10 December Monday

ചരക്കുകപ്പലിന് തീപിടിച്ച് ഒരു മരണം; 4 പേർക്കായി തെരച്ചിൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


അഗത്തി > ലക്ഷദ്വീപിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തായ്ലൻഡ് സ്വദേശിയാണ് മരിച്ചത്. സക്കിം ഹെഗ്ഡെ എന്ന ഇന്ത്യക്കാരനടക്കം കാണാതായ നാലുപേർക്കായി തെരച്ചിൽ തുടരുന്നു. പരിക്കേറ്റ തിരുവനന്തപുരം അമ്പലത്തുറ സ്വദേശി ദീപുജയൻ(31), ഫിലിപ്പീൻസ് സ്വദേശി അലൻറേയ്(34), തായ്ലൻഡുകാരനായ സുകുൻ സുവന്നപെങ് (36) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായ്ലൻഡ് സ്വദേശിയുടെ നില അതീവ ഗുരുതരമാണ്. കാണാതായവർ വിദേശികളാണെന്നാണ് വിവരം.

സിംഗപ്പൂരിൽനിന്ന് കൊളംബോയിലേക്ക് പോകുകയായിരുന്ന മേയേസ്ക് ഹോനം എന്ന കപ്പലിനാണ് ചൊവ്വാഴ്ച വൈകിട്ട് തീപിടിച്ചത്. തിരുവനന്തപുരത്തുനിന്ന് 90 നോട്ടിക്കൽ മൈൽ അകലെ അഗത്തിക്ക് സമീപമായിരുന്നു സംഭവം. വിവരമറിഞ്ഞ് ഈ മേഖലയിലുള്ള കപ്പലുകൾ സ്ഥലത്തേക്ക് തിരിച്ചു. ഇന്ത്യൻ തീരദേശസേനയുടെ കപ്പലുകളും രക്ഷാപ്രവർത്തനത്തിനെത്തി. കപ്പലിലുണ്ടായിരുന്ന 27 പേരിൽ 23 പേരെ ഒരു വിദേശക്കപ്പൽ രക്ഷപ്പെടുത്തി. പരിക്കേറ്റ മൂന്നുപേരെ വിഴിഞ്ഞം കോസ്റ്റ് ഗാർഡാണ്്് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രക്ഷപ്പെടുത്തിയ മറ്റുള്ളവരെ കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്.

സിംഗപ്പൂരിൽ നിന്ന് സുയസിലേക്ക് രാസവസ്തുക്കളുമായി പോകുകയായിരുന്നു കപ്പൽ. 330 മീറ്റർ നീളമുള്ള കപ്പലിലെ കണ്ടെയ്നറുകൾ ചിലത് ഉരുകി. ഇത് കടൽ മലിനമാകാൻ കാരണമാകുമെന്ന് ആശങ്കയുണ്ട്.

പ്രധാന വാർത്തകൾ
Top