15 November Thursday
കന്യാസ‌്ത്രീ ഉജ്ജയിൻ ബിഷപ്പിന‌് അയച്ച കത്ത‌് പുറത്ത‌്

ജലന്ധർ ബിഷപ്പിൽ നിന്നും നാളെ മൊഴി എടുത്തേക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

കോട്ടയം
ബലാത്സംഗത്തിന് ഇരയായെന്ന കന്യാസ്ത്രീയുടെ പരാതിയിന്മേൽ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൽ നിന്നും അന്വേഷണസംഘം വെള്ളിയാഴ്ച മൊഴിയെടുത്തേക്കും. ഇതിനായി വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  ജലന്ധറിലേയ്ക്ക് തിരിച്ചു.

ഫ്രാങ്കോ മുളയ്ക്കലിൽ നിന്നും നേരിട്ട പീഡനം സംബന്ധിച്ച് ഉജ്ജയിൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേലിന് കന്യാസ്ത്രീ മുമ്പ‌് അയച്ച പരാതികത്ത് പുറത്തുവന്നത് അന്വേഷണത്തിൽ വഴിത്തിരിവായി. ലൈംഗികപീഡനത്തിന്റെ കാര്യം കന്യാസ്ത്രീ തന്നോട് പറഞ്ഞിരുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മാർ സെബാസ്റ്റ്യൻ വടക്കേൽ മൊഴി നൽകിയത്. എന്നാൽ, ഇത് ശരിയല്ലെന്ന് കത്ത് പുറത്തുവന്നപ്പോൾ തെളിഞ്ഞു. ഉജ്ജയിൻ ബിഷപ്പ് നൽകിയ മൊഴിയ്ക്ക് കടകവിരുദ്ധമായ കാര്യങ്ങളാണ് കത്തിലുള്ളത്. ഉജ്ജയിൻ ബിഷപ്പും അന്വേഷണസംഘത്തോട് പലതും മറച്ചുവയ്ക്കുന്നതായാണ് അനുമാനിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗിക ചുവയോടെ നേരിട്ടും ഫോണിലൂടെയും പെരുമാറിയെന്ന് കന്യാസ്ത്രീയുടെ പരാതി കത്തിലുണ്ട്. കൂടുതൽ കാര്യങ്ങൾ ഉജ്ജയിൻ ബിഷപ്പിനെ നേരിട്ടും ധരിപ്പിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തോട് കന്യാസ്ത്രീ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ പെരുമാറ്റം സംബന്ധിച്ച് മുഴുവൻ കാര്യങ്ങളും  വിവരിക്കാനാവില്ലെന്നും കത്തിൽ കന്യാസ്ത്രീ സൂചിപ്പിക്കുന്നു. ജലന്ധർ ബിഷപ്പ് മറ്റു കന്യാസ്ത്രീകൾക്ക് ലൈംഗികചുവയോടെയുള്ള സന്ദേശങ്ങൾ അയച്ചിരുന്നതായും ഇവർ വെളിപ്പെടുത്തുന്നു.

ജലന്ധർ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും കന്യാസ്ത്രീ പരാതി നൽകിയിരുന്നു. ജനുവരി 28 നാണ് ആദ്യം പരാതിനൽകിയത്. ഇതിനു ശേഷവും ഒരു പരാതി കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ വത്തിക്കാൻ സ്ഥാനപതിയിൽ നിന്നും മൊഴിയെടുക്കാൻ അന്വേഷണസംഘം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, പിന്നീടിത് ഉപേക്ഷിച്ചു. ലഭിച്ച പരാതിയും അതിന്മേൽ സ്വീകരിച്ച നടപടിയെക്കുറിച്ചും ഇ മെയിൽ മുഖേന അറിയിക്കാമെന്ന് വത്തിക്കാൻ എംബസി അധികൃതർ അന്വേഷണസംഘത്തെ അറിയിച്ചതായാണ് വിവരം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top