15 November Thursday
പൊലീസ‌് അതിക്രമം

മുത്തൂറ്റ‌് ഫിനാൻസ‌് ജീവനക്കാർ ഇന്ന‌് പണിമുടക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018


കൊച്ചി
മുത്തൂറ്റ‌് ഫിനാൻസ‌ിന്റെ ഹെഡ‌് ഓഫീസിനുമുന്നിൽ സമാധാനപരമായി സമരം ചെയ‌്ത ജീവനക്കാർക്കുനേരെയുണ്ടായ പൊലീസ‌് അതിക്രമത്തിൽ പ്രതിഷേധിച്ച‌് എറണാകുളം റീജണിലെ ജീവനക്കാർ വ്യാഴാഴ‌്ച പണിമുടക്കും. എറണാകുളത്തെ ഹെഡ‌് ഓഫീസിൽ സമരംചെയ‌്ത  സ‌്ത്രീകൾ ഉൾപ്പെടെയുള്ള ഇരുന്നൂറോളം ജീവനക്കാരെയാണ‌് പൊലീസ‌് ബലംപ്രയോഗിച്ച‌്  അറസ‌്റ്റ‌് ചെയ‌്തത‌്. നാലാംനിലയിൽനിന്ന‌് വലിച്ചിഴച്ചാണ‌് ജീവനക്കാരെ പുറത്തെത്തിച്ചത‌്. നിരവധി പേർക്ക‌് പരിക്കേറ്റു.
ആഗ‌സ‌്ത‌് ഒന്നിനു ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയെ തുടർന്ന‌് ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക‌് പിൻവലിച്ചിരുന്നു. അന്നുണ്ടാക്കിയ ഒത്തുതീർപ്പുവ്യവസ്ഥകൾ ഒരാഴ‌്ചയ‌്ക്കകം തന്നെ ലംഘിച്ച മാനേജ‌്മെന്റിന്റെ നടപടിക്കെതിരെയാണ‌് ജീവനക്കാർ ഹെഡ‌് ഓഫീസിലെത്തി സമരം ചെയ‌്തത‌്.

സ്ഥലംമാറ്റിയ ജീവനക്കാരനു ഒത്തുതീർപ്പ‌് വ്യവസ്ഥപ്രകാരം നിയമനം നൽകാതെ മാനേജ‌്മെന്റിന്റെ ഇഷ്ടക്കാരനെ മഞ്ഞപ്ര ബ്രാഞ്ച‌് ഓഫീസിൽ നിയമിച്ചതിനെതിരെ കഴിഞ്ഞദിവസം മഞ്ഞപ്ര ബ്രാഞ്ച‌് ഓഫീസിനുമുന്നിലും കടവന്ത്ര റീജണൽ ഓഫീസിനു മുന്നിലും നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. എന്നാൽ, ചർച്ചയ‌്ക്കുപോലും  മാനേജ‌്മെന്റ‌് തയ്യാറാകാത്തതിനെ തുടർന്നാണ‌് അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി രതീഷ‌്, മുത്തൂറ്റ‌് ഫിനാൻസ‌് യൂണിറ്റ‌് സെക്രട്ടറി നിഷ കെ ജയൻ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ ഹെഡ‌് ഓഫീസിലെത്തി പ്രതിഷേധിച്ചത‌്.

സമാധാനപരമായി മുദ്രാവാക്യം വിളിച്ച‌് ഇരുന്ന ജീവനക്കാരെയാണ‌് സെൻട്രൽ സിഐ എ അനന്തലാലിന്റെ നേതൃത്വത്തിൽ അറസ‌്റ്റ‌് ചെയ‌്തത‌്. സ‌്ത്രീകൾ ഉൾപ്പെടെയുള്ളവരെ നാലാംനിലയിൽനിന്ന‌് വലിച്ചിഴച്ചാണ‌് താഴെ എത്തിച്ച‌് വാഹനത്തിൽ കയറ്റിയത‌്.

സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ‌്, ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ, കെ വി മനോജ‌്, എസ‌് കൃഷ‌്ണമൂർത്തി എന്നിവർ പൊലീസ‌് സ‌്റ്റേഷനിലെത്തി നടത്തിയ ചർച്ചയെ  തുടർന്നാണ‌് അറസ‌്റ്റ‌് ചെയ‌്ത ജീവനക്കാരെ ജാമ്യത്തിൽ വിട്ടത‌്.

ഹെഡ‌് ഓഫീസിലെ  ജോലിക്കു ഒരു തടസ്സവും സൃഷ്ടിക്കാതെ സമാധാനപരമായി സമരംചെയ‌്ത ജീവനക്കാരെ  പൊലിസിനെ വിളിച്ചുവരുത്തി നേരിട്ട മാനേജ‌്മെന്റ‌് നടപടിയിൽ അസോസിയേഷൻ മുത്തൂറ്റ‌് ഫിനാൻസ‌് യൂണിറ്റ‌് സംസ്ഥാന കമ്മിറ്റി യോഗം അപലപിച്ചു. ഒത്തുതീർപ്പുവ്യവസ്ഥയ‌്ക്ക‌് വിരുദ്ധമായി മഞ്ഞപ്ര ബ്രാഞ്ചിൽ നടത്തിയ നിയമനം റദ്ദാക്കുന്നതുവരെ ഹെഡ‌് ഓഫീസിനുമുന്നിൽ അനിശ‌്ചിതകാല സമരം ആരംഭിക്കാനും വ്യാഴാഴ‌്ച എറണാകുളം റീജണിൽ പണിമുടക്ക‌് നടത്താനും യോഗം തീരുമാനിച്ചു. കെ ജെ തൊമസ‌് അധ്യക്ഷനായി.

പ്രതിഷേധത്തിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന‌് സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കറും അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി രതീഷും അഭ്യർഥിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top