14 November Wednesday

അഭിമന്യു വധം: കെ വി തോമസ് എംപിയുടെ പ്രസ‌്താവന മനുഷ്യത്വരഹിതം‐ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

കൊച്ചി

മനുഷ്യമനഃസാക്ഷിയെ നടുക്കിയ അഭിമന്യുവധത്തിന്റെ വേദനയിൽനിന്ന‌് അഭിമന്യുവിന്റെ കുടുംബവും സഹപ്രവർത്തകരും അധ്യാപകരുമടക്കം മുക്തിനേടുന്നതിനു മുമ്പ‌് എസ്എഫ്ഐയെ കുത്തിനോവിച്ച‌് രാഷ്ട്രീയ നേട്ടത്തിനായി കെ വി തോമസ് എംപി  രംഗത്തിറങ്ങിയത് മനുഷ്യത്വരഹിതവും ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന‌് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ‌്താവനയിൽ പറഞ്ഞു.

ഒരു കലാലയത്തിലെ അധ്യാപകനായിരുന്ന കെ വി തോമസ് മഹാരാജാസ്കോളേജിലെ അധ്യാപകരും വിദ്യാർഥികളും വിങ്ങിപ്പൊട്ടുന്ന ചിത്രം വിവിധ പത്രങ്ങളിൽ വന്നത് മറിച്ചുനോക്കണം. ലോക‌്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ‘വികസന വെളിപാട്’ തലയ‌്ക്കുപിടിച്ച് നാടാകെ റോഡും പാലവും കെട്ടാൻ നെട്ടോട്ടത്തിലാണ‌് കെ വി തോമസ്. എസ്എഫ്ഐയെ കുത്തുന്നതിന് മുമ്പ് കെഎസ്യു നേതാക്കളോടെങ്കിലും അദ്ദേഹം ഒന്ന് ബന്ധപ്പെടേണ്ടതായിരുന്നു. ഒന്നാംവർഷ ഡിഗ്രി വിദ്യാർഥികളെ സ്വീകരിക്കാൻ കലാലയത്തിൽ സ്വാഗത കമാനമുയർത്തുന്ന  വിദ്യാർഥികളെയാണ് ക്യാമ്പസ് ഫ്രണ്ട് ‐ എസ്ഡിപിഐ ക്രിമിനലുകൾ കടന്നാക്രമിച്ച് കുത്തിവീഴ്ത്തിയത്. ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ് ഈ സംഭവമെന്നും കൊലപാതകത്തിലേക്ക് നയിക്കാൻ മാത്രം കാരണമാകാവുന്ന ഏതെങ്കിലുമൊരു സംഭവം കോളേജിലുണ്ടായിട്ടില്ലെന്നു എല്ലാർക്കും അറിയാമെങ്കിലും കെ വി തോമസിനു മാത്രം അറിയില്ല.

വിവിധ മത, സാമുദായിക നേതാക്കളും കലാകാരൻമാരും സാഹിത്യകാരൻമാരും ഈ കൊലപാതകത്തിൽ വേദനിച്ച‌് പ്രതിഷേധിക്കുകയും അഭിമന്യുവിന്റെ കുടുംബത്തിനു സഹായം നൽകുകയുമാണ്. ഈ കൊല നടത്തിയവർ ഇസ്ലാമിന്റെ ശത്രുക്കളാണെന്നും അഭിപ്രായമുയർന്നു. ഹൃദയത്തിൽനിന്ന‌് ഉയർന്നുവരുന്ന ഈ അഭിപ്രായങ്ങളൊന്നും നിർഭാഗ്യവശാൽ കെ വി തോമസിന്റെ മനസ്സിനെ സ്പർശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മനസ്സിലിപ്പോഴും എസ്എഫ്ഐ വിരോധമാണ്.

മത ന്യൂനപക്ഷങ്ങൾക്കും, പട്ടികജാതി‐വർഗ സമൂഹങ്ങൾക്കുമെതിരെ വടക്കേ ഇന്ത്യയിലാകെ കടന്നാക്രമണം നടക്കുമ്പോൾ അതുകണ്ടില്ലെന്നു നടിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രശംസകൊണ്ടു പൊതിഞ്ഞ കെ വി തോമസിന്റെ നടപടി കോൺഗ്രസിനെപ്പോലും ഞെട്ടിച്ചതാണ്. പലസ്തീനിലും ഇറാഖിലും സിറിയയിലും ബോംബുവർഷിച്ച് നിരപരാധികളെ ഇസ്രയേൽ കൊന്നൊടുക്കിയപ്പോൾ ഡൽഹിയിലെ ഇസ്രയേൽ അംബാസിഡറെക്കണ്ട് പൂച്ചെണ്ടുനൽകിയതും ജനങ്ങളോർക്കുന്നുണ്ട്. അഭിമന്യുവിനെ ഒറ്റക്കുത്തിനു കൊലപ്പെടുത്തിയ കൊലയാളിസംഘത്തെ ഫലത്തിൽ ന്യായീകരിച്ച കെ വി തോമസ് എംപിയുടെ പ്രസ്താവനയ‌്ക്കെതിരെ പ്രതിഷേധമുയർത്തണമെന്നും ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അഭ്യർഥിച്ചു.

പ്രധാന വാർത്തകൾ
Top