17 October Wednesday

കടലിലെ മാറ്റം നിരീക്ഷിക്കാനുള്ള കേന്ദ്രസംവിധാനം ഫലപ്രദമല്ല

ദിലീപ് മലയാലപ്പുഴUpdated: Thursday Dec 7, 2017


തിരുവനന്തപുരം > ഇന്ത്യന്‍ മഹാസമുദ്രത്തിലെയും അറബിക്കടലിലെയും മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന് ആക്ഷേപം. ഇത്തരം സംവിധാനങ്ങള്‍ മികച്ചതായിരുന്നെങ്കില്‍ ഓഖി ചുഴലിക്കൊടുങ്കാറ്റ് ദിവസങ്ങള്‍ക്ക് മുമ്പു പ്രവചിക്കാനാകുമായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചെങ്കിലും കേന്ദ്ര  ഭൌമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്ര (ഐഎംഡി)മടക്കമുള്ള സ്ഥാപനങ്ങള്‍ ഗൌരവമായി കണ്ടില്ല. മോഡലിങ്ങിലുള്ള പരാജയവും ചുഴലിക്കൊടുങ്കാറ്റ് മുന്‍കൂട്ടി കാണാന്‍ തടസ്സമായി. അത്യന്താധുനിക സംവിധാനങ്ങളുള്ള ഇക്കാലത്ത് 'അപ്രതീക്ഷിതമായി രൂപപ്പെട്ട'താണ് ഓഖി ചുഴലിക്കാറ്റെന്ന പരിഹാസ്യമായ വാദഗതിവരെ കേന്ദ്ര കാലാവസ്ഥാവകുപ്പിലെ ചിലര്‍ ഉന്നയിക്കുന്നു.

കടലിലെ മാറ്റങ്ങള്‍ പഠനവിധേയമാക്കി മുന്നറിയിപ്പ് നല്‍കുന്ന കേന്ദ്രസ്ഥാപനമായ ദേശീയ സമുദ്രതല വിവരസേവനകേന്ദ്രവും (ഇന്‍കോയ്സ്) ഫലപ്രദമായ മുന്നറിപ്പ് നല്‍കാനായില്ല. സമുദ്രജലപ്രവാഹങ്ങള്‍, സമുദ്രത്തിലെ മര്‍ദവ്യത്യാസം, താപവ്യതിയാനം, തിരമാല, കാറ്റ് തുടങ്ങിയവയടക്കം നിരവധി കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കുന്ന സ്ഥാപനമാണിത്. സുനാമി ദുരന്തത്തിനു ശേഷമാണ് സ്ഥാപനം നിലവില്‍ വന്നത്. ഉപഗ്രഹാധിഷ്ഠിത സംവിധാനങ്ങളുടെ സഹായത്തോടെയാണിത്. കടലില്‍ സ്ഥാപിച്ചിട്ടുള്ള 'ബോയ്' പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് തെക്കന്‍ മേഖലയില്‍ ഈ സ്ഥാപനത്തിന്റെ നിരീക്ഷണവും മറ്റും ഫലപ്രദമല്ലെന്ന് ആക്ഷേപമുണ്ട്.

പ്രധാന വാർത്തകൾ
Top