Top
18
Saturday, November 2017
About UsE-Paper

പടയൊരുക്കത്തെ വരവേല്‍ക്കാന്‍ പാളയത്തില്‍ പടയൊരുങ്ങി

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ജില്ലയില്‍ എത്താന്‍ പത്തുദിവസം ബാക്കിനില്‍ക്കെ ജില്ലയിലെ കോണ്‍ഗ്രസില്‍ പാളയത്തില്‍പ്പട രൂക്ഷമായി.

ആലുവയിലാണ് എ-ഐ ഗ്രൂപ്പ് തിരിഞ്ഞ് അടി രൂക്ഷമായത്. തിങ്കളാഴ്ച നൂറ്റമ്പതോളം എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പരസ്യമായി ഗ്രൂപ്പ്യോഗംചേര്‍ന്ന്  ചെന്നിത്തലയുടെ ജാഥ ബഹിഷ്കരിക്കാന്‍ ആഹ്വാനംചെയ്തത് ജില്ലാ കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു. കോണ്‍ഗ്രസ്ഭവന്‍ വിറ്റ എം ഒ ജോണിനെ ജാഥയില്‍ പങ്കെടുപ്പിക്കരുതെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടതിനു പിന്നാലെയാണിത്. കളങ്കിതനായ ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോപ്പില്‍ അബുവിനെ ജാഥയില്‍ പങ്കെടുപ്പിക്കരുതെന്നാണ് എ ഗ്രൂപ്പിന്റെ  ആവശ്യം. 2014ല്‍ ദുബായി വിമാനത്താവളത്തില്‍ എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിലായ കേസില്‍ തോപ്പില്‍ അബുവിന്റെ മകനും പ്രതിയാണെന്നതാണ് എ ഗ്രൂപ്പിന്റെ പ്രധാന ആരോപണം. തോപ്പില്‍ അബുവിന്റെ വീട്ടില്‍നിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുകയും ഇതുസംബന്ധിച്ച് മകനെതിരായ കേസ് നടന്നുവരികയാണെന്നും എ ഗ്രൂപ്പ് പരാതിയില്‍ പറഞ്ഞു. മകനെ രക്ഷിക്കാന്‍ തോപ്പില്‍ അബു രാഷ്ട്രീയസ്വാധീനം ദുരുപയോഗിച്ചെന്നും എ ഗ്രൂപ്പ് ആരോപിച്ചു. ലക്ഷങ്ങളുടെ നിയമനതട്ടിപ്പ് നടത്തിയ വ്യാജ സഹകരണസംഘത്തിലെ രണ്ടാമത്തെ അംഗമാണ് തോപ്പില്‍ അബുവെന്നും പരാതിയിലുണ്ട്. തന്റെ സ്വാധീനമുപയോഗിച്ച് ചെന്നിത്തലയെക്കൊണ്ടാണ് ഈ സംഘം ഉദ്ഘാടനം ചെയ്യിച്ചതെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് കെപിസിസി പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ് എന്നിവര്‍ക്ക് എ ഗ്രൂപ്പ് പരാതിയും നല്‍കി.

എന്നാല്‍, ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോപ്പില്‍ അബുവിനെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിനാകില്ല. അത് അറിഞ്ഞുകൊണ്ടാണ് എ ഗ്രൂപ്പിന്റെ നീക്കം. ആലുവയിലെ കോണ്‍ഗ്രസ്ഭവന്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരസ്യപോരിലേക്ക് എത്തിയത്. എന്നാല്‍, ഈ കെട്ടിടം തന്റെ സ്വന്തം കെട്ടിടമാണെന്നും കെപിസിസി പ്രസിഡന്റിന്റെയും മറ്റും അംഗീകാരത്തോടെയാണ് വിറ്റതെന്നും എം ഒ ജോണ്‍ പറയുന്നു.

ആലുവയ്ക്കുപിന്നാലെ പെരുമ്പാവൂരില്‍ തങ്കച്ചന്റെ ഇഷ്ടക്കാരനായ കെ എം എ സലാമിനെ കെപിസിസി പ്രസിഡന്റാക്കിയതുസംബന്ധിച്ച തര്‍ക്കവും കോണ്‍ഗ്രസിന് തലവേദനയായി. ഐ ഗ്രൂപ്പില്‍ത്തന്നെ ഇതുസംബന്ധിച്ച് അഭിപ്രായവ്യത്യാസമുയര്‍ന്നു. കൂടാതെ ചെയര്‍മാന്‍ പ്രശ്നത്തിലുടക്കിനില്‍ക്കുന്ന കളമശേരി, നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ തര്‍ക്കങ്ങള്‍ രൂക്ഷമായ മട്ടാഞ്ചേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലും ജാഥ ബഹിഷ്കരിക്കാനുള്ള നീക്കവും എ ഗ്രൂപ്പില്‍ നടക്കുന്നു.