24 September Monday

പുതിയ പട്ടിക ഇറങ്ങി 30 കേസ‌് ഇനി ഗുരുതര കുറ്റകൃത്യം

സ്വന്തം ലേഖകൻUpdated: Monday Jul 9, 2018

തിരുവനന്തപുരം

രണ്ടുലക്ഷം രൂപയിൽ കൂടുതലുള്ള എടിഎം തട്ടിപ്പ‌ും പോക‌്സോ കേസ‌ും കള്ളനോട്ട‌് കേസും ഇനിമുതൽ ഗുരുതര കുറ്റകൃത്യങ്ങൾ. ഇവയ‌്ക്കൊപ്പം 37 ഇനം കുറ്റകൃത്യങ്ങളെ ഗുരുതരമായവയുടെ പട്ടികയിൽ ചേർത്ത‌് പുതുക്കിപൊലീസ‌് മേധാവി ഉത്തരവിറക്കി.

ഡിവൈഎസ‌്പിമാരുടെ മേൽനോട്ടത്തിൽ എസ‌്എച്ച‌്ഒമാരാകും കേസ‌് അന്വേഷിക്കേണ്ടത‌്. നേരത്തെ കള്ളനോട്ട‌് അച്ചടി കേസൊഴികെ മുഴുവൻ ഗുരുതര കുറ്റകൃത്യങ്ങളുടെയും അന്വേഷണ ഉദ്യോഗസ്ഥൻ സിഐമാരായിരുന്നു. സിഐമാർ എസ‌്എച്ച‌്ഒമാരാകുകയും സർക്കിൾ ഇല്ലാതാകുകയും ചെയ‌്തതോടെയാണ‌് അന്വേഷണച്ചുമതല എസ‌്എച്ച‌്ഒക്ക‌് നൽകിയത‌്.  2017ലെ പട്ടികയിൽ 26 എണ്ണമാണ‌് ഉണ്ടായിരുന്നതെങ്കിൽ പുതുക്കിയ പട്ടികയിൽ 37 ഇനം കുറ്റകൃത്യമുണ്ട‌്.

കൊലപാതകം, കൊലപാതക ശ്രമം, കുറ്റകരമായ നരഹത്യ, 50 ലക്ഷം രൂപയിൽ കൂടുതൽ തുക വരുന്ന കൊള്ള, 75 ലക്ഷത്തിൽ കൂടുതൽ തുക വരുന്ന മോഷണം, ജീവൻ നഷ്ടപ്പെടുന്ന ട്രെയിൻ അപകടം, എസ‌്ഐക്കുമേൽ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരായ കേസ‌്, തെറ്റായ പ്രചാരണം നിമിത്തമുള്ള കുട്ടികളുടെ ആത്മഹത്യ, ഭിക്ഷാടനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, വാണിജ്യാവശ്യത്തിന‌് മയക്കുമരുന്ന‌് വിൽപ്പന, സ‌്ത്രീധനപീഡനംമൂലമുള്ള  മരണം, ബലാത്സംഗം, സ‌്ത്രീകൾക്കെതിരായ പീഡനം, സ‌്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, കൂട്ടമാനഭംഗം, വിദേശികൾക്കെതിരായ ആക്രമണം, കുട്ടിക്കടത്ത‌്, സ‌്ഫോടകവസ‌്തുക്കളുടെ ശേഖരണം, 10,000 ലിറ്ററിൽ കൂടുതൽ മദ്യം പിടിച്ചെടുത്ത അബ‌്കാരി കേസ‌്,  കുട്ടികളെ കാണാതാകൽ തുടങ്ങിയവയും പുതിയ പട്ടികയിലുണ്ട‌്. നേരത്തെ പത്തുലക്ഷം രൂപയിൽ കൂടുതൽ തുകയുടെ കൊള്ള, 20 ലക്ഷം രൂപയിൽ കൂടുതലുള്ള മോഷണം എന്നിവ ഗുരുതര കുറ്റകൃത്യപട്ടികയിലുണ്ടായിരുന്നു. ഇവ‌ യഥാക്രമം 50 ലക്ഷവും 75 ലക്ഷവുമാക്കി.  ഒരുലക്ഷം രൂപയുടെ എടിഎം കൊള്ള ഗുരുതര കുറ്റകൃത്യമായിരുന്നു. അവ പുതിയ പട്ടികയിൽ രണ്ടുലക്ഷമാക്കി. ഗുരുതര കുറ്റകൃത്യം റിപ്പോർട്ട‌് ചെയ‌്താൽ എസ‌്ഐ എസ്എച്ച‌്ഒയായ സ‌്റ്റേഷനിൽ പ്രത്യേക സംഘമുണ്ടാക്കി അന്വേഷിക്കണം സിഐ എസ‌്എച്ച‌്ഒയായ സ‌്റ്റേഷനുകളിൽ ക്രൈംഡിവിഷന്റെ സഹായത്തോടെ അന്വേഷിക്കണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top