14 November Wednesday

രണ്ടാം അലോട്ട‌്മെന്റ‌് 26ന‌് മെഡിക്കൽ പ്രവേശനം: സ‌്പെഷ്യൽ ഫീസുകൾ ഈടാക്കരുത‌്

സ്വന്തം ലേഖകൻUpdated: Monday Jul 9, 2018

തിരുവനന്തപുരം

മെഡിക്കൽ ഒന്നാംഘട്ട അലോട്ട‌്മെന്റിനെ തുടർന്നുള്ള പ്രവേശനം താൽക്കാലികമായതിനാൽ പ്രവേശനസമയത്ത‌് ട്യൂഷൻ ഫീസും അഡ‌്മിഷൻ ഫീസും ഒഴികെയുള്ള മറ്റ‌് ഫീസുകൾ ഇൗടാക്കരുതെന്ന‌് പ്രവേശന പരീക്ഷാ കമീഷണർ പി കെ സുധീർബാബു നിർദേശിച്ചു. നിർദേശിച്ചതിന‌് വിരുദ്ധമായ ഫീസ‌് ഇടാക്കിയതായി പരാതി ലഭിച്ചാൽ തുടർനടപടിക്കായി പ്രവേശന മേൽനോട്ട സമിതിയായ ജസ്റ്റിസ‌് രാജേന്ദ്രബാബു കമ്മിറ്റിക്ക‌് കൈമാറുമെന്നും അദ്ദേഹം ദേശാഭിമാനിയോട‌് പറഞ്ഞു.

മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട‌്മെന്റിനെ തുടർന്ന‌് ഫീസ‌് ഒടുക്കുന്നതിനും അതത‌് കോളേജുകളിൽ പ്രവേശനം നേടുന്നതിനും  12ന‌് വൈകിട്ട‌് അഞ്ചുവരെ സമയം അനുവദിച്ചിട്ടുണ്ട‌്. നിശ്ചിതസമയത്തിനകം കോളേജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട‌്മെന്റിൽ പരിഗണിക്കില്ല. രണ്ടാം അലോട്ട‌്മെന്റ‌് 26ന‌് നടത്തും.

ഒന്നാംഘട്ട അലോട്ട‌്മെന്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക‌് 22ന‌് അഞ്ച‌ിനു മുമ്പായി ആവശ്യമെങ്കിൽ വിടുതൽ നേടാം.  എന്നാൽ, രണ്ടാംഘട്ട അലോട്ട‌്മെന്റിൽ പരിഗണിക്കില്ല.  ഇവർക്ക‌് മോപ്പ‌് ‐അപ്പ‌് കൗൺസലിങ്ങിൽ പങ്കെടുക്കാം. 22ന‌് വൈകിട്ട‌് അഞ്ച‌ിനുമുമ്പായി വിടുതൽ നേടുന്നവർക്ക‌് കോളേജുകളിൽ നൽകിയിട്ടുള്ള ഫീസും മറ്റ‌് വിദ്യാഭ്യാസരേഖകളും  കോളേജ‌് അധികാരികൾ തിരികെ നൽകണം. ഇവർ പ്രവേശനപരീക്ഷാ കമീഷണർക്ക‌് ഒടുക്കിയിട്ടുള്ള ഫീസും തിരികെ ലഭിക്കും.

ഒന്നാംഘട്ട അലോട്ട‌്മെന്റിനെ തുടർന്ന‌് എംബിബിഎസ‌് /ബിഡിഎസ‌് ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ‌്സുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക‌് രണ്ടാം അലോട്ട‌്മെന്റിൽ കോളേജ‌് /കോഴ‌്സ‌് മാറ്റം ലഭിക്കുന്ന പക്ഷം ഫീസും മുഴുവൻ വിദ്യാഭ്യാസ രേഖകളും താമസംകൂടാതെ കോളേജ‌് അധികാരികൾ തിരിച്ചുനൽകണം.
ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള  രണ്ടാംഘട്ട കൗൺസലിങ്ങിനുശേഷം വിടുതൽ അനുവദിച്ചിട്ടുള്ള അവസാന തീയതിയായ 14നുമുമ്പ‌് ഓൾ ഇന്ത്യ ക്വോട്ടാ സീറ്റുകളിൽനിന്നും വിടുതൽ നേടാത്ത വിദ്യാർഥികളെ മെഡിക്കൽ കൗൺസിൽ ഓഫ‌് ഇന്ത്യ നിബന്ധനപ്രകാരം സംസ്ഥാനത്തെ  രണ്ടാം ഘട്ട അലോട്ട‌്മെന്റിലോ  തുടർന്നുള്ള മോപ്പ‌് ‐ അപ‌് കൗൺസലിങ്ങിലോ പങ്കെടുപ്പിക്കില്ല.

പ്രധാന വാർത്തകൾ
Top