19 September Wednesday
പാളങ്ങളുടെ സുരക്ഷാപരിശോധകർക്ക‌് ആശ്വാസം

ദക്ഷിണ റെയിൽവേയിലും ട്രാക‌്മാൻമാർക്ക‌് ‘രക്ഷക‌്’ നൽകുന്നു

അഞ‌്ജുനാഥ‌്Updated: Thursday Aug 9, 2018

കൊച്ചി
റെയിൽപ്പാളങ്ങളുടെ സുരക്ഷ പരിശോധിക്കുന്ന ട്രാക്മാൻമാർക്കും പട്രോൾമാൻമാർക്കും ജിപിഎസ് ട്രാക്കിങ് സംവിധാനമായ 'രക്ഷക്' ഉടൻ  നൽകാൻ  ഉത്തരവ്. ഇതു സംബന്ധിച്ച് റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനിയുടെ  ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ട്രാക്മാൻ നിൽക്കുന്നതിന്റെ ഏഴു കിലോമീറ്റർ ചുറ്റളവിൽ ട്രെയിൻ വന്നാൽ വിവരം നൽകുന്ന സംവിധാനമാണ് രക്ഷക്.  ഉത്തരേന്ത്യയിൽ  നേരത്തേ രക്ഷക് നൽകിയിരുന്നു.

ദക്ഷിണ റെയിൽവേയിൽ പരിശോധനയ്ക്ക് ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാത്തതിനാൽ ട്രെയിൻ അപകടങ്ങളിൽ നിരവധി ട്രാക്മാൻമാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിന്റെ പേരിൽ ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (ഡിആർഇയു), ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ (എഐഎൽആർഎസ്എ) തുടങ്ങിയ സംഘടനകൾ ദീർഘനാളായി നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് റെയിൽവേ അധികൃതർ ജിപിഎസ് ട്രാക്കിങ് സംവിധാനം നൽകാൻ നിർബന്ധിതരായത്.

എട്ടുമുതൽ പുലർച്ചെ നാലുവരെയാണ് രാത്രി ഡ്യൂട്ടിക്കു നിയോഗിക്കുന്ന ട്രാക്മാൻമാരുടെ ജോലി സമയം.  ഓരോ ട്രാക്മാനും 16 മുതൽ 18 വരെ കിലോമീറ്റർ നടന്നു വേണം പരിശോധന നടത്താൻ. നിലവിൽ അങ്ങേയറ്റം അപകടകരമായ നിലയിലാണ് ഇവരുടെ ജോലി. കനത്ത മഴയും മഞ്ഞുമുള്ള അവസരങ്ങളിൽ ട്രെയിൻ തൊട്ടടുത്ത് എത്തിയാൽ പോലും തിരിച്ചറിയാൻ കഴിയില്ല.  ഒരു വർഷത്തിനിടെ തിരുവനന്തപുരം ഡിവിഷനിൽ മാത്രം നാലു പേർ ജോലിക്കിടെ  മരിച്ചു. ഏറ്റവുമൊടുവിൽ ആഗസ‌്ത‌് രണ്ടിന് പുലർച്ചെ പിറവം റോഡ് റെയിൽവേസ്റ്റേഷനു സമീപം രാജസ്ഥാൻ സ്വദേശി വിജയ്സിങ് മീണ അപകടത്തിൽ മരിച്ചു. 2009 ‐ 12 കാലത്ത‌് രാജ്യത്തൊട്ടാകെ 1600 റെയിൽവേ ജീവനക്കാരാണ് ജോലിക്കിടെ മരിച്ചത്. ഇതിൽ അറുന്നൂറിലേറെപ്പേരും ട്രാക്മാൻമാരാണ്. ഇതു സംബന്ധിച്ച് അനിൽ കകോദ്കറുടെ നേതൃത്വത്തിലുള്ള ഉന്നതതല സുരക്ഷാ സമിതിയുടെ റിപ്പോർട്ടും റെയിൽവേ അവഗണിക്കുകയായിരുന്നു.

പ്രധാന വാർത്തകൾ
Top