Top
18
Monday, December 2017
About UsE-Paper

സര്‍ക്കാര്‍ മെഡി. കോളേജില്‍ ഹൌസ് സര്‍ജന് 20000 രൂപ; സ്വാശ്രയത്തില്‍ 4500

Friday Dec 8, 2017
ലെനി ജോസഫ്


ആലപ്പുഴ > കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഹൌസ് സര്‍ജന്‍മാര്‍ക്ക് 20000 രൂപ സ്റ്റൈപ്പെന്‍ഡ് നല്‍കുമ്പോള്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 4500 രൂപ മുതല്‍ 12000 രൂപ വരെ മാത്രം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ മെഡിക്കല്‍കോളേജിനു തുല്യമായ സ്റ്റൈപ്പന്‍ഡ് നല്‍കണമെന്ന ആരോഗ്യ സര്‍വകലാശാലയുടെ നിര്‍ദേശമാണ് കാറ്റില്‍പ്പറത്തുന്നത്.

നാലു കോളേജ് മാത്രമാണ് 12,000 രൂപ കൊടുക്കുന്നത്. പതിനായിരം രൂപ കൊടുക്കുന്ന ഒരു കോളേജേയുള്ളു. മറ്റെല്ലായിടത്തും അതില്‍ താഴെയാണ് സ്റ്റൈപ്പന്‍ഡ്. നക്കാപ്പിച്ച സ്റ്റൈപ്പന്‍ഡ് കൊടുക്കുന്ന കാര്യത്തില്‍ വിവിധ ക്രൈസ്തവസഭകളുടേതും മറ്റ് മതവിഭാഗങ്ങളുടേതും സ്വകാര്യ മാനേജ്മെന്റുകളുടേയും കോളേജുകള്‍ക്ക് ഒരേ നിലപാടാണ്. നാലരവര്‍ഷത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുശേഷം കോഴ്സുപൂര്‍ത്തിയാക്കാന്‍ ഹൌസ് സര്‍ജന്‍സി പ്രവൃത്തി പരിചയം അനിവാര്യമാണ് എന്നതിനാലാണ് സ്വാശ്രയ കോളേജുകള്‍ സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും നിര്‍ദേശം ലംഘിക്കുന്നത.്

ഹൌസ് സര്‍ജന്‍മാരും പി ജി ഡോക്ടര്‍മാരുമാണ് മെഡിക്കല്‍ കോളേജിലെ ഏറെ ജോലിഭാരമുള്ളവര്‍ എന്നിരിക്കെയാണ് നഴ്സുമാരുടേതിനെക്കാള്‍ കുറഞ്ഞ പ്രതിഫലം ഇവര്‍ക്കു നല്‍കിയുള്ള ചൂഷണം. കോഴ്സ് പൂര്‍ത്തീകരിക്കുന്നതിനു മുമ്പുള്ള കാര്യമായതിനാല്‍ സര്‍ക്കാരിനോ സര്‍വകലാശാലയ്ക്കോ ഇതില്‍ ഇടപെടാന്‍ അവകാശമില്ലെന്ന നിലപാടാണ് മാനേജ്മെന്റുകളുടേത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നതിനെക്കാള്‍ പല മടങ്ങ് ഫീസ് നല്‍കി പഠിച്ചവരാണ് ഇരട്ട ചൂഷണത്തിന് ഇരയാകുന്നത്.
ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളിലും ഹൌസ് സര്‍ജന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 20000 രൂപയാണ്.