21 November Wednesday

കാരക്കോണം മെഡിക്കൽ കോളേജ‌് പ്രവേശനം: അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


തിരുവനന്തപുരം
കാരക്കോണം സിഎസ‌്ഐ മെഡിക്കൽ കോളേജ‌് പ്രവേശനവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച‌് സിഎസ‌്ഐ ദക്ഷിണ കേരള മഹായിടവക അന്വേഷണം തുടങ്ങി.

പ്രവേശനത്തിന‌് വ്യാജ സംവരണ സർട്ടിഫിക്കറ്റ‌് നൽകിയതുമായി ബന്ധപ്പെട്ട‌് കോഴ വാങ്ങുന്ന  ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന‌് സിഎസ‌്ഐ മെഡിക്കൽ കോളേജ‌് ഡയറക്ടർ ഡോ. ജെ ബെന്നറ്റ‌് എബ്രഹാം, പ്രിൻസിപ്പൽ ഡോ. പി മധുസൂദനൻ എന്നിവരെ സസ‌്പെൻഡ‌് ചെയ‌്തിരുന്നു. വൈസ‌് പ്രിൻസിപ്പൽ ഡോ.എം വി ഇന്ദിരയ‌്ക്കാണ‌് പ്രിൻസിപ്പലിന്റെ ചുമതല.

മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട‌് ഗുരുതര ക്രമക്കേടുകൾ നടന്നതായി ബോധ്യപ്പെട്ടെന്ന‌് മഹായിടവക സെക്രട്ടറി ഡോ.പി കെ റോസ‌്ബിസ‌്റ്റ‌് അറിയിച്ചു. മാനേജ‌്മെന്റ‌് സീറ്റിൽ 15 എണ്ണം ആംഗ്ലിക്കൻ സഭാ വിഭാഗത്തിന‌് സംവരണം ചെയ‌്തത‌് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച‌് സമഗ്രാന്വേഷണം നടത്താൻ ദക്ഷിണ കേരള മഹായിടവക ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

 ആംഗ്ലിക്കൻ സഭയുടെ ക്വോട്ടയിൽ കാരക്കോണം മെഡിക്കൽ കോളേജിൽ നടത്തിയ പ്രവേശനമാണ‌് വിവാദമായത‌്. ന്യൂനപക്ഷ സമുദായ സീറ്റിലേക്കുള്ള പ്രവേശനത്തിന‌് സിഎംഎസ‌് ആംഗ്ലിക്കൻ സഭയിലെ ബിഷപ‌് ഡേവിഡ‌് വി ലൂക്കോസ‌് കോഴ വാങ്ങി ഇതര സഭകളിലെ കുട്ടികൾക്ക‌്  സമുദായ സർട്ടിഫിക്കറ്റ‌് നൽകിയെന്നാണ‌് ആക്ഷേപം. പ്രവേശനം ലഭിക്കാത്ത ചില വിദ്യാർഥികൾ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top