19 December Wednesday

കൊച്ചി വാട്ടർമെട്രോയ്‌ക്ക് ജർമൻ സഹായം; ധനസഹായവും സാങ്കേതിക സഹായവും ലഭ്യമാക്കും

സ്വന്തം ലേഖകൻUpdated: Sunday Dec 9, 2018

തിരുവനന്തപുരം > കൊച്ചി സംയോജിത വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ 940 കോടിരൂപയുടെ ജർമൻ സഹായം ഉറപ്പായി. കൊച്ചി നഗരത്തെ സ്മാർട്ട് സിറ്റിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സഹായ പദ്ധതിയിൽ ലോകബാങ്കിന്റെയും ഏഷ്യൻ ഡെവലപ്മെന്റ‌് ബാങ്കിന്റെയും സഹകരണവുമുണ്ടാകുമെന്ന‌് ഇന്ത്യയിലെ ജർമൻ അംബാസഡർ മാർട്ടിൻ നൈ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന സൗകര്യങ്ങൾ ആസൂത്രണംചെയ്ത് പ്രളയാനന്തര കേരളത്തെ പുനഃസൃഷ്ടിക്കുന്നതിന് സഹായവും ജർമനി ഉറപ്പാക്കും. കുറഞ്ഞപലിശയ്ക്ക് 720 കോടിയുടെ വായ്പയ്ക്കുപുറമെ,  24 കോടി യുടെ സാങ്കേതിക സഹായവും പദ്ധതിയുടെ ഭാഗമാണ‌്.

ഉദ്യോഗസ്ഥതല ചർച്ചകളിലൂടെ കരാറിനു രൂപംനൽകും. ജർമൻ വികസന ബാങ്കായ കെഎഫ്ഡബ്ല്യു വഴിയാണ് കുറഞ്ഞ പലിശയ്ക്ക് 720 കോടിരൂപ (90 ദശലക്ഷം യൂറോ) വായ്പയായി  നൽകുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്ന തരത്തിൽ റോഡുകളും പാലങ്ങളും നിർമിച്ച് ഗതാഗത അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിനാണ് വായ്പ. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം നൽകുന്നതിന് 24 കോടിയുടെ (3 ദശലക്ഷം യൂറോ) സാങ്കേതിക സഹായവും ഉറപ്പാക്കും.

15 റൂട്ടിലായി  41 ബോട്ടുജെട്ടിയും പത്ത് ദ്വീപസമൂഹങ്ങളെ (ജനസംഖ്യ 5 ലക്ഷം) ബന്ധിപ്പിക്കുന്ന 76 കിലോമീറ്റർ ശൃംഖലയുമാണ‌് കൊച്ചി വാട്ടർ മെട്രോ പദ്ധതിയിൽ രൂപപ്പെടുത്തുന്നത‌്. ദിനംപ്രതി ഒരുലക്ഷം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം. ഓരോ 10-, 20 മിനിറ്റിലും സർവീസ് നടത്തുന്ന രീതിയിൽ 78 ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്.  2020-ൽ പ്രവർത്തനസജ്ജമാകും.

ഊർജമേഖലയിൽ ജർമനി കേരളവുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ഒഴുകുന്ന സൗരോർജ പ്ലാന്റുകൾ കാരപ്പുഴ, മലമ്പുഴ എന്നിവിടങ്ങളിലെ ജലസംഭരണികളിൽ സ്ഥാപിക്കും. ഇതു സംബന്ധിച്ച പഠനം ഉടൻ പൂർത്തിയാകും. മേൽക്കൂര സൗരോർജ പദ്ധതികൾക്കും സഹായം നൽകും. ലളിതവ്യവസ്ഥകളിൽ ധനസഹായം നൽകുന്നതിനുപുറമെ  വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും പിന്തുണ നൽകും.

കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനുമുള്ള പദ്ധതിക്ക് കെഎഫ്ഡബ്ല്യു സഹായം നൽകും. അടുത്ത വർഷം ആരംഭിക്കുന്ന പദ്ധതിക്കായി 40 കോടി രൂപയാണ് (5 ദശലക്ഷം യൂറോ) ബാങ്ക് നൽകുന്നത്. “വിശപ്പില്ലാത്ത ഏകലോകം’  എന്ന ജർമൻ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഇത്. കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള 43 നീർത്തട പ്രദേശങ്ങളിൽ  സുസ്ഥിരമായ കൃഷി ഉറപ്പാക്കാൻ  ചെറുകിടകർഷകരെ  സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തിങ്കളാഴ്ച കൊച്ചി സ്മാർട്സിറ്റിയുടെ ഇന്നവേഷൻലാബ് മാർട്ടിൻ നൈ ഉദ്ഘാടനംചെയ്യും. പ്രളയാനന്തര കേരളത്തിന്റെ പ്രകൃതിഭംഗി അനാവരണം ചെയ്യപ്പെടുന്ന കൊച്ചി മുസ്സിരിസ് ബിനാലെയുടെ നാലാം പതിപ്പ് അന്തർദേശീയ വിനോദസഞ്ചാര രംഗത്ത് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
Top