17 October Wednesday

സദ്യയ്ക്കൊപ്പം സംഗീതവിരുന്നും

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

കലോത്സവത്തെ വേറിട്ടതാക്കിയതില്‍ ഭക്ഷണവും ഭക്ഷണശാലയും പ്രധാന ഘടകമായി. സ്കൂള്‍ കലോത്സവങ്ങളുടെ ചരിത്രത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ വിഭവങ്ങളാണ് ഇത്തവണ സമൃദ്ധമായി വിതരണംചെയ്തത്. മാത്രമല്ല, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചും വൃത്തിയുള്ള സാഹചര്യത്തിലുമാണ് പാചകംമുതല്‍ വിതരണം വരെയുള്ളവ സാധ്യമാക്കിയത്. കുട്ടികള്‍ക്കും അനുഗമിക്കുന്നവര്‍ക്കും ഭക്ഷണത്തിന് ക്യൂനിന്ന് വലയേണ്ട അവസ്ഥ ഉണ്ടായതുമില്ല. സംഗീതം ആസ്വദിച്ച് ഉണ്ണുവാനായി അധ്യാപകര്‍ സദ്യാലയത്തില്‍ പാട്ടുകാരായതും സവിശേഷതയായി.  

വിഭവസമൃദ്ധമായ സദ്യയാണ് ഉച്ചഭക്ഷണത്തിന് ഒരുക്കിയത്. 3000ല്‍പരം പേരാണ് ദിവസേന ഉണ്ടത്. വിവിധ ദിവസങ്ങളിലായി 14 തരത്തില്‍ തൊടുകറിയും അഞ്ചുതരം പായസവും തയ്യാറാക്കി വിളമ്പി. മൂന്നുനാള്‍ അവിയലും ഒരുക്കി. വിഭവങ്ങളെല്ലാം രുചികരമെന്ന് എല്ലാവരും ഒരേസ്വരത്തിലാണ് അഭിപ്രായപ്പെട്ടത്. ഇഡ്ഡലിയും ദോശയും ഉപ്പുമാവും ചപ്പാത്തിയും പ്രഭാതഭക്ഷണ വിഭവങ്ങളായി. ഉച്ചയ്ക്കുശേഷം ചായയ്ക്കൊപ്പം ഉഴുന്നുവട, പരിപ്പുവട, പഴംപൊരി എന്നിവയും.

ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഉച്ചയൂണ് പൂര്‍ണമായും വാഴയിലയിലാണ് വിളമ്പിയത്. കുടിവെള്ളത്തിന് സ്റ്റീല്‍ഗ്ളാസ് ഉപയോഗിച്ചു. കണിച്ചുകുളങ്ങര സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല ഒരുക്കിയത്. ഇവിടം പൂര്‍ണമായി പ്രയോജനപ്പെടുത്തി ചിട്ടയോടെ വിതരണം ക്രമീകരിച്ചത് കുട്ടികള്‍ക്കും അനുഗമിച്ചവര്‍ക്കും അനുഗ്രഹമായി. ക്യൂവില്‍ വെയിലേറ്റ് വലയുന്ന അവസ്ഥ ഉണ്ടായില്ല. കെഎസ്ടിഎ നിര്‍ദേശപ്രകാരം ജില്ലയില്‍ വിവിധയിടങ്ങളില്‍ നിന്നെത്തിയ 200ല്‍പരം അധ്യാപകര്‍ അര്‍പ്പണമനോഭാവത്തോടെ ഭക്ഷണശാലയില്‍ വിളമ്പുകാരായി. ഇവരിലേറെയും വനിതകളായിരുന്നു.

ഊണിനിടെ സംഗീതാസ്വാദനത്തിന് പാട്ടുകാരായി അധ്യാപകരെത്തി. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ ജയ്ലാല്‍, തിരുവിഴ എല്‍പിജിഎസിലെ വിനീത് വി പ്രകാശ്, വയലാര്‍ വിആര്‍വിഎം വിഎച്ച്എസ്എസിലെ പി എസ് ശിവാനന്ദന്‍, തണ്ണീര്‍മുക്കം പഞ്ചായത്ത് എല്‍പിഎസിലെ എ എം സ്നേഹജന്‍ എന്നിവരാണ് സദ്യയ്ക്ക് സംഗീത അകമ്പടിയൊരുക്കിയത്. ശുചിത്വപരിപാലനത്തിന് പ്രത്യേക ശ്രദ്ധയാണ് ഭക്ഷണക്കമ്മിറ്റി പുലര്‍ത്തിയത്. ആറ് തൊഴിലാളികളെ മഇതിനായി വിനിയോഗിച്ചു.

ഇങ്ങനെ ഭക്ഷണശാല ഉന്നതനിലവാരം പുലര്‍ത്തിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കമ്മിറ്റി. തൃപ്തികരമായതാകണം ഭക്ഷണവിഭവങ്ങളെന്ന നിര്‍ബന്ധബുദ്ധി പൂര്‍ണമായി നടപ്പായപ്പോള്‍ ബജറ്റിനപ്പുറമായി ചെലവെന്ന് ഭാരവാഹികള്‍ പറഞ്ഞു. സുമനസുകളുടെ സഹായത്തോടെ ഇത് പരിഹരിക്കാനാണ് ശ്രമമെന്ന് ഇവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമന്‍ ചെയര്‍പേഴ്സണും കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ധനപാല്‍ കണ്‍വീനറുമായുള്ളതാണ് ഭക്ഷണക്കമ്മിറ്റി. കഞ്ഞിക്കുഴിയിലെ പ്രശസ്തരായ പാപ്പാളി ഷണ്‍മുഖന്റെ നേതൃത്വത്തിലെ സംഘമാണ് രുചികരമായ ഭക്ഷണവിഭവങ്ങള്‍ പാകപ്പെടുത്തിയത്.

ട്രോഫികള്‍എത്തിച്ച് കുടുംബസംഗമം
റവന്യുജില്ലാ സ്കൂള്‍ കലോത്സവ വിജയികള്‍ക്ക് സമ്മാനിക്കാന്‍ കണിച്ചുകുളങ്ങര പൊഴിക്കല്‍ കുടുംബസംഗമം 100 ട്രോഫി സംഭാവന ചെയ്തു. കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറിയും കുടുംബസംഗമം ചെയര്‍മാനുമായ പി കെ ധനേശന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പി ശ്രീകലയ്ക്ക് ട്രോഫി കൈമാറി. കലോത്സവ സംഘാടക സമിതി പ്രവര്‍ത്തകരായ അജു പി ബഞ്ചമിന്‍, സി എസ് ഷാഹാബുദീന്‍, പി പി പ്രവീണ്‍, കണിച്ചുകുളങ്ങര എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ലിഡ ഉദയന്‍, അധ്യാപകന്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു.

മോണോ ആക്ടില്‍ മിമിക്സ് ഭവന്‍ മഹിമ
 മിമിക്സ് ഭവനില്‍ നിന്നെത്തി ഏകാഭിനയത്തില്‍ താരമായി മഹിമ മനോജ്. പുന്നപ്ര യു പി സ്കൂളിലെ ഏഴാം ക്ളാസുകാരി മഹിമയുടെ വീട്ടുപേരാണ് മിമിക്സ് ഭവന്‍.
  ഓണാഘോഷം ഇതിവൃത്തമാക്കിയാണ് ഈ കുട്ടി ഏകാഭിനയം കാഴ്ചവെച്ചത്. എട്ടു കഥാപാത്രങ്ങളിലൂടെയാണ് മഹിമ സഞ്ചരിച്ചത്. അമ്മ, അമ്മൂമ്മ, അച്ഛന്‍, കുട്ടി, കള്ളുകുടിയന്‍, ഉറിയടിക്കാരന്‍, വടംവലി, അനൌണ്‍സര്‍ എന്നിവരുടെ ഭാവങ്ങളാണ് മഹിമ ആവിഷ്ക്കരിച്ചത്. മിമിക്രി കലാകാരനായ മനോജിന്റെയും സുമയുടെയും മകളാണ് മഹിമ.  മനോജാണ് മകളുടെ ഏകാഭിനയത്തിനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിയത്. സഹോദരി മാളവികയും കലാകാരിയാണ്.

 

പ്രധാന വാർത്തകൾ
Top