17 December Monday

ശബരിമലയിൽ സംഘപരിവാർ ലക്ഷ്യം കലാപമെന്ന‌് മുൻ ഭാരവാഹികൾ ; രാഷ്ട്രീയനേട്ടത്തിനായി ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യുന്നു

അനീഷ‌്ബാലൻUpdated: Friday Dec 7, 2018

സുധീർകുമാർ , മഹേന്ദ്രകുമാർ, നികേത്‌ രാജ്

മംഗളൂരു
രാഷ്ട്രീയനേട്ടത്തിനായി സംഘപരിവാർ ശബരിമലയെ ബലി കൊടുക്കുകയാണെന്ന്  സംഘപരിവാർ വിട്ട് പുറത്തുവന്ന നേതാക്കൾ. ദീർഘകാലം ബജ്‌രംഗ‌്ദൾ സംസ്ഥാന കൺവീനറായിരുന്ന മഹേന്ദ്രകുമാർ, നമോബ്രിഗേഡ് നേതാക്കളിലൊരാളും ആർഎസ്എസ് സന്തതസഹചാരിയുമായിരുന്ന നികേത്‌ രാജ്, ആർഎസ്എസ് ബൗദ്ധിക വിഭാഗം സഹപ്രമുഖായിരുന്ന സുധീർകുമാർ മുറോളി എന്നിവരാണ് സംഘപരിവാറിനെതിരെ ശക്തമായ ഭാഷയിൽ രംഗത്തെത്തിയത്. രാഷ്ട്രീയനേട്ടത്തിനായി ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യുകയാണ് ഇവർ ചെയ്യുന്നതെന്ന് നേതാക്കൾ പറഞ്ഞു.
ഇടത് പുരോഗമന സംഘടനകളുടെ കൂട്ടായ്മയായ ജനനുഡിയിൽ പങ്കെടുക്കാൻ മംഗളൂരുവിൽ എത്തിയതായിരുന്നു മൂവരും.

സ്‌കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നതിനുമുമ്പ് ആർഎസ്എസുമായി ബന്ധം തുടങ്ങിയതാണെന്ന‌് നികേത്‌ രാജ് പറഞ്ഞു. രാക്ഷസന്മാരുടെ സംഘടനയാണെന്ന് തിരിച്ചറിഞ്ഞതോടെ പുറത്തിറങ്ങി. പാകിസ്ഥാനെയും മുസ്ലിങ്ങളെയും വെറുക്കുന്നതാണ് രാജ്യസ്‌നേഹം എന്നാണ് അവർ പറഞ്ഞ് പഠിപ്പിക്കുന്നത്. ചോദ്യം ചെയ്യാൻ അവർ അനുവദിക്കില്ല. എതിർ ശബ്ദങ്ങളെ വിദഗ‌്ധമായി  ഇല്ലാതാക്കും. കർണാടകത്തിൽ ഇടതുപക്ഷത്തിന് ശക്തിയില്ലാത്തതും പിണറായി വിജയനെപ്പോലുള്ള നേതാവിന്റെ അഭാവവുമാണ് ആർഎസ്എസിന് ഗുണമാകുന്നത്.

മതത്തിന്റെ പേരിൽ കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ചിലയാളുകൾ ദൈവങ്ങളെയും മറ്റും അവഹേളിച്ച‌് നടത്തുന്ന പരാമർശങ്ങൾ ആർഎസ്എസിന് വളമാവുകയാണെന്നും നികേത്‌ രാജ് പറഞ്ഞു.

ശബരിമലയെ ആർഎസ്എസ് രാഷ്ട്രീയനേട്ടത്തിനായി ബലി കൊടുക്കുകയാണെന്ന് മഹേന്ദ്രകുമാർ പറഞ്ഞു. 18 വയസ്സുമുതൽ ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മഹേന്ദ്രകുമാർ ആറു വർഷം ബജ്‌രംഗ‌്ദൾ കർണാടക അധ്യക്ഷനായിരുന്നു. ദളിതരെയും പിന്നോക്ക ജാതിക്കാരെയും തെരുവിലിറക്കുന്ന ആർഎസ്എസ് ബ്രാഹ്മണ താൽപ്പര്യംമാത്രമാണ് സംരക്ഷിക്കുന്നത്. ഇവർക്കെതിരെ കർണാടകത്തിൽ പുതിയൊരു ശക്തി ഉയർന്നു വരുമെന്നതിൽ സംശയമില്ല.

രാജ്യത്തെ മതേതരത്വവും സാഹോദര്യവും സംരക്ഷിക്കാൻ ആർഎസ്എസിനെ എതിർത്ത് തോൽപ്പിച്ചേ മതിയാകൂവെന്ന് സുധീർകുമാർ പറഞ്ഞു. സിപിഐ എം കേരളത്തിൽ ഉള്ളതുകൊണ്ടാണ് ആർഎസ്എസിന്റെ കളികൾ നടക്കാത്തത്–- അദ്ദേഹം പറഞ്ഞു.

സാഹിത്യ സാംസ‌്കാരിക കൂട്ടായ‌്മയായ ജനനുഡി പ്രകാശ‌് രാജ‌് ഉദ‌്ഘാടനം ചെയ‌്തു. ഹൈക്കോടതി റിട്ട. ജഡ‌്ജി എച്ച‌് എൻ നാഗമോഹൻ ദാസ‌്, ഡോ. ഹസീന കാദിരി, വിനയ ഒക്കുണ്ട, ഡോ. എം ദേവദാസ‌് എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top