21 July Saturday

കുടുംബവേര് തേടി അരനൂറ്റാണ്ട്; വിവാഹ സുദിനത്തില്‍ തറവാട് സന്ദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Friday Sep 8, 2017



തിരൂര്‍ > പിതാവിന്റെ കുടുംബ വേരുകള്‍ കണ്ടെത്താന്‍ അരനൂറ്റാണ്ടോളം അലഞ്ഞ സിംഗപ്പുര്‍ സ്വദേശി സരസ്വതിയും കുടുംബവും ഒടുവില്‍ തറവാട്ടില്‍ തിരിച്ചെത്തിയത് ചെറുമകളുടെ വിവാഹ സുദിനത്തില്‍.  തിരൂര്‍ തൃക്കണ്ടിയൂര്‍ വടക്കേപ്പാട്ട് കുടുംബത്തിനിത് ഇരട്ടിമധുരമായി.

തൃക്കണ്ടിയൂര്‍ വടക്കേപ്പാട്ട് കൃഷ്ണന്‍ നായര്‍ 1923-ലാണ് ജോലിയാവശ്യാര്‍ഥം സിംഗപ്പൂരിലേക്ക് നാടുവിട്ടത്.  തുടര്‍ന്ന് ഭാര്യ ഗംഗയും മക്കളായ സരസ്വതി, മംഗള ലക്ഷ്മി, കാളിദാസ് എന്നിവരുമൊത്ത് സിംഗപ്പൂരില്‍ താമസമാക്കി. മകള്‍ സരസ്വതി അധ്യാപികയായി ജോലിചെയ്തു. ദൊരൈസാമിയെ വിവാഹംചെയ്തു. ഇവര്‍ക്ക് ശാരദ ദേവി, ഗീത എന്നീ രണ്ട് മക്കളും പിറന്നു. ഇതിനിടെ കൃഷ്ണന്‍ നായര്‍ 1969-ല്‍ മാത്രമാണ് നാട്ടിലേക്ക് വന്നത്. പിന്നീടും തറവാടുമായി ബന്ധമുണ്ടായില്ല. മക്കളായ ശാരദാദേവിയും ഗീതയും വളര്‍ന്നുവന്നതോടെയാണ് തങ്ങളുടെ തറവാട് വേരുകള്‍ കണ്ടെത്താനും കേരളത്തിലെത്താനും ഇവരില്‍ താല്‍പ്പര്യമുദിച്ചത്.

മുത്തച്ഛനായ കൃഷ്ണന്‍ നായര്‍ക്ക് ബന്ധുക്കള്‍ അയച്ച ടെലിഗ്രാമില്‍നിന്നും വടക്കേപ്പാട്ട് എന്ന വിലാസം മനസ്സിലാക്കി കേരളത്തിലെ തങ്ങളുടെ തറവാടിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഒടുവില്‍ കോഴിക്കോട് സ്വദേശിയില്‍നിന്നും തൃക്കണ്ടിയൂരിലെ തറവാടിനെ കുറിച്ച് മനസ്സിലാക്കി കേരളത്തിലേക്ക് വിമാനം കയറുകയായിരുന്നു.
തിരൂരില്‍ എത്തിയ ദിനം  ചെറുമകളുടെ വിവാഹ സുദിനമായതോടെ അരനൂറ്റാണ്ട് കാലത്തിന് ശേഷമുള്ള ഈ കുടുംബത്തിന്റെ സമാഗമം ബന്ധുക്കള്‍ക്കും  ഇരട്ടിമധുരമായി. കൃഷ്ണന്‍ നായരുടെ സഹോദരി ഇന്ദിരാദേവിയുടെ ചെറുമകള്‍ രേഷ്മയുടെ വിവാഹത്തിലാണ് ഈ സിംഗപ്പുര്‍ കുടുംബത്തിന് പങ്കാളിയാവാന്‍ കഴിഞ്ഞത്. സിംഗപ്പൂരില്‍നിന്നും വിമാനം കയറിയ ഈ കുടുംബം വ്യാഴാഴ്ച കാലത്ത് തൃക്കണ്ടിയൂരിലെ വടക്കേപ്പാട്ട് വീട്ടിലെത്തിയപ്പോള്‍ വീട്ടിലെ വിവാഹ പന്തല്‍ കണ്ട് അമ്പരന്നുവെങ്കിലും വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെ രക്തബന്ധങ്ങളുടെ കൂടിച്ചേരല്‍കൂടിയായി.

റിട്ട. അധ്യാപികയാണ് സരസ്വതി. മക്കളായ ശാരദ ദേവി കോളേജ് ജീവനക്കാരിയും ഗീത സ്കൂള്‍ പ്രിന്‍സിപ്പലുമാണ്. കേരളത്തെ കുറിച്ച് വായിച്ച അറിവുണ്ടായിരുന്ന തങ്ങള്‍ക്ക് കേരളത്തില്‍ ബന്ധുക്കളുണ്ടെന്ന് അറിഞ്ഞതോടെ ഏതുവിധേനയും കണ്ടെത്തി ബന്ധുക്കളുടെ അടുത്തെത്തണമെന്ന ആഗ്രഹമായിരുന്നുവെന്നും തങ്ങളുടെ സഹോദരിയുടെ വിവാഹത്തില്‍ എത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും ഇരുവരും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top