20 September Thursday

മാധ്യമ പ്രവർത്തകന്റെ വീട്ടിലെ കവർച്ച ബംഗാൾ അതിർത്തിയിലെ സംഘം തന്നെയെന്ന‌് പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


കണ്ണൂർ
മാധ്യമ പ്രവർത്തകൻ വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച‌് കെട്ടിയിട്ട് വീട് കവർച്ചചെയ്തത് ബംഗാൾ അതിർത്തിയിലുള്ള കവർച്ചാ സംഘംതന്നെയെന്ന് പ്രത്യേക അന്വേഷക സംഘം സ്ഥിരീകരിച്ചു. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിൽനിന്നുള്ളവരാണ് കവർച്ചാ സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ബംഗ്ലാദേശികളുമുണ്ട്. പ്രതികളുടെ പേരുവിവരമടക്കം പൊലീസിന് ലഭിച്ചതായാണ് സൂചന. കൂടുതൽ വിവരം ശേഖരിക്കുന്നതിന് അന്വേഷക സംഘം ഡൽഹി പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.  കവർച്ചയ‌്ക്കുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. താവക്കര ബൈപാസിൽ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം കഴിഞ്ഞ ദിവസം ഒരു കാർ ദുരൂഹസാഹചര്യത്തിൽ നിർത്തിയിട്ടതായി കണ്ടെത്തിയിരുന്നു. കവർച്ചക്കാരെ പ്രദേശികമായി സഹായിച്ചവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഉടൻ വലയിലാക്കാനാവുമെന്ന പ്രതീക്ഷയിലാണ്  അന്വേഷക സംഘം. 

വിനോദ്ചന്ദ്രനെ ആക്രമിച്ചതിന്റെ തലേദിവസം മുണ്ടയാട് എളയാവൂർ അമ്പലം റോഡിൽ മൂന്ന് വീടുകളിൽ മോഷണശ്രമം  നടന്നിരുന്നു. അതിൽ രണ്ടെണ്ണത്തിൽ വിനോദ്ചന്ദ്രന്റെ വീട്ടിൽ നടന്ന കവർച്ചക്ക് സമാനമായ രീതിയാണ് അവലംബിച്ചത്. ആൾ താമസമില്ലാത്തതിനാൽ കാര്യമായി  ഒന്നും ലഭിച്ചില്ല. രണ്ട്് വീട്ടിലും നാലുപേരടങ്ങുന്ന  സംഘമാണ് കവർച്ചാശ്രമം നടത്തിയതെന്ന് സിസിടിവിയിലെ ദൃശ്യം വ്യക്തമാക്കുന്നു.


പ്രധാന വാർത്തകൾ
Top