Top
18
Monday, December 2017
About UsE-Paper

രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം : മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം> ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ ആളുകളോടും പ്രത്യേകം നന്ദി പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളതീരത്ത് ചുഴലി ആഞ്ഞടിക്കുമ്പോള്‍ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ കടലിലുണ്ടായിരുന്നു. നാവികസേനയും വ്യോമസേനയും കോസ്റ്റ്ഗാര്‍ഡും യോജിച്ചു നടത്തിയ തെരച്ചിലില്‍ 1130 മലയാളികളടക്കം 2600ഓളം പേരെ രക്ഷപ്പെടുത്തി. ആഴക്കടലില്‍ ഇത്രയും വിപുലവും സാഹസികവുമായ രക്ഷാപ്രവര്‍ത്തനം ഇതിനു മുമ്പുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ പ്രതിരോധ വിഭാഗങ്ങളോട് സര്‍ക്കാര്‍ നന്ദി പ്രകടിപ്പിക്കുന്നു. കടലില്‍ ആ സമയത്തുണ്ടായിരുന്ന കപ്പലുകളും ഇതര ബോട്ടുകളും മത്സ്യതൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ ആകാവുന്ന സഹായം ചെയ്തു.

കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും അല്‍ഫോണ്‍സ് കണ്ണന്താനവും കേരളത്തില്‍ വരികയും രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തതിന് പ്രത്യേക നന്ദി അറിയിക്കുന്നു. ദുരന്തത്തെ ഒരേമനസോടെ ഒന്നായിനിന്ന് പരിഹരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളജനത ഒന്നടങ്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പിന്തുണയാണ് നല്‍കിയത്.

മാധ്യമങ്ങളും പൊതുവെ നല്ല പിന്തുണ നല്‍കി. ചില മാധ്യമങ്ങള്‍ സ്വീകരിച്ച നടപടി കേരളത്തിന്റെ പൊതുവികാരത്തിന് ഒപ്പമുള്ളതായിരുന്നൊ എന്ന ആത്മപരിശോധന അവര്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ആത്മപരിശോധന ഭാവിയില്‍ അവര്‍ക്കുതന്നെ പ്രയോജനപ്പെടും. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കടലോര ജനത അനുഭവിക്കുന്ന ദുരിതം പരിഹരിക്കുന്നതിന് എല്ലാവിധ ജനവിഭാഗങ്ങളുടെയും അകമഴിഞ്ഞ സഹായവും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.