24 September Monday
കെഎസ്ആർടിസി ശമ്പളം ഇന്നു നൽകും

വാഹനാപകടം കുറയ്ക്കാൻ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


തിരുവനന്തപുരം > കേരളത്തിൽ ഫലപ്രദമായ ഗതാഗതസംവിധാനത്തിന് രൂപംനൽകുന്നതിന്റെ മുന്നോടിയായി മെട്രോപൊളിറ്റൺ ട്രാൻസ്പോർട്ട് ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഗണ്യമായി വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കാൻ സേഫ് കേരള പദ്ധതി നടപ്പാക്കും. അപകടങ്ങൾ 2020ഓടെ 50 ശതമാനം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഗതാഗതവകുപ്പിന്റെ ധനാഭ്യർഥനചർച്ചയ്ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമീഷൻ റിപ്പോർട്ടിലെ പരിഷ്കാരങ്ങളും ഇതോടൊപ്പം നടപ്പാക്കും. 

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വെള്ളിയാഴ്ച നൽകിത്തുടങ്ങും. വൻ പ്രതിസന്ധിയിലൂടെയാണ് കോർപറേഷൻ കടന്നുപോകുന്നത്. ശമ്പളവും പെൻഷനും കഴിഞ്ഞമാസവും സർക്കാരാണ് നൽകിയത്. ഈമാസത്തെ ശമ്പളവും സർക്കാരാണ് നൽകുന്നത്. കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധി ഇപ്പോഴുണ്ടായതല്ല. പെൻഷൻ നൽകാൻ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് മുൻ സർക്കാർ പതിമൂന്നര ശതമാനം പലിശയ്ക്കെടുത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഈമാസത്തോടെ മുഴുവൻ പെൻഷനും കൊടുത്തുതീർക്കും. നാളിതുവരെ ഇല്ലാത്തതരത്തിലാണ് കെഎസ്ആർടിസിയെ ഈ സർക്കാർ സഹായിക്കുന്നത്.

റോഡ് ഗതാഗതത്തിനൊപ്പം ജലഗതാഗതത്തിനും സർക്കാർ മുഖ്യപരിഗണന നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി യാത്രക്കാരെ ജലഗതാഗതമേഖലയിലേക്ക് ആകർഷിക്കാൻ പദ്ധതികൾ നടപ്പാക്കിവരികയാണ്. ഇപ്പോഴുള്ള 14 കാലഹരണപ്പെട്ട ബോട്ടുകൾക്കുപകരം ഒമ്പത് കറ്റാമറൈൻ ബോട്ടും അഞ്ച് സിക്കാ ബോർഡ് ബോട്ടും ഉടൻ നീറ്റിലിറങ്ങും. ടൂറിസ്റ്റുകളെയും യാത്രക്കാരെയും ആകർഷിക്കാൻ പറ്റുംവിധം കുട്ടനാട്ടിൽ അത്യാധുനിക സൗകര്യങ്ങളുള്ള ക്രൂയീസ് ബോട്ടുകൾക്കും ഓർഡർ നൽകി. ജലഗതാഗതമേഖലയുടെ വികസനത്തിനായി 24.17 കോടി രൂപ അനുവദിച്ചു.

പ്രധാന വാർത്തകൾ
Top