17 November Saturday
പുറത്തറിയിച്ചില്ല

ബാണാസുരസാഗർ അണക്കെട്ടിനുസമീപം റിസോർട്ട് ഭൂമിയിൽ ഉരുൾപൊട്ടി

കെ എ അനിൽകുമാർUpdated: Sunday Sep 9, 2018

കൽപ്പറ്റ
ബാണാസുരസാഗർ അണക്കെട്ടിനോട് ചേർന്നുള്ള സ്വകാര്യ ഭൂമിയിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. സ്വകാര്യ റിസോർട്ടിനായി  കെട്ടിട നിർമാണം നടക്കുന്ന ഭാഗത്താണ്  അപകടം. അണക്കെട്ടിന് ദോഷമായി ബാധിക്കുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിസോർട്ട് അധികൃതർ പുറംലോകത്തെ അറിയിച്ചില്ല. മണ്ണ് ഒലിച്ചുപോയ ഭാഗം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുവച്ച നിലയിലാണ്. അണക്കെട്ടിന് ചുറ്റിലുമായി നിരവധി റിസോർട്ടുകളാണ് പ്രവർത്തിക്കുന്നത്. നിരവധി എണ്ണം നിർമാണത്തിലുമാണ്. കുറ്റ്യാംവയൽ താണ്ടിയോട് ഭാഗത്തുള്ള റിസോർട്ടിന്റെ ഭൂമിയിലാണ് വൻ മണ്ണിടിച്ചലും ഉരുൾപൊട്ടലുമുണ്ടായത്. ഡാമിനോട് ചേർന്ന്  മറ്റൊരിടത്ത് കെട്ടിടം നിർമിക്കുന്നുമുണ്ട്്. വലിയ കെട്ടിടമാണ് നിർമിക്കുന്നത്. ഇവിടെയും മണ്ണിടിഞ്ഞിട്ടുണ്ട്.  മണ്ണും മരങ്ങളും ഒലിച്ചുപോയ നിലയിലാണ്.  മറ്റൊരിടത്ത്  35 മീറ്റർ വീതിയിൽ 60 മീറ്റർ ഉരത്തിലുമാണ് ഉരുൾപൊട്ടിത്. 

ഇവിടെയുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചലും  റവന്യു വിഭാഗത്തിന്റെ കണക്കിൽ പെട്ടിട്ടില്ല. റിസോർട്ടുകാർ അറിയിച്ചതുമില്ല. റിസോർട്ടിലേക്ക് കരമാർഗം പ്രവേശിക്കുന്നതിന് വലിയ നിയന്ത്രണമാണ്. അതുകൊണ്ട്  പൊതുജനങ്ങൾക്ക് ഇവിടെ എളുപ്പം എത്താനാവില്ല. ബോട്ടിൽ അണക്കെട്ടിലൂടെ സഞ്ചരിച്ചാലാണ് മണ്ണിടിച്ചിലിന്റെ ഭീകരത കാണാനാവുക. ഡാമിന്റെ വൃഷ്ടി പ്രദേശമായ ഇവിടങ്ങളിൽ അനധികൃത നിർമാണങ്ങളാണ് കനത്ത തോതിൽ മണ്ണ് ഇടിയാൻ കാരണം. മണ്ണും വെള്ളവുമെല്ലാം ഡാമിലേക്കാണ് എത്തുന്നത്. സ്വകാര്യ ‐വനഭൂമികളിലായി നാൽപ്പതോളം ഭാഗത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. കാലവർഷത്തിൽ  ഇത്തവണ അതിശക്തമായ നീരൊഴുക്കാണ് അണക്കെട്ടിൽ എത്തിയത്. ആഗസ്ത് ഒമ്പതിന് 68 മില്ലമീറ്റർ വരെ വെള്ളമെത്തി. മഴയെ കൂടാതെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചലും ഉരുൾപൊട്ടലും നീരൊഴുക്ക് വർധിപ്പിച്ചതായി കെഎസ്ഇബി അധികൃതർ പറഞ്ഞു.

 


പ്രധാന വാർത്തകൾ
Top