18 November Sunday

കൊങ്കണി നാടകം‘റാവു അമ്മാവന്റെ എഴുന്നള്ളത്ത‌്’ വേദിയിൽ

സ്വന്തം ലേഖികUpdated: Monday Jul 9, 2018

‘‘റാവു മമ്മാലെ വോറാണ‌്’’ നാടകത്തിൽനിന്ന്‌

കൊച്ചി
കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന കൊങ്കണി സാമൂഹ്യ നാടകം ‘‘റാവു മമ്മാലെ വോറാണ‌്’’(റാവു അമ്മാവന്റെ എഴുന്നള്ളത്ത‌്) അരങ്ങിലെത്തി. കൊങ്കണി ഭാഷാ സംരക്ഷണത്തിന്റെ ഭാഗമായി കേരള കൊങ്കണി കൾച്ചറൽ ഫോർട്ടാണ‌് നാടകം വേദിയിലെത്തിച്ചത‌്. ജോൺ ഫെർണാണ്ടസ‌് എംഎൽഎയുടെ ‘മത്തായിയുടെ മരണം’ എന്ന മലയാള കാപ‌്സ്യൂൾ നാടകത്തെ ആസ‌്പദമാക്കിയാണ‌് നാടകം സംവിധാനം ചെയ‌്തിരിക്കുന്നത‌്.

കൊങ്കണി സമൂഹത്തിന്റെ യാഥാസ‌്തിഥിക ആചാരനുഷ‌്ഠാനങ്ങളും അന്ധവിശ്വാസങ്ങളും ആധുനിക ജീവിത സാഹചര്യത്തിൽ സമൂഹം എങ്ങനെ വിലയിരുത്തുന്നുവെന്നാണ‌് നാടകം വിശദീകരിക്കുന്നത‌്. എളമക്കര സ്വദേശിയും പൊലീസ‌് ഉദ്യോഗസ്ഥനുമായ ചന്ദ്രബാബു ഷെട്ടിയാണ‌് 75 മിനിട്ടുള്ള നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത‌്. എളമക്കര സ്വദേശി വി എൻ സുരേഷ‌് റാവുവും പച്ചാളം സ്വദേശി എ പി ഭാനുപ്രകാശും മുഖ്യ വേഷത്തിലെത്തുന്നു.

ഗോവയിൽനിന്നു പലായനംചെയ‌്ത‌് മംഗലാപുരം വഴി കൊച്ചിയിലെത്തിയ കൊങ്കണി കുടുംബത്തിന്റെ കഥയാണ‌് നാടക വിഷയം. പ്ലാന്ററായ താരാദാസ‌് റാവുവിന്റെ മരണശേഷം മൃതദേഹം,   മകൻ വരുന്നതും കാത്ത‌് മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കുന്നു. തണുത്തുവിറച്ച മോർച്ചറിയിൽനിന്നു താരാദാസ‌് റാവുവിന്റെ മൃതദേഹം എഴുന്നേറ്റുവന്ന‌് പഴയകാര്യങ്ങൾ ഓർക്കുന്നതിലൂടെയാണ‌് നാടകം വളരുന്നത‌്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പഴയ കൊങ്കണിപ്പാട്ടുകളുടെ അകമ്പടിയുമായി  നാടകം കാണികൾക്ക‌്  പുതിയ അനുഭവമായി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലായിരുന്നു ആദ്യ അവതരണം. തുടർന്ന‌് ആലപ്പുഴയിലും തിരുവനന്തപുരത്തും കോട്ടയത്തും നാടകം അവതരിപ്പിക്കും.

പ്രധാന വാർത്തകൾ
Top