 10000 രൂപമുതൽ ഒരുകോടിവരെ അടങ്കൽ വരുന്ന പദ്ധതികളാണിത‌്. 70.08 കോടി രൂപയാണ‌് മൊത്തം അടങ്കൽ.  807 പഞ്ചായത്തിലും നഗരസഭകളിലുമായി തകർന്ന വീടുകളുടെ പുനർനിർമാണത്തിനുമായി പങ്കാളിയാകാം. 14 ജില്ലയിലും ഉൾപ്പെടുന്ന വീട‌് നിർമാണത്തിൽ 653.84 കോടി രൂപയുടെ പദ്ധതിയാണ‌് പ്രഖ്യാപിച്ചിട്ടുള്ളത‌്.

എല്ലാ ജില്ലകളിലും പ്രളയത്തിൽ കാലി സമ്പത്തിനും ജീവനോപാധികൾക്കുമുണ്ടായ നഷ്ടത്തിന‌് പരിഹാരം നൽകുകയാണ‌് മറ്റൊരു പദ്ധതി. കറവപശു, തൊഴുത്ത‌്, ആട‌്, താറാവ‌്, കോഴി തുടങ്ങിയവ നഷ്ടപ്പെട്ട കർഷകർക്ക‌് ഇവ വീണ്ടും ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക‌് നിലവിലെ അടങ്കൽ 260.53 കോടിയാണ‌്. 24 അങ്കണവാടിക്ക‌ുപകരം സൗകര്യപ്രദവും ആധുനികവുമായ അങ്കണവാടികളുടെ നിർമാണത്തിന‌് ആറു കോടിയുടെ പദ്ധതിയാണ‌് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത‌്. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 25 ലക്ഷം രൂപവീതം അടങ്കൽ വരുന്ന 24 അങ്കണവാടിയുടെ നിർമാണവും പ്രഖ്യാപനത്തിലുണ്ട‌്.

ലോകത്തിന്റെ എത്‌ ഭാഗത്തുനിന്നും പങ്കാളിയാകാനും പദ്ധതികൾ പരിശോധിക്കാനും സംവിധാനമുണ്ട‌്. സർക്കാർ വകുപ്പുകളും ഏജൻസികളും മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ഫോട്ടോ സഹിതം https://rebuild.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ‌്. 

പുരോഗതിയും തുക ചെലവഴിക്കുന്ന വിധവും തുക നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരീക്ഷിക്കാൻ സാധിക്കുന്ന വിധത്തിലാണ് വെർച്വൽ പ്ലാറ്റ്ഫോം തയ്യാറാക്കിയത്.  ഒരു പദ്ധതിക്ക‌് പൂർണമായോ ഭാഗികമായോ ധനസഹായം ലഭ്യമാക്കിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുരോഗതി പോർട്ടലിൽകൂടി നിരീക്ഷിക്കാനും വിലയിരുത്താനും  സൗകര്യമുണ്ടാകും.

താൽപ്പര്യമുള്ള മേഖലയിൽ പുനർനിർമാണം നടത്താനുള്ള  ജില്ല, പഞ്ചായത്ത‌് എന്നിവ തെരഞ്ഞെടുക്കാം. ഒന്നോ ഒന്നിലേറെ പദ്ധതികളോ തെരഞ്ഞെടുക്കാം.  ഭാഗികമായി നിക്ഷേപം നടത്താനും അവസരമുണ്ടാകും. സംഭാവനകൾക്ക‌് ആദായ നികുതി ഇളവും ലഭ്യമാണ‌്.  ഡെബിറ്റ‌്/ക്രെഡിറ്റ‌് കാർഡുകൾ, നെറ്റ‌് ബാങ്കിങ‌് തുടങ്ങിയ മാർഗങ്ങൾ വഴി സംഭാവന നൽകാനും സൗകര്യമുണ്ട‌്. സർക്കാർ വകുപ്പുകൾക്ക് പോർട്ടലിൽ ലോഗ് ചെയ്ത് പുരോഗതി രേഖപ്പെടുത്താനാവും. പദ്ധതികളുടെ നടത്തിപ്പിനും മേൽനോട്ടത്തിനും സർക്കാരിന്റെ വിവിധ ഏജൻസികൾ, ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top