21 July Saturday

ദുരിതത്തിനെതിരെ മഴയിലും നാടാകെ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017

# എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ കോഴിക്കോട് എസ്ബിഐക്കു മുന്നിലേക്ക് നടന്ന മാര്‍ച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യുന്നു


തിരുവനന്തപുരം > നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികദിനമായ ബുധനാഴ്ച സംസ്ഥാനത്താകെ പ്രതിഷേധമിരമ്പി. ജനജീവിതം ദുരിതത്തിലാഴ്ത്തുന്ന മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ തിരുത്തണമെന്നും ജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്നും എല്‍ഡിഎഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍പങ്കെടുത്ത ആയിരങ്ങള്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തും എറണാകുളത്തും ആര്‍ബിഐ ഓഫീസിനു മുന്നിലും മറ്റു ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളിലെ എസ്ബിഐ ഓഫീസിനു മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും പോസ്റ്റര്‍ പ്രചാരണവും നടന്നു. കനത്ത മഴ വകവയ്ക്കാതെയാണ് ആയിരങ്ങള്‍ പ്രതിഷേധ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്.

തിരുവനന്തപുരത്ത് ആര്‍ബിഐ മേഖലാ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായി. കോഴിക്കോട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കൊല്ലത്ത് കെ പ്രകാശ്ബാബുവും പത്തനംതിട്ടയില്‍ മനക്കര രാധാകൃഷ്ണനും ആലപ്പുഴയില്‍ ആനത്തലവട്ടം ആനന്ദനും കോട്ടയത്ത് സി കെ നാണുവും ഇടുക്കിയില്‍ മാത്യുസ് എന്‍ കോലഞ്ചേരിയും എറണാകുളത്ത് എം വി ഗോവിന്ദനും തൃശൂരില്‍ പന്ന്യന്‍ രവീന്ദ്രനും  പാലക്കാട്ട് എളമരം കരീമും മലപ്പുറത്ത് എ കെ ശശീന്ദ്രനും വയനാട്ടില്‍ കെ രാജനും കണ്ണൂരില്‍ ഇ പി ജയരാജനും കാസര്‍കോട്ട് പി കരുണാകരനും സമരം ഉദ്ഘാടനംചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ വികല സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യമാകെ ഇടതുപാര്‍ടികള്‍ ജനകീയപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച പ്രതിഷേധദിനം ആചരിച്ചത്.

സര്‍വീസ് സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലും സംസ്ഥാനത്താകെ വിവിധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. എന്‍ജിഒ യൂണിയന്‍ നേതൃത്വത്തില്‍ ഓഫീസ് പരിസരങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top