10 December Monday

ഓട്ടോ ഡ്രൈവറുടെ കഴുത്തിൽ കത്തിവച്ച് മോഷണം: യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


കൊച്ചി > ഓട്ടോറിക്ഷാ ഡ്രൈവറുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി കേസിലെ പ്രതി ചിറ്റൂർ മദർ തെരേസ റോഡ് തൃക്കുന്നശേരിയിൽ ശ്യാം (21) ആണ് എറണാകുളം നോർത്ത് പൊലീസന്റെ  പിടിയിലായത്. ഓട്ടോഡ്രൈവർ വട്ടേക്കുന്നം സ്വദേശി പ്രശാന്തിനെയാണ് ഭീഷണിപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി സൗത്ത് റെയ്ൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ഓട്ടംവിളിച്ചത്. പലയിടങ്ങളിലും ചുറ്റിക്കറങ്ങിയശേഷം വടുതല പാലത്തിന് അടിയിൽ എത്തിയപ്പോൾ ഡ്രൈവർ വാടക ആവശ്യപ്പെട്ടു. ഈ സമയം കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തി മർദിച്ചവശനാക്കി. പ്രശാന്തും അമ്മയുംകൂടി പുലർച്ചെ നോർത്ത് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്നു നടത്തിയ തെരച്ചിലിൽ നോർത്ത് മേൽപ്പാലത്തിനു സമീപത്തെ റെയിൽവേ ട്രാക്കിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മോഷണത്തിനും കഞ്ചാവു വിതരണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും സൗത്ത്, ചേരാനല്ലൂർ സ്റ്റേഷനുകളിൽ മോഷണത്തിനും ലഹരിമരുന്ന് വിതരണത്തിനും പാലാരിവട്ടത്ത് അടിപിടിക്കേസിലും ഇയാൾ പ്രതിയാണ്. എക്സൈസിന് വിവരങ്ങൾ ചോർത്തിക്കൊടുക്കുന്ന ആളെന്ന വ്യാജേനെയാണ് ലഹരിമരുന്നു വിതരണം.
എറണാകുളം ജനറൽ ആശുപത്രിയിലെ മനോരോഗവിദഗ്ധന്റെ കുറിപ്പടി മോഷ്ടിച്ച് ലഹരിമരുന്നുകളുടെ പേർ എഴുതിച്ചേർത്ത് മെഡിക്കൽ ഷോപ്പിൽനിന്ന് വാങ്ങി ഉയർന്ന വിലയ്ക്ക് മറിച്ചുവിറ്റതായും കണ്ടെത്തി. നോർത്ത് സിഐ കെ ജെ പീറ്റർ, എസ്ഐ വിബിൻദാസ്, സീനിയർ സിപിഒമാരായ ജയരാജ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

പ്രധാന വാർത്തകൾ
Top