10 December Monday

വിമാനം പറത്തിയുംവനിതാ ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


നെടുമ്പാശ്ശേരി >  വിവിധ വിമാനത്താവളങ്ങളിൽ നിന്നും വനിതാദിനത്തിൽ പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എട്ട് വിമാനങ്ങൾ പൂർണ്ണമായും നിയന്ത്രിച്ചത് വനിതാ ജീവനക്കാർ. നെടുമ്പാശ്ശേരി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ, ചെന്നൈ, മാംഗളൂർ, ഡെൽഹി വിമാനത്താവളങ്ങളിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പോയ വിമാനങ്ങളാണ് വനിതകൾ നിയന്ത്രിച്ചത്.

ക്യാപ്റ്റൻമാരായ കാമിലി ക്രോട്ടപള്ളി, ഗൻഗുർഡെ മഞ്ചിരി എന്നിവരുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നും ദുബായിലേക്ക് പറന്ന ഐ എക്സ് 435/434 നമ്പർ വിമാനം നെടുമ്പാശ്ശേരിയിൽ തന്നെ മടങ്ങിയെത്തി. ക്യാപ്റ്റൻമാരായ എം എസ് സാങ് വി അമി, പ്രാച്ചി സഹറ എന്നിവരുടെ നേതൃത്വത്തിൽ കരിപ്പൂരിൽ നിന്നും അബുദാബിയിലേക്കും തിരികെ കരിപ്പൂരിലേക്കും സർവ്വീസ് നടത്തി. കരിപ്പൂരിൽ നിന്നും ക്യാപ്റ്റൻമാരായ രശ്മി മെഹറം, സൃഷ്ടി സിങ് എന്നിവരുടെ നേതൃത്വത്തിൽ ദുബായിലേക്ക് തിരിച്ച വിമാനം ഡൽഹിയിലാണ് മടങ്ങിയെത്തിയത്. ക്യാപ്റ്റൻമാരായ ഇഷിക ശർമ്മ, മസൂദ് എസ് എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് തന്നെ മടങ്ങിയെത്തി. മുംബൈയിൽ നിന്നും ദുബായിലേക്ക് പോയി മുംബൈയിൽ തന്നെ മടങ്ങിയെത്തിയ വിമാനം ക്യാപ്റ്റൻമാരായ ജെസ്മിൻ മിസ്ട്രി, കൈനാസ് വകിൽ എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു. ചെന്നൈയിൽ നിന്നും സിംഗപ്പൂരിലേക്കും അവിടെ നിന്നും തിരുച്ചിറപ്പള്ളിയിലേക്കും പറന്ന വിമാനം ക്യാപ്റ്റൻമാരായ കവിത രാജ് കുമാർ, മേധ ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിയന്ത്രിച്ചത്. മംഗളൂരു‐ ദുബായ് ‐ മംഗളൂരു വിമാനം ക്യാപ്റ്റൻമാരായ റവൽ സലോനി, പ്രിയങ്ക സി റാണെ എന്നിവരും ഡൽഹി ‐ അബുദാബി ‐ ഡൽഹി വിമാനം ക്യാപ്റ്റൻമാരായ സിങ് പ്രിറ്റി, അരുഷി എന്നിവരുടെ നേതൃത്വത്തിലുമാണ് നിയന്ത്രിച്ചത്. വനിതയാത്രക്കാരെ പൂവും മധുരവും നൽകിയാണ് എയർലൈൻസ് ജീവനക്കാർ വിമാനത്തിലേക്ക് സ്വീകരിച്ചത്.

വനിതകൾക്ക് ആധിപത്യമുള്ള വിമാന സർവീസുകൾ നടത്തി പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയർവെയ്സും വനിതാദിനാഘോഷത്തിൽ പങ്കാളികളായി. ജീവനക്കാരിൽ മൂന്നിലൊരു ഭാഗവും വനിതകളായ ജെറ്റ് എയർവെയ്സിൽ ആദ്യമായാണ് ആഘോഷങ്ങൾ രാജ്യാന്തരതലത്തിൽ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിച്ചത്. ജെറ്റ് എയർവെയ്സിന്റെ കഴിഞ്ഞദിവസം സർവീസ് നടത്തിയ മുംബൈ ‐ ദുബായ്, മുംബൈ ‐ ദോഹ, ആംസ്റ്റർഡാം ‐ ടൊറന്റോ എന്നീ വിമാനങ്ങൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലായിരുന്നു. കൂടാതെ ജെറ്റ് എയർവെയ്സിന്റെ  എല്ലാ സർവീസുകളും വനിതകൾ നിയന്ത്രിച്ചു.

പ്രധാന വാർത്തകൾ
Top