Top
17
Sunday, December 2017
About UsE-Paper

ന്യൂനപക്ഷ കമീഷന്‍ സിറ്റിങ്: എസ്ബിഐക്കെതിരെ പരാതി

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

തൃക്കാക്കര > വായ്പാ ഇന്‍ഷുറന്‍സിന്റെ പേരില്‍ ഇടപാടുകാരനെ എസ്ബിഐ കബളിപ്പിച്ചതായി ന്യൂനപക്ഷ കമീഷന് പരാതി. ബാങ്കിന്റെ ആലുവ ശാഖയില്‍നിന്ന് എട്ടുലക്ഷം രൂപ വായ്പ നല്‍കിയശേഷം ലോണ്‍ ഇന്‍ഷുര്‍ ചെയ്യാന്‍ പണം വാങ്ങിയതായും വായ്പയെടുത്തയാള്‍ മരിച്ചപ്പോള്‍ പ്രീമിയംതുക തിരിച്ചുനല്‍കിയശേഷം ജപ്തി നടപടി സ്വീകരിച്ചെന്നുമാണ് പരാതി. ഇവരുടെ പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ കമീഷന്‍ അധ്യക്ഷന്‍ പി കെ ഹനീഫ അറിയിച്ചു.

2015ലാണ് ആലുവ സ്വദേശിയായ മജീദ് വായ്പയ്ക്ക് അപേക്ഷിച്ചത്. 2016 ജനവരി 17ന് ലോണ്‍ ഇന്‍ഷുര്‍ ചെയ്യുന്നതിന് എസ്ബിഐ ലൈഫ് എന്ന കമ്പനിക്കായി 29,633 രൂപ ഈടാക്കി. ഇതേവര്‍ഷം മാര്‍ച്ച് 24ന് മജീദ് മരിച്ചു. ഇക്കാര്യം ബാങ്കിനെ അറിയിച്ചു. വായ്പ ഇന്‍ഷുര്‍ ചെയ്തതിനാല്‍ ബാധ്യതയില്ലെന്ന് കുടുംബത്തെ അറിയിച്ചു. എന്നാല്‍, 2016 മെയ് 18ന് പ്രീമിയം തുകയായ 29,633 രൂപ തിരികെ അക്കൌണ്ടിലേക്ക് നല്‍കി. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് വായ്പ ഈടാക്കുന്നതിന് ജപ്തിനടപടികള്‍ ആരംഭിക്കുന്നതായും മജീദ് വൈദ്യപരിശോധനയ്ക്ക് ഹാജരാകാതിരുന്നതിനാല്‍ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നുമുള്ള വിവരം എസ്ബിഐ ലൈഫ് വ്യക്തമാക്കുന്നത്. എന്നാല്‍, വൈദ്യപരിശോധനയ്ക്ക് ഹാജരാകുന്നതിന് നിര്‍ദേശിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നും ഇതിന് സമയം അനുവദിച്ചിരിക്കുകയാണെന്നും കമീഷന്‍ പറഞ്ഞു. ഹാജരാക്കാന്‍ കഴിയാത്തപക്ഷം വായ്പത്തുകയുടെ ബാധ്യത എസ്ബിഐ ലൈഫ് ഏറ്റെടുക്കേണ്ടിവരുമെന്ന് എസ്ബിഐ ലൈഫ് ആലുവ ബ്രാഞ്ച് മാനേജരെ കമീഷന്‍ അറിയിച്ചു. 

കൃത്യമായ ആധാരപ്രകാരം വാങ്ങിയ ഭൂമിക്ക് കരം അടയ്ക്കാന്‍ കഴിയുന്നില്ലെന്ന വെളിയത്തുനാട് സ്വദേശിയുടെ പരാതിയില്‍ ലാന്‍ഡ് റവന്യൂ കമീഷണറോട് വിശദമായ അന്വേഷണം നടത്താന്‍ കമീഷന്‍ ഉത്തരവിട്ടു. പ്ളസ്ടു വിദ്യാര്‍ഥിയായ പതിനാറുകാരനെ ഫോര്‍ട്ട്കൊച്ചി എസ്ഐ മര്‍ദിച്ചെന്ന പരാതിയില്‍ കമീഷന്‍ വാദംകേട്ടു. എസ്ഐയെ അടുത്ത സിറ്റിങില്‍ വിസ്തരിക്കുമെന്ന് കമീഷന്‍ അറിയിച്ചു.

മൂലങ്കുഴി ബീച്ച് റോഡില്‍ അറയ്ക്കല്‍ വീട്ടില്‍ ഡേവിഡ് ആണ് തന്റെ മകന്‍ എഡ്വിന്‍ ഡേവിഡിനെ അകാരണമായി പൊലിസ് മര്‍ദിച്ചെന്ന് കമീഷനു മുന്നില്‍ പരാതി നല്‍കിയത്. കലക്ടറേറ്റ് പ്ളാനിങ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 19 പരാതികളാണ് പരിഗണിച്ചത്. അഞ്ചു പരാതികള്‍ നേരിട്ടു സ്വീകരിച്ചു.

Related News

കൂടുതൽ വാർത്തകൾ »