23 September Sunday

പകർച്ചവ്യാധി പ്രതിരോധം: തദ്ദേശസ്ഥാപനങ്ങൾ ഇടപെടണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018


ആലപ്പുഴ
ജില്ലയിൽ പകർച്ചവ്യാധികൾ പ്രതിരോധത്തിനും ശുചീകരണത്തിനും തദ്ദേശസ്ഥാപനങ്ങൾ മുൻതൂക്കം നൽകി ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കലക്ടർ എസ് സുഹാസിന്റെ  അധ്യക്ഷതയിൽ   ചേർന്ന യോഗം നിർദേശിച്ചു. ‘ആരോഗ്യജാഗ്രത’ പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾക്കായി ജില്ലാതലത്തിൽ വിളിച്ചുചേർത്ത തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടറുടെ നിർദേശം. 

സർക്കാർ സംവിധാനങ്ങൾ  ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും സാമൂഹ്യമാധ്യമങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമം നടത്തുന്നത് അപലപനീയമാണെന്നും യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ പറഞ്ഞു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം നേരത്തെ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ യോഗം ചേർന്ന് അതാതിടങ്ങളിലെ സ്ഥിതി പരിശോധിച്ച് മേൽനടപടികൾ തീരുമാനിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പറഞ്ഞു. 

ആലപ്പുഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജലജന്യ രോഗങ്ങളെക്കുറിച്ച് ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കലക്ടർ  നിർദേശിച്ചു.  ഡ്രൈ ഡേ ആചരണത്തിന് പ്രാധാന്യം നൽകണം  വാർഡ് തല ഭവനസന്ദർശനം   പത്തിന് നടത്തണം.

ചുറ്റുപാടുകളിലെ ശുചിത്വം സംബന്ധിച്ച വിവരശേഖരണം  11ന് നടത്തണം.  17ന് ഡ്രൈഡേ ആചരിക്കണം.  21ന് പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം. 23ന് പകർച്ചവ്യാധി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. 

31ന്  നഗരം കേന്ദ്രീകരിച്ച് പകർച്ചപ്പനി പ്രതിരോധം സംഘടിപ്പിക്കണം.   12,13 തീയതികളിൽ സർക്കാർ ഓഫീസുകൾ വൃത്തിയാക്കണം.  ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ബിൻസ് സി മാത്യു, ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ എസ് രാജേഷ് എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top