23 July Monday

സംസ്ഥാനത്തെ ഭിന്നശേഷി സൌഹൃദമാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017


കോഴിക്കോട് > കേരളത്തെ ഭിന്നശേഷി സൌഹൃദമാക്കാനുള്ള  പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തില്‍ അഞ്ച് ശതമാനവും ജോലിക്ക് നാല് ശതമാനവും സംവരണം ഉറപ്പാക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളടക്കം 250 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പും കോഴിക്കോട്ട് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ നിരവധിയാണ്. ഇവ കണ്ടെത്തി പ്രതിരോധിക്കേണ്ടതുണ്ട്. സുസ്ഥിരമായ പുനരധിവാസം ഉറപ്പുവരുത്തണം. ഇതിനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. സ്കൂള്‍ പഠനം, പോഷകാഹാരം, പുനരധിവാസം എന്നിവ സര്‍ക്കാര്‍ ഉറപ്പാക്കും. 

പെന്‍ഷന്‍, പാര്‍പ്പിടം, തൊഴില്‍ എന്നീ മേഖലകളില്‍ പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ ഇനിയുമുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ വിതരണത്തിലും കാലതാമസം ഒഴിവാക്കാനാവശ്യമായ നടപടികള്‍ ഉണ്ടാവണം. സര്‍ക്കാര്‍ ഓഫീസുകളില്‍ അംഗപരിമിതര്‍ക്ക് റാമ്പ്, ലിഫ്റ്റ്,  വീല്‍ ചെയര്‍, പ്രത്യേക ടോയ്ലറ്റ് എന്നിവ സജ്ജമാക്കും. വാഹന പാര്‍ക്കിങ്ങിന് പ്രത്യേക സൌകര്യമൊരുക്കും.

10 ലക്ഷം ഭിന്നശേഷിക്കാര്‍ സംസ്ഥാനത്തുണ്ട്. ഇവരില്‍ 43 ശതമാനം പേര്‍ ചലനശേഷി കുറഞ്ഞവരാണ്. ഇവര്‍ക്ക് വേണ്ട പരിഗണന നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം പ്രാവര്‍ത്തികമാവാന്‍ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. എ പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സാമൂഹ്യ നീതി സെക്രട്ടറി പി ബിജു പ്രഭാകര്‍, ഡോ. കെ സുരേഷ്കുമാര്‍, നാഷണന്‍ ട്രസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഡി ജേക്കബ്, കൌണ്‍സിലര്‍ പി ബിജുലാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശാദേവി, സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ ഷീബ മുംതാസ് എന്നിവര്‍ സംസാരിച്ചു. ഡോ. റോഷന്‍ ബിജിലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  കലക്ടര്‍ യു വി ജോസ് സ്വാഗതവും അസി. കലക്ടര്‍ സ്നേഹില്‍കുമാര്‍ നന്ദിയും പറഞ്ഞു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top