20 September Thursday
ഫണ്ട‌് വെട്ടിക്കുറച്ചു

സ‌്പെഷ്യലിസ്റ്റ‌് അധ്യാപകർക്ക‌് ശമ്പളം 7000 മതിയെന്ന്‌ കേന്ദ്രം

സ്വന്തം ലേഖകൻUpdated: Monday Jul 9, 2018

തിരുവനന്തപുരം 

സർക്കാർ യുപി സ‌്കൂളുകളിലെ കല, കായിക, പ്രവൃത്തിപരിചയ മേഖലകളിൽ നിയമിച്ചിരുന്ന സ‌്പെഷ്യലിസ്റ്റ‌് അധ്യാപകരുടെ മാസവേതനം 25000 രൂപയിൽനിന്ന‌് 7000 രൂപയാക്കി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത‌് കേരളത്തെ വെട്ടിലാക്കി. സംസ്ഥാനത്തെ 895 സ‌്കൂളിലായി നിയമിച്ചിരുന്ന 2685 അധ്യാപകരുടെ മാസവേതനമാണ‌് ഈ അധ്യയനവർഷം മുതൽ 7000 രൂപ മതിയെന്ന‌് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം  നിശ്ചയിച്ചത‌്.

എസ‌്എസ‌്എ മുഖേന നിയമിച്ചവരുടെ വേതനം വെട്ടിക്കുറച്ചതോടെ കേരളം പ്രതിസന്ധിയിലായി. കേരളത്തിൽ അധ്യാപകരുടെ സേവനം ഒരു അധ്യയന വർഷം തുടരണമെങ്കിൽ 46 കോടി രൂപ സംസ്ഥാന സർക്കാർ കണ്ടെത്തണം. കേന്ദ്രം നിർദേശിച്ച  7000 രൂപയെന്ന മാസവേതനത്തിന്റെ 40 ശതമാനമായ  2800 രൂപ വഹിക്കേണ്ടതും കേരളമാണ‌്. 7000 രൂപയായി കേന്ദ്രം നിശ്ചയിച്ചിട്ടുണ്ടെങ്കിലും 60 ശതമാനമായ 4800 രൂപ മാത്രമാണ‌് കേന്ദ്രം എസ‌്എസ‌്എ വഴി നൽകുന്നത‌്. ഈ അധികബാധ്യതയ‌്ക്ക‌് പുറമെയാണ‌് അധ്യാപകരെ നിലനിർത്താൻ കോടികളുടെ ബാധ്യത ഏറ്റെടുക്കേണ്ടിവരിക. അധ്യാപകരുടെ സേവനം തുടർന്നും നിലനിർത്തണമെന്നും അനിവാര്യമാണെന്നും  കാണിച്ച‌്  കത്ത‌് എസ‌്എസ‌്എ ഡയറക്ടർ എ പി കുട്ടിക്കൃഷ‌്ണൻ സംസ്ഥാന സർക്കാരിന‌് സമർപ്പിച്ചിട്ടുണ്ട‌്.

പൊതുവിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കേണ്ടുന്ന തുക കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതോടെയാണ‌് ഇവരുടെ വേതനവും മൂന്നിലൊന്നിൽ താഴെയാക്കി ചുരുക്കിയത‌്. 7000 രൂപ മാസശമ്പളത്തിൽ കേരളത്തിൽ അധ്യാപകരെ നിയമിക്കാനാകില്ല. കല, കായികം, പ്രവൃത്തിപരിചയ പാഠ്യേതരപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി കുട്ടികളുടെ  സർഗാത്മക കഴിവുകൂടി പരിപോഷിപ്പിക്കുക എന്നത‌് എൽഡിഎഫ‌് നയമാണ‌്. എൽഡിഎഫ‌്‌ അധികാരമേറ്റശേഷം മന്ത്രി സി രവീന്ദ്രനാഥ‌് ഇടപെട്ടാണ‌് സ‌്പെഷ്യലിസ്റ്റ‌്‌ അധ്യാപകർക്ക‌് നൽകുന്ന കേന്ദ്രഫണ്ട‌് വിനിയോഗിക്കാൻ തീരുമാനിച്ചത‌്. മുൻകാലങ്ങളിൽ ഈ ഇനത്തിൽ കേന്ദ്രം തുക അനുവദിച്ചിരുന്നെങ്കിലും കേരളം ലാപ‌്സാക്കുകയായിരുന്നു.

സ‌്പെഷ്യലിസ്റ്റ‌്‌ അധ്യാപകരെ നിലനിർത്താൻ എന്തുചെയ്യാനാകുമെന്ന‌് സംബന്ധിച്ച‌് മുഖ്യമന്ത്രിയുമായും ധനവകുപ്പുമായും കൂടിയാലോചന നടത്തിയെന്ന് മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു. വൻ സാമ്പത്തികബാധ്യത എങ്ങനെ വഹിക്കാനാകുമെന്നത‌് പരിശോധിക്കുന്നുണ്ട‌്. ബാധ്യത സഹിച്ചും സ‌്കൂളുകളിൽ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top