13 November Tuesday

എഎംഎംഎ അംഗങ്ങളുടെ സഹായം കിട്ടിയില്ലെങ്കിൽ രാജി: മോഹൻലാൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

കൊച്ചി> എഎംഎംഎ അംഗങ്ങളുടെ സഹായം കിട്ടിയില്ലെങ്കിൽ രാജി വയ്ക്കുന്നതിനെ കുറിച്ച‌് ആലോചിക്കുമെന്ന് പ്രസിഡന്റ‌് മോഹൻലാൽ.  എല്ലാവരുടെയും പിന്തുണയോടും സൗഹൃദത്തോടുംകൂടി  സംഘടനയെ  മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗത്തിനും

അഭിനേതാക്കളായ രേവതി, പാർവതി, പത്മപ്രിയ, ജോയ‌് മാത്യു, ഷമ്മി തിലകൻ എന്നിവരുമായി പ്രത്യേക ചർച്ചയ‌്ക്കും ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. 

സങ്കീർണമായ പ്രശ‌്നങ്ങൾ സംഘടനയിൽ ഇല്ല. പൊതുവായി ചർച്ചചെയ്യാനുള്ള വിഷയങ്ങൾമാത്രമാണ് ഉണ്ടായിരുന്നത്. യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ച കാര്യങ്ങൾ നല്ലതാണ്. പലതും സംഭവിച്ച് കഴിഞ്ഞതുകൊണ്ട് പോസ്റ്റ്‌മോർട്ടം ചെയ്യാൻ സാധിക്കില്ല. എന്തായാലും അംഗങ്ങളുടെ നിർദേശപ്രകാരം അടുത്തുതന്നെ ജനറൽബോഡി വിളിക്കും. ഇതിൽ അംഗങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ടോ  വോട്ടിങ് മുഖേനയോ പറയാനുള്ള അവസരം നൽകും.

സംഘടനയിൽ ഒരുപാട് കാര്യങ്ങൾ പുനഃപരിശോധിക്കണം.  പങ്കെടുത്തവർ ആവശ്യപ്പെട്ട ഒരുപാട് കാര്യങ്ങളിൽ തീരുമാനത്തിലെത്തി. പുറത്തുനിന്നുള്ള റിട്ട. ജഡ്ജിനെ ഉൾപ്പെടുത്തി അവരുടെ നിയമോപദേശം തേടി സ്ഥിരമായൊരു അച്ചടക്ക സമിതി രൂപീകരിക്കും.  പ്രഫഷണൽ സംഘടന എന്നുള്ള ആശയവുമായിട്ട് മുന്നോട്ട് പോകും.  തിലകനുമായി സംഘടനാപരമല്ലാതെ വ്യക്തിപരമായി യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നെന്നും മോഹൻലാൽ പറഞ്ഞു. 

എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദിഖ്, ടിനി ടോം, ആസിഫ് അലി, ജയസൂര്യ, ഇന്ദ്രൻസ്, ഇടവേള ബാബു, അജു വർഗീസ്, ശ്വേതാ മേനോൻ, മുകേഷ്, കരമന സുധീർ എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top