21 October Sunday

നിലയ്ക്കാത്ത രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ നടപടികളും

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017


കൊച്ചി > ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ദുരിതത്തിലായ തീരമേഖലയില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ നടപടികളും സജീവമായി തുടരുന്നു. ബുധനാഴ്ച നാവികസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവയടക്കമുള്ള ഏജന്‍സികള്‍ അപകടത്തില്‍പ്പെട്ട 35 പേരെക്കൂടി രക്ഷപ്പെടുത്തി. ഇതുകൂടാതെ ദുരന്തത്തിനുമുമ്പ് കടലില്‍ പോയ 14 ബോട്ടുകളിലെ 155 പേര്‍ സുരക്ഷിതരായി തിരിച്ചെത്തി.

പുറങ്കടലില്‍പ്പെട്ട രണ്ടു ബോട്ടുകളിലെ 23 പേരെ തീരസംരക്ഷണസേനയുടെ കപ്പലുകള്‍ രക്ഷപ്പെടുത്തി തോപ്പുംപടി ഹാര്‍ബറില്‍ എത്തിച്ചു. ഇതില്‍ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ചാര്‍ലി (40) മാത്രമാണ് മലയാളി. കൊല്‍കൊത്ത സ്വദേശി ഗൌര്‍ (26), തമിഴ്നാട് സ്വദേശികളായ ഷിനു (26), ഡഗ്ളസ് (45), ലോറന്‍സ് (45), അരുള്‍ദാസ് (37),  ഷെറിന്‍ (19), , നിശാന്ത് (19),  സെല്‍വരാജ്, ജോസ് (38),  ജോസ് (47), അന്തോണി(31), അസം സ്വദേശി ഇസ്മയില്‍ എന്നിവരാണ് ആദ്യ ബോട്ടിലുണ്ടായിരുന്നവര്‍. തമിഴ്നാട് സ്വദേശികളായ ആന്റണി (30) സഫ്തിമ, ബിബുകി സൈക്ക (24), സൈപ്ളസ് (39), മരിയ ദാസന്‍ (43), ആന്റണി (48), സ്റ്റീഫന്‍ (41) പതിസയന്‍ (35) അദിത് (18) ജന്‍സണ്‍ (18) വിഴിഞ്ഞം സ്വദേശി ചാര്‍ലി എന്നിവരാണ് രണ്ടാമത്തെ ബോട്ടില്‍ ഉണ്ടായിരുന്നത്. രണ്ടു ബോട്ടുകളും കെട്ടിവലിച്ച് തീരത്ത് എത്തിച്ചു.
എടവനക്കാട് മേഖലകളില്‍ അമ്പതോളം വീടുകളിലെ ശൌചാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. വീടുകളില്‍ അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കുന്ന പ്രവര്‍ത്തനം തുടരുന്നു. ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷന്‍ അടക്കമുള്ള സംഘടനകളും ശുചീകരണത്തിനിറങ്ങി.

12 ടാങ്കറുകളാണ് സെപ്റ്റിക്ടാങ്ക് ശുചീകരണത്തിനായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ രംഗത്തിറങ്ങിയത്. 10 ടാങ്കറുകള്‍ ചെല്ലാനം മേഖലയിലും രണ്ടു ടാങ്കറുകള്‍ നായരമ്പലം മേഖലയിലുമാണ് ശുചീകരണം നടത്തുന്നത്. പ്രദേശങ്ങളില്‍ കുമ്മായം ഉപയോഗിച്ച് അണുനശീകരണം നടത്തി. ചെല്ലാനത്ത് എല്ലാ റേഷന്‍കടകളിലും അരി ലഭ്യമാക്കിയതായി ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു. ഇതിനിടെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച നാല് മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായോ ഭാഗീകമായോ തകര്‍ന്ന വീടുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് കലക്ടര്‍  കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തബാധിത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഷീലാദേവി, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ സിജു തോമസ്, ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ ഭാഗമായുള്ള പ്രത്യേക രക്ഷാപ്രവര്‍ത്തനസംഘത്തിന് കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തും പുറത്തുനിന്നുമുള്ള മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള ഊര്‍ജിതശ്രമങ്ങളാണ് ഇവര്‍ നടത്തുക. പൊലീസ്, റവന്യൂ, ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, നാവികസേന എന്നിവയില്‍നിന്നുള്ള അംഗങ്ങളാണ് സംഘത്തിലുള്ളത്.

ചെല്ലാനത്ത് സിപിഐ എം നേതൃത്വത്തില്‍ ശുചീകരണം
പള്ളുരുത്തി > ചെല്ലാനത്ത് കടല്‍ക്ഷോഭത്തില്‍ മാലിന്യം അടിഞ്ഞുകൂടിയ പ്രദേശങ്ങളില്‍ സിപിഐ എം നേതൃത്വത്തില്‍ ശുചീകരണം ആരംഭിച്ചു. 13-ാം വാര്‍ഡില്‍ ജില്ലാ സെക്രട്ടറി പി രാജീവ് ശുചീകരണം ഉദ്ഘാടനംചെയ്തു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, പി എ പീറ്റര്‍, വി ബി രഘു, പി ബി ദാളോ, എം എസ് ശോഭിതന്‍, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, ജില്ലാ പഞ്ചായത്ത് അംഗം ടി വി അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

കടല്‍ക്ഷോഭത്തില്‍ വെള്ളക്കെട്ടില്‍വീണുമരിച്ച റെക്സന്റെ വീട്ടില്‍നിന്നാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വി എം ജുനൈദിന്റെയും ഡിവൈഎഫ്ഐ പള്ളുരുത്തി ബ്ളോക്ക് സെക്രട്ടറി എന്‍ എസ് സുനീഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ഥി-യുവജന പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി. 

മണലും ചളിയും കയറി അടഞ്ഞ കക്കൂസുകളും കുളിമുറികളും പ്രവര്‍ത്തകര്‍ വൃത്തിയാക്കി. വീടിനുള്ളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കി ബ്ളീച്ചിങ്പൌഡര്‍ വിതറി വൃത്തിയാക്കി. ആശാ വര്‍ക്കര്‍മാരും കുടുംബശ്രീപ്രവര്‍ത്തകരും ശുചീകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കടല്‍കയറ്റത്തിന്റെ ശക്തിയില്‍ തകര്‍ന്ന മണല്‍വാടകള്‍ നിര്‍മിക്കാനും തകര്‍ന്നുവീണ കല്ലുകള്‍ പുനഃസ്ഥാപിക്കാനും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജെസിബിയും കക്കൂസ്മാലിന്യം കയറ്റിക്കൊണ്ടുപോകാന്‍ പ്രത്യേകം വാഹനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെന്റ് മേരീസ് സ്കൂളില്‍ ക്യാമ്പ് തുടരുന്നുണ്ട്. വീടും പരിസരവും വൃത്തിയായതിനുശേഷം ക്യാമ്പിലുള്ളവര്‍ വീടുകളിലേക്കു മാറി താമസിക്കും.

ജില്ലയില്‍ 9 കോടിയുടെ നഷ്ടം
കൊച്ചി > ഓഖി ചുഴലിക്കാറ്റും കടല്‍ക്ഷോഭവുംദുരിതംവിതച്ച കടലോരമേഖലയ്ക്ക് ആശ്വാസംപകരുന്ന സമഗ്രസഹായ പാക്കേജ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ എസ് ശര്‍മ എംഎല്‍എയുടെയും കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെയും നേതൃത്വത്തില്‍ കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. ജില്ലയില്‍ ഒമ്പതുകോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇത് വര്‍ധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. 10, 11 തീയതികളില്‍ ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്ക് പാക്കേജ് സമര്‍പ്പിക്കുമെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു.

കടല്‍ഭിത്തിനിര്‍മാണം, പുലിമുട്ട്, സംരക്ഷണഭിത്തി നിര്‍മാണം, കടലാക്രമണത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം, വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കല്‍, ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിന് ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കും.

കടല്‍ഭിത്തികളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജലസേചനവകുപ്പ് പ്രത്യേകപദ്ധതിനിര്‍ദേശം സമര്‍പ്പിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. നൂറു മീറ്ററെങ്കിലും ദൂരത്തിലായിരിക്കണം സംരക്ഷണഭിത്തി നിര്‍മിക്കേണ്ടത്. പുലിമുട്ടിന്റെയും കടല്‍ഭിത്തിയുടെയും നിര്‍മാണത്തിന് പ്രത്യേകപഠനം ആവശ്യമാണ്. ചെന്നൈ ഐഐടിയുമായി ചര്‍ച്ചചെയ്ത് സാങ്കേതികവശങ്ങള്‍ തീരുമാനിക്കാമെന്ന് എംഎല്‍എ അറിയിച്ചു. കടല്‍ഭിത്തിയുടെ ഉയരവും വീതിയും വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ സഹായവും ലഭ്യമാക്കണം. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം. ഒരാഴ്ചത്തേക്ക് കുടുംബത്തിന് നിശ്ചിതതുക ധനസഹായം നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.

വെളിയത്താംപറമ്പ്, എടവനക്കാട്, ആറാട്ടുവഴി തുടങ്ങിയ സ്ഥലങ്ങളില്‍ റോഡുകള്‍ തകര്‍ന്നു. വൈപ്പിന്‍-മുനമ്പം തീരദേശപാതയുടെ നിര്‍മാണത്തിനായി സര്‍ക്കാര്‍ 75 കോടി അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്നറോഡുകള്‍ ഉടന്‍ പുനര്‍നിര്‍മിക്കണം. വീടുകള്‍ തകര്‍ന്നവര്‍ക്ക് വാടകയ്ക്ക് വീടുകള്‍ ഏര്‍പ്പാടാക്കണം. കല്‍വെര്‍ട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കണം. കടലില്‍നിന്ന് അടിച്ചുകയറുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് ഇടത്തോടുകളുടെ ആഴം വര്‍ധിപ്പിക്കണം. 

കൊച്ചി, മുനമ്പം അഴിമുഖങ്ങള്‍വഴി കടലിലേക്ക് പോകുന്ന മത്സ്യബന്ധനബോട്ടുകളുടെയും മത്സ്യത്തൊഴിലാളികളുടെയും കൃത്യമായ വിവരം ശേഖരിക്കുന്നതിന് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശമുയര്‍ന്നു. ഞാറക്കലില്‍ 180 മീറ്ററോളം പ്രദേശത്ത് കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്. എടവനക്കാടിനെ പരിസ്ഥിതിദുര്‍ബല പ്രദേശമായി കണക്കാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കണം. തീരദേശറോഡുകള്‍ക്ക് കുറുകെ കല്‍വെര്‍ട്ടുകള്‍ നിര്‍മിക്കണമെന്നും ആവശ്യമുയര്‍ന്നു.
ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഷീല ദേവി, ജനപ്രതിനിധികള്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top