10 December Monday

കെഎസ്ആർടിഇഎ സത്യഗ്രഹം 4‐ാം ദിവസത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


തിരുവനന്തപുരം > വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ കെഎസ്ആർടിസി ചീഫ് ഓഫീസിനു മുന്നിൽ ആരംഭിച്ച നിരാഹാരം നാലാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് ട്രാൻസ്പോർട്ട് തൊഴിലാളികൾ ട്രാൻസ്പോർട്ട് ഭവൻ ഉപരോധിച്ചു. ഉപരോധം സിഐടിയു സംസ്ഥാന  കമ്മിറ്റിഅംഗം കെ എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്തു. സമരം ചെയ്തവരെ പൊലീസ് അറസ്റ്റ്ചെയ്ത് നീക്കി.

സമരം സംബന്ധിച്ച് ട്രേഡ് യൂണിയൻ നേതാക്കൾ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി. സംഘടന ഉന്നയിക്കുന്ന ന്യായവും അടിയന്തര പ്രാധാന്യമുള്ളതുമായ ആവശ്യങ്ങളോട് സർക്കാരിന് യോജിപ്പാണുള്ളതെന്നും അടിയന്തരമായി മാനേജ്മെന്റ്തല യോഗം വിളിച്ച് തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരിയിലെ ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ച 55 കോടി രൂപയും ബാക്കി ആവശ്യമായ തുകയും എത്രയും വേഗം ലഭ്യമാക്കി ശമ്പളം താമസംകൂടാതെ വിതരണം ചെയ്യുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
എന്നാൽ, പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ മാനേജ്മെന്റ്തല പുനരുദ്ധാരണ കാര്യങ്ങളിൽ വ്യക്തമായ തീരുമാനമുണ്ടാകാതെ സമരം നിർത്തേണ്ടതില്ലെന്ന് സംഘടന തീരുമാനിച്ചു. വെള്ളിയാഴ്ച മുതൽ എല്ലാ യൂണിറ്റുകളിൽനിന്നും തെരഞ്ഞെടുത്ത സമരഭടന്മാർ സമരത്തിൽ പങ്കെടുക്കും.

സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജില്ലാ സെക്രട്ടറി വി ശിവൻകുട്ടി, കെഎസ്ആർടിഇഎ മുൻ ജനറൽ സെക്രട്ടറി ടി കെ രാജൻ തുടങ്ങി നിരവധി പേർ അഭിവാദ്യം ചെയ്യാൻ സത്യഗ്രഹ പന്തലിലെത്തി.  വെള്ളിയാഴ്ചത്തെ സമരം എൽഡിഎഫ് കൺവീനറും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ വൈക്കം വിശ്വൻ ഉദ്ഘാടനംചെയ്യും.
ഫെബ്രുവരിയിലെ ശമ്പളം വിതരണംചെയ്യുക, സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാനുള്ള ഗൂഢനീക്കം ഉപേക്ഷിക്കുക, മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

പ്രധാന വാർത്തകൾ
Top